തുടർഭരണമോ പതിവ് മാറ്റമോ ? നാടും നഗരവും ഇളക്കി മൂന്നാഴ്ച നീണ്ട പ്രചരണത്തിനൊടുവില്‍ സംസ്ഥാനം ഇന്ന് വിധിയെഴുതും

രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്.

kerala to vote today voters of 140 constituencies to choose their representatives

തിരുവനന്തപുരം: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. നാടും നഗരവും ഇളക്കി മൂന്നാഴ്ച നീണ്ട പ്രചരണത്തിനൊടുവില്‍ കേരളം ഇന്ന് വിധിയെഴുതും. വോട്ടെടുപ്പിനായി ബൂത്തുകള്‍ സജ്ജമായി. 2,74,46,309 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. 1,41,62,025  സ്ത്രീകളും 1,32,83,724 പുരുഷൻമാരും ട്രാൻസ്ജെന്റര് വിഭാഗത്തിൽ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുക. 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. 59000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഭരണത്തുടര്‍ച്ചക്ക് വോട്ട് തേടുന്ന ഇടതുമുന്നണിക്കും സിപിഎമ്മിനും രാജ്യത്താകെയുള്ള നിലനിൽപ്പിന്‍റെ കളം കൂടിയാവുകയാണ് കേരള രാഷ്ട്രീയം. ഭരണമാറ്റമെന്ന ചരിത്രം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കിലത് കോൺഗ്രസിനും യുഡിഎഫിനും ചെറുതല്ലാത്ത ക്ഷീണമാകും. കേരളത്തിൽ സാന്നിധ്യമറിയിക്കാനാകുമോ എന്ന് ബിജെപിക്കും നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും പ്രധാനമന്ത്രിയടക്കം ദേശീയ നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിനെത്തിയ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനവും രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 

കൊവിഡ് സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പുറമെ 80 വയസ്സ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍, കൊവിഡ് ബാധിതർ, പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉള്ളവര്‍ എന്നിവർക്കെല്ലാം പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച് വോട്ടിടാനുള്ള അവസരം ഒരുക്കിയിരുന്നു. വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള അവശ്യ സർവ്വീസ് ജീവനക്കാര്‍ക്കും ഇത്തവണ തപാൽ വോട്ടിന് അവസരം കിട്ടി. കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയിൽ ബാലറ്റ് സൗകര്യവും ഇത്തവണ ബൂത്തുകളിൽ സജ്ജമാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios