അയ്യപ്പനെ കുറിച്ച് പിണറായി വിജയൻ പറ‍ഞ്ഞാൽ ആര് വിശ്വസിക്കുമെന്ന് ഉമ്മൻചാണ്ടി

എല്ലാകാലത്തും എതിര്‍ നിലപാട് എടുത്ത് വോട്ടെടുപ്പ് ദിവസം നിലപാട് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും ഉമ്മൻചാണ്ടി ആഞ്ഞടിച്ചു. 

oommen chandy reaction on election day

കോട്ടയം: ജനത്തിന് ഉപകാരം ചെയ്യുന്ന എൽഡിഎഫ് സര്‍ക്കാരിന് അയ്യപ്പനും സര്‍വ ദേവഗണങ്ങളും പിന്തുണക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോളിംഗ് ദിന പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് പറഞ്ഞത് ആര് വിശ്വസിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തി. എൻഎസ്എസ് എല്ലാ കാലത്തും ശബരിമലയിൽ ഒരേ നിലപാടാണ് എടുത്തിരുന്നത്. അതിനെ പോലും മുഖ്യമന്ത്രി വിമർശിക്കുകയാണ് ചെയ്തിരുന്നത്. എല്ലാകാലത്തും എതിര്‍ നിലപാട് എടുത്ത് വോട്ടെടുപ്പ് ദിവസം നിലപാട് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും ഉമ്മൻചാണ്ടി ആഞ്ഞടിച്ചു. 

കടകംപള്ളി ഖേദം പ്രകടിപ്പിച്ചപ്പോൾ പോലും തിരുത്തിച്ച മുഖ്യമന്ത്രി എന്തിനാണ് ഇപ്പോൾ നിലപാട് മാറ്റുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങൾക്കിടയിൽ വന്ന അഭിപ്രായം മാറില്ല. ശബരിമലയിൽ സാധ്യമായ നിയമനടപടികളെല്ലാം യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മോദിയുടെ കോൺഗ്രസ് മുക്ത ഭാരതവും പിണറായിയുടെ ശബരിമല നിലപാടും തെരഞ്ഞെടുപ്പിൽ തള്ളിക്കളയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സര്‍വെ ഫലങ്ങളിൽ പോലും യുഡിഎഫ് അമിത പ്രാധാന്യം കാണാതിരുന്നത് അതുകൊണ്ടാണ്. സര്‍വെകൾ ഗുണം ആണ് ഉണ്ടാക്കിയത് ശരിക്കും യുഡിഎഫിനാണെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. 

പതിവ് പോലെ കുടുംബ സമേതം എത്തിയാണ് പുതുപ്പള്ളിയിലെ സ്കൂളിൽ ഉമ്മൻചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ മറിയാ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിയോട് ഒപ്പം ഉണ്ടായിരുന്നു  

Latest Videos
Follow Us:
Download App:
  • android
  • ios