പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി; നേമം ചര്‍ച്ചകൾ വഴിമുട്ടി, ഹൈക്കമാന്‍റ് നിലപാട് നിര്‍ണ്ണായകം

11 തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പുതുപ്പള്ളിയിലാണ്. ഇനി മത്സരിക്കുന്നെങ്കിലും അത് പുതുപ്പള്ളിയിൽ തന്നെ ആയിരിക്കുമെന്നും ഉമ്മൻചാണ്ടി. 

oommen chandy reaction on nemam candidate

ദില്ലി: നേമത്തെ മത്സര സാധ്യതയിൽ നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. 11 തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പുതുപ്പള്ളിയിലാണ്. ഇനി മത്സരിക്കുന്നെങ്കിലും അത് പുതുപ്പള്ളിയിൽ തന്നെ ആയിരിക്കുമെന്നും ഉമ്മൻചാണ്ടി ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അമ്പത് വർഷത്തിലേറെയായി  പുതുപ്പള്ളിയിൽ ആണ് ജനവിധി തേടിയത് . മറ്റ് മണ്ഡലത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വമ്പൻമാരും കൊമ്പൻമാരും മത്സരത്തിന് ഉണ്ടാകുമെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഇത് വരെ ഒരേ ഒരു മണ്ഡലത്തിലേ മത്സരിച്ചിട്ടുള്ളു. അതിനിയും അങ്ങനെ ആയിരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

നേമം ഏറ്റെടുക്കരുതെന്ന സമ്മര്‍ദ്ദം എ ഗ്രൂപ്പ് ശക്തമാക്കിയതായാണ് വിവരം. രാഷ്ട്രീയമായ വെല്ലുവിളി ഈ ഘട്ടത്തിൽ ഏറ്റെടുക്കുന്നത് ബുദ്ധിയാകില്ലെന്ന വിലയിരുത്തലാണ് ഗ്രൂപ്പിന് ഉള്ളത്. കാരണം രാഷ്ട്രീയ സാഹചര്യം പണ്ടുണ്ടായിരുന്നത് പോലെ അല്ല നേമത്ത് നിലവിലുള്ളത്. കരുത്തനായ നേതാവിനെ കോൺഗ്രസ് രംഗത്തിറക്കിയാൽ തന്നെ എതിരാളികൾ ഒരുമിച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചേക്കുമെന്ന മുന്നറിയിപ്പും ആശങ്കകളുമെല്ലാം ഗ്രൂപ്പ് ചര്‍ച്ചകളിൽ സജീവവുമാണ്. 

പ്രശസ്തനായ സ്വീകാര്യനായ വ്യക്തി പുതുപ്പള്ളിയിൽ മത്സരത്തിന് ഉണ്ടാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെ പ്രതികരണം.. കേരളത്തിലെ ഗുജറാത്താണ് നേമം എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അവിടെ ജയിക്കാനുള്ള തന്ത്രങ്ങളും തീരുമാനങ്ങളും കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മുല്ലപ്പള്ളി വിശദീകരിക്കുന്നു.  എന്നാൽ നേമത്ത് ഉമ്മൻചാണ്ടിയല്ലാതെ മറ്റൊൾ മത്സരിച്ചാൽ ജയിക്കില്ലെന്ന പ്രചാരണം ബിജെപിക്ക് അനാവശ്യ മൈലേജ് ഉണ്ടാക്കിക്കൊടുക്കാനേ ഉപകരിക്കു എന്ന ചര്‍ച്ചയും എ ഗ്രൂപ്പിനകത്ത് ശക്തമാണ്. 

കെസി വേണുഗോപാലിന്‍റെ വിട്ടിലാണ് സ്ക്രീനിംഗ് കമ്മിറ്റിയോഗം പുരോഗമിക്കുന്നത്. നേമത്തേക്ക് ഇല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞതോടെ ഇനിയാരെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും മത്സര സന്നദ്ധതയിൽ നിന്ന് പിൻമാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കെ മുരളീധരന്‍റെ പേര് സജീവമായ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എംപിമാര്‍ മത്സര രംഗത്ത് വേണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടതുമുണ്ട്.

അതേസമയം ഹൈക്കമാന്‍റ് ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നതും ശ്രദ്ധേയമാണ്. വൈകീട്ട് ആറിനാണ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് സമിതിയോഗം ചേരുന്നത്. നേമത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ച അനിശ്തിതമായി നീളുന്നതിനാൽ അത് തൽക്കാലം മാറ്റിവച്ച് മറ്റ് മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനമാക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി തര്ക്കങ്ങൾ പരമാവധി സ്ക്രീനിംഗ് കമ്മിറ്റിയിൽ തന്നെ പരിഹരിച്ച് തെരഞ്ഞെടുപ്പ് സമിതിയോഗത്തിനെത്താനാണ് ദേശീയ നേതാക്കൾ നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഏറെ തര്‍ക്കം നിലനിൽക്കുന്ന നാലോ അഞ്ചോ മണ്ഡലങ്ങളിൽ സാധ്യത സര്‍വെയുടെ അടിസ്ഥാനത്തിൽ കൂടി തീരുമാനം വരാനാണ് സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios