കുട്ടനാട്ടിൽ ജയിക്കില്ലെന്ന സർവ്വേകളെ തള്ളി ടി പി പീതാംബരൻ; കേരളത്തിൽ എൽഡിഎഫ് വീണ്ടും വരുമെന്ന് പ്രഫുൽ പട്ടേൽ
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ്സിലെ കൂടുതൽ നേതാക്കൾ എൻസിപിയിലേക്കെത്തുമെന്നും പ്രഫുൽ പട്ടേൽ കൊച്ചിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ/ കൊച്ചി: കുട്ടനാട്ടിൽ ജയിക്കില്ലെന്ന സർവ്വേ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ. സർവ്വേ സൂചന മാത്രമാമെന്നും ജയിക്കുമെന്ന് പറഞ്ഞാൽ പോലും വെറുതേ ഇരിക്കാനാകുമോ എന്നുമാണ് പീതാംബരൻ മാസ്റ്റർ ചോദിക്കുന്നത്. എൻസിപിയുടെ സീറ്റ് കുറഞ്ഞത് പുതിയ കക്ഷികൾക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയാണെന്നും അത് നഷ്ടമായി കണക്കാക്കുന്നില്ലെന്നും എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പറഞ്ഞു.
മുന്നണിയിലും മന്ത്രിസഭയിലും എൻസിപിക്ക് നല്ല പരിഗണന കിട്ടുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. കേരളത്തിൽ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നാണ് എൻസിപി ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്. ബിജെപി-സിപിഎം ധാരണ എന്ന പേരിൽ എൽഡിഎഫിനെതിരെ നടക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എൻസിപി ദേശീയ സെക്രട്ടറി പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ്സിലെ കൂടുതൽ നേതാക്കൾ എൻസിപിയിലേക്കെത്തുമെന്നും പ്രഫുൽ പട്ടേൽ കൊച്ചിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.