'രണ്ട് ടേം വ്യവസ്ഥ പാലിക്കണം'; നാല് മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പ്

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എതിര്‍പ്പുയര്‍ന്നത്. മത്സരിക്കുന്നതില്‍ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദേശം. 

opposition on four ministers again contest in assembly election

തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ വിജയിച്ചവരെ തെരഞ്ഞെടുപ്പില്‍ മാറ്റി നിർത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. ഇപി ജയരാജൻ, എകെ ബാലൻ, തോമസ് ഐസക്ക്, ജി സുധാകരൻ അടക്കം വമ്പൻമാർക്കാണ് ഇതോടെ സാധ്യതയടയുന്നത്. ഇപി ജയരാജനും, സി രവീന്ദ്രനാഥും മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. 

രണ്ടുതവണ എന്നതിൽ നിന്നും തുടർച്ചയായി രണ്ടുതവണ എന്ന വ്യവസ്ഥയാണ് മറ്റ് മന്ത്രിമാർക്ക് രക്ഷയായത്. എംഎം മണി, കടകംപള്ളി സുരേന്ദ്രൻ, മേഴ്സികുട്ടിയമ്മ, എസി മൊയ്തീൻ, ടിപി രാമകൃഷ്ണൻ തുടങ്ങിയവർക്ക് പാർട്ടി നയം ബാധകമാകില്ല. അപ്പോഴും ഇവരുടെ സ്ഥാനാർത്ഥിത്തം ഉറപ്പാകാൻ ഇനിയും കടമ്പകളുണ്ട്.

മന്ത്രിമാർക്കൊപ്പം എംഎൽഎമാർക്കും ടേം വ്യവസ്ഥ നിർബന്ധമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. എ പ്രദീപ് കുമാർ, രാജു എബ്രഹാം, ഐഷാ പോറ്റി, ബി ഡി ദേവസി അടക്കം പത്തിലേറെ എംഎൽഎമാർക്കും നിലവിലെ തീരുമാനത്തിൽ വഴിയടയുകയാണ്. നാളെ സംസ്ഥാന സമിതി കൂടി ചർച്ചചെയ്ത ശേഷമാകും അന്തിമ തീരുമാനം.

അതേസമയം എൽഡിഎഫിൽ സീറ്റ് വിഭജന പ്രശ്നങ്ങൾ തുടരുകയാണ്. കുന്നത്തൂർ സീറ്റിൽ സിപിഐയും അവകാശവാദം ഉന്നയിക്കും. ചവറ സിപിഎം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് സിപിഐ നീക്കം. എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലും പരസ്യ പോര് മുറുകി. എകെ ശശീന്ദ്രന് സീറ്റ് നൽകുന്നതിലാണ് ഒരു വിഭാഗത്തിന്‍റെ എതിർപ്പ്. തർക്കങ്ങൾ പരിഹരിച്ച് മാർച്ച് ഒൻപതിനകം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം.

Latest Videos
Follow Us:
Download App:
  • android
  • ios