വൈക്കത്ത് ഇക്കുറി ഏത് മുന്നണി ജയിച്ചാലും ഒന്നുറപ്പ്, എംഎൽഎ വനിതയായിരിക്കും
എൽഡിഎഫ് ടിക്കറ്റിൽ സി കെ ആശ, യുഡിഎഫിനായി പി ആർ സോന, എൻഡിഎ പരീക്ഷണത്തിൽ അജിത സാബു. ഇതോടെ ഒരു കാര്യം ഉറപ്പ്. കേരള നിയമസഭയിൽ വൈക്കത്തിനായി ഉയരുന്നത് ഒരു പെൺ ശബ്ദമായിരിക്കും.
കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വൈക്കം മണ്ഡലത്തിലെ വോട്ടർമാർക്ക് ഒരു കാര്യം ഉറപ്പിക്കാം. ഏത് സ്ഥാനാർഥി ജയിച്ചാലും അവരുടെ എംഎൽഎ വനിത ആയിരിക്കും. മൂന്ന് മുന്നണികളിൽ നിന്നും വനിത സ്ഥാനാർഥികൾ അങ്കം കുറിക്കുന്ന സംസ്ഥാനത്തെ ഏക നിയോജക മണ്ഡലമാണ് വൈക്കം
എൽഡിഎഫ് ടിക്കറ്റിൽ സി കെ ആശ, യുഡിഎഫിനായി പി ആർ സോന, എൻഡിഎ പരീക്ഷണത്തിൽ അജിത സാബു. ഇതോടെ ഒരു കാര്യം ഉറപ്പ്. കേരള നിയമസഭയിൽ വൈക്കത്തിനായി ഉയരുന്നത് ഒരു പെൺ ശബ്ദമായിരിക്കും. 5 വർഷത്തെ തന്റെ വികസന നേട്ടങ്ങളും, നിയമസഭയിലെ അനുഭവ സമ്പത്തും ചൂണ്ടിക്കാട്ടിയാണ് ആശ ഇത്തവണ പോരിനിറങ്ങുന്നത്.
കഴിഞ്ഞ തവണ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആശ യുഡിഎഫിലെ എ സനീഷ് കുമാറിനെ പരാജയപ്പെടുത്തിയത്. ഇത്തവണ എതിർ സ്ഥാനാർഥികൾ വനിതകൾ ആയതിന്റെ ആവേശവും ആശ മറച്ചു വെക്കുന്നില്ല.
മണ്ഡലത്തിലെ വികസന മുരടിപ്പാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കം കുറിക്കുന്ന കോട്ടയം നഗരസഭയുടെ മുൻ ചെയർപേഴ്സൺ ആയ സോനയുടെ പ്രചാരണ ആയുധം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ബി ഡി ജെ എസ് സ്ഥാനാർഥി അജിത ബാബുവിന്റെ ഉറപ്പ്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അപ്പുറം സ്ത്രീകളുടെ ഉന്നമനത്തിനും വിവിധ പദ്ധതികൾക്കും മുഖ്യ പരിഗണന നൽകുമെന്നാണ് മൂന്നു പേരുടെയും ഉറപ്പ്.