സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ പയ്യന്നൂർ ഇത്തവണ ആർക്കൊപ്പം; ആവേശം കുറയാതെ പ്രചാരണം
ഉത്തരകേരളത്തിൽ സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ പയ്യന്നൂരിൽ പാർട്ടി ഇറക്കിയത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഐ മധുസൂധനനെയാണ്. ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയാണ് യുഡിഎഫ് സ്ഥാനാർത്ഥി.
പയ്യന്നൂർ: ഉത്തരകേരളത്തിൽ സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ പയ്യന്നൂരിൽ പാർട്ടി ഇറക്കിയത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഐ മധുസൂധനനെയാണ്. ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയാണ് യുഡിഎഫ് സ്ഥാനാർത്ഥി.
സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി പല ചരിത്ര മുഹൂർത്തങ്ങൾക്കും വേദിയായ മണ്ണാണ് പയ്യന്നൂർ. കടലോരവും മലയോരവും അതിരിടുന്ന പയ്യന്നൂർ ഒട്ടനവധി കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. മണ്ഡലത്തിന്റെ ചായ്‍വ് എക്കാലവും ഇടത്തേക്കാണ്.
രാഷ്ട്രീയത്തിനപ്പുറം സുഹൃദബന്ധങ്ങളുള്ള യുഡിഎഫ് സ്ഥാനാർത്ഥി പ്രദീപ് നല്ലൊരു നാടൻ പാട്ട് കലാകാരനാണ്. കോണ‍്‍ഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ കെകെ ശ്രീധരനാണ് എൻഡിഎ സ്ഥാനാർത്ഥി. 2016ൽ എൽഡിഎഫിന് 40263 ഭൂരിപക്ഷമുണ്ടായിരുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ 26131 ആയി കുറയ്ക്കാനായതാണ് യുഡിഎഫ് ആത്മവിശ്വാസം. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 42310 ആയി ഉയർത്തി.
അഞ്ച് പഞ്ചായത്തും പയ്യന്നൂർ നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഐക്യമുന്നണിക്ക് ആകെ സ്വാധീനമുള്ളത് ചെറുപുഴ, രാമന്തളി പഞ്ചായത്തുകളിൽ മാത്രം. അക്രമരാഷ്ട്രീയം യുഡിഎഫ് ചർച്ചയാക്കുമ്പോൾ വികസനം പറഞ്ഞാണ് ഇടത് മുന്നണി വോട്ട് ചോദിക്കുന്നത്.