പരാതികൾ കെപിസിസി ചർച്ച ചെയ്യുമെന്ന് സുധാകരന്റെ ഉറപ്പ്; രണ്ട് ദിവസം കാത്തിരിക്കാമെന്ന് ഗോപിനാഥ്
കോൺഗ്രസിൽ രണ്ട് തരം നേതാക്കളുണ്ട് അണികളില്ലാത്തവരും അണികളുള്ളവരും. അണികളില്ലാത്ത നേതാവല്ല അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ നേതൃത്വം തൊട്ടറിയുമെന്നും പരിഹാരമുണ്ടാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു.
പാലക്കാട്: റിബൽ ഭീഷണിയുയർത്തിയ എ വി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരൻ. അനുയോജ്യമായ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരൻ ഗോപിനാഥിനെ അറിയിച്ചു. ഇതോടെ പാലക്കാട്ടെ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുകയാണ്.
പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചർച്ച നടന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ വിഎസ് വിജയരാഘവൻ, കെ അച്യുതൻ, വി സി കബീർ, കെ എ ചന്ദ്രൻ എന്നിവരും വീട്ടിലെത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ കരുത്തരായ നേതാക്കളിലൊരാളാണ് ഗോപിയെന്ന് കെ സുധാകരൻ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
കോൺഗ്രസിൽ രണ്ട് തരം നേതാക്കളുണ്ട് അണികളില്ലാത്തവരും അണികളുള്ളവരും. അണികളില്ലാത്ത നേതാവല്ല അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ നേതൃത്വം തൊട്ടറിയുമെന്നും പരിഹാരമുണ്ടാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു. ഒരു പോറലുമേൽക്കാതെ പാലക്കാട്ടെ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നാണ് സുധാകരന്റെ ആത്മവിശ്വാസം.
കെപിസിസി നേതൃത്വത്തിന് തീരുമാനമെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് സുധാകരൻ ചോദിച്ചിരിക്കുന്നത്. അനുകൂല തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രശ്നപരിഹാരത്തിനായി കാത്തിരിയ്ക്കുമെന്ന് ഗോപിനാഥും വ്യക്തമാക്കി. തീരുമാനമായില്ലെങ്കിൽ സ്വന്തം നിലപാടുമായി മുന്നോട്ട് പോകുമെന്നും ഇതു വരെയുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.