'ബിജെപി വോട്ട് സിഒടി നസീറിന്', തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരൻ
സിഒടി നസീറിനെ പിന്തുണക്കുകയെന്നതാണ് തീരുമാനം. ബിജെപി വോട്ട് സിഒടി നസീറിന് തന്നെയാണെന്നും മുരളീധരൻ
കണ്ണൂര്‍: എൻഡിഎക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി മുതിര്‍ന്ന നേതാവ് വി മുരളീധരൻ. തലശേരിയിൽ ബിജെപി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ പിന്തുണക്കാനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ കമ്മറ്റിയെക്കാൾ വലുത് സംസ്ഥാന നേതൃത്വമാണ്. ബിജെപി വോട്ട് സിഒടി നസീറിന് തന്നെയാണെന്നും മുരളീധരൻ ആവര്‍ത്തിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് ബിജെപി ജില്ലാ നേതൃത്വം നിര്‍ദ്ദേശം നൽകിയിരുന്നു. ഇതാണ് മുതിര്‍ന്ന നേതാവ് തള്ളിയതെന്നത്ശ്രദ്ധേയമാണ്.
ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള തലശ്ശേരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രതിസന്ധിയായത്. ബിജെപിയോട് പരസ്യമായി പിന്തുണ ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ പിന്തുണക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് വേണ്ടെന്ന് വെച്ച നസീർ, ബിജെപിയുടെ പരസ്യ പിന്തുണ തന്റെ ഒപ്പമുള്ളവരെ തളർത്തിയെന്നും പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴയായിരുന്നുവെന്നും പ്രഖ്യാപിക്കുകയായിരുന്നു.