കേരളം മാത്രമാണ് മാനവികതയുടെ നാട്, ബിജെപി പണം കൊടുത്ത് വാങ്ങിയതിൽ പാതിയും കോൺഗ്രസുകാരെന്നും യെച്ചൂരി
മാനവികതയുടെ നാട് കേരളം മാത്രമാണ്. അതിനെ തകർക്കാനാണ് ശ്രമം നടക്കുന്നത്
കണ്ണൂർ: കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുലക്കുന്നതായി അദ്ദേഹം കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു. തൊഴിലാളികൾ, വിദ്യാർത്ഥികൾ, കർഷകർ എന്നിവർ സമരം ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ വർഗ്ഗീയ കലാപങ്ങൾ അഴിച്ചുവിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാനവികതയുടെ നാട് കേരളം മാത്രമാണ്. അതിനെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പണം കൊടുത്ത് വാങ്ങിയ 50 ശതമാനം രാഷ്ട്രീയക്കാരും പഴയ കാല കോൺഗ്രസുകാരാണ്. ഇഡിയെയും സിബിഐയെയും കേന്ദ്രം ദുരുപയോഗം ചെയ്തു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രമെന്നാൽ മഹാഭാരതവും രാമായണവും മാത്രമെന്ന് അവർ കുട്ടികളെ പഠിപ്പിക്കുന്നു. സിപിഎം ബിജെപി ഡീൽ ആരോപണത്തെ ഒ രാജഗോപാലിന്റെ പ്രസ്താവന ഉയർത്തി അദ്ദേഹം പ്രതിരോധിച്ചു. കോൺഗ്രസ് വോട്ടു കൊണ്ടാണ് ജയിച്ചതെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞതാണെന്നും ഇതിൽ നിന്ന് തന്നെ ആരൊക്കെ തമ്മിലാണ് ഡീൽ എന്ന് വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.