'അൻവറിന് വിജയസാധ്യത', വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഎം
നാട്ടിലില്ലാത്ത അന്‍വര്‍ തന്നെ നിലന്പൂരില്‍ മല്‍സരിക്കട്ടെയെന്ന നിലപാടിലാണ് സിപിഎം
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിവി അൻവര്‍ എംഎല്‍എയുടെ അസാന്നിധ്യം നിലമ്പൂരില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്ഥാനാര്‍ത്ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അൻവറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.
രണ്ട് മാസങ്ങളായി പി.വി അൻവര്‍ എം.എല്‍.എ നിലമ്പൂരില്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്‍റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തില്ല. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉത്ഘാടനങ്ങളിലും അദ്ദേഹത്തിന്‍റെ അസാനിദ്ധ്യം ശ്രദ്ധേയമായി. ഒടുവില്‍ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി. താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം.
എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന്‍റെ മടങ്ങിവരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടയില്‍ പകരം സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ നേതാവായ വിഎം ഷൗക്കത്തിന്‍റേതടക്കം ചില പേരുകളും മണ്ഡലത്തില്‍ പ്രചരിച്ചു. എന്നാല്‍ വിജയ സാധ്യത പിവിഅൻവറിന് തന്നെയാണെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഈ ആഴ്ച്ച അവസാനത്തോടെ പിവി അൻവര്‍ നാട്ടിലെത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. പക്ഷെ അപ്പോഴും ഏഴ് ദിവസത്തെ ക്വാറന്‍റീനും കഴിഞ്ഞുമാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാനാവൂ.