മോദി - അദാനി - പിണറായി കൂട്ടുകെട്ടാരോപിച്ച് ചെന്നിത്തല; കരാറിൻ്റെ രേഖ പുറത്ത് വിട്ടു
മോദി - അദാനി - പിണറായി കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്ലിൻ കേസിലെ നടപടികൾ വൈകിക്കുന്നതെന്നും ആക്ഷേപിക്കുന്നു. 28 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നാണ് ആരോപണം
തൊടുപുഴ: കെഎസ്ഇബി - അദാനി അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല പറയുന്നു.
അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 17-3-2021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെഎസ്ഇബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്. - ചെന്നിത്തല ആരോപിക്കുന്നു.
താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് പറഞ്ഞ ചെന്നിത്തല വൈദ്യുതി വാങ്ങുന്നത് 3.04 രൂപയ്ക്കാണെന്നും മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്നും ആരോപിച്ചു. മോദി - അദാനി - പിണറായി കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്ലിൻ കേസിലെ നടപടികൾ വൈകിക്കുന്നതെന്നും ആക്ഷേപിക്കുന്നു. 28 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നാണ് ആരോപണം.
ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല നിശിതമായി വിമർശിച്ചു. 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമുണ്ടെന്ന് പറയുന്ന അത്ഭുതം സൃഷ്ടിച്ചയാളാണ് തോമസ് ഐസക്കെന്നാണ് ചെന്നിത്തലയുടെ പരിഹാസം.
നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തതെന്നും സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണെന്നാണ് ആക്ഷേപം.