രാഹുലിന്‍റെ റോഡ് ഷോയിൽ ലീഗ് കൊടി മാറ്റിയോ? എന്തിന്? ബിജെപി വോട്ട് പിടിക്കാനെന്ന് സിപിഎം

പണ്ട് മലപ്പുറത്ത് നടന്ന ഒരു റോഡ് ഷോയിൽ ലീഗിന്‍റെ പച്ചക്കൊടി ഉയർന്നപ്പോൾ അത് പാകിസ്ഥാന്‍റെ പതാകകളാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാലിത്തവണ ലീഗിന്‍റെ പതാകകൾ കൊണ്ടുവന്നിട്ടും അത് ചുരുട്ടി മാറ്റി വച്ച ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

kerala assembly elections 2021 league flag removed from mananthawady road show of rahul gandhi

വയനാട്: മാനന്തവാടിയിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിൽ ലീഗിന്‍റെ കൊടികൾ മാറ്റാൻ നേതൃത്വം നിർദേശം നൽകിയെന്നതിനെച്ചൊല്ലിയുള്ള ചൂടുപിടിച്ച ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. റോഡ് ഷോയില്‍ ലീഗ് കൊടി ഉപയോഗിക്കാതിരന്നത് യുഡിഎഫ് - ബിജെപി രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. അതേസമയം സ്ഥാനാർത്ഥിയുടെ ചിഹ്നമുള്ള കൊടിയോഴികെ മറ്റൊന്നും റാലിയില്‍ ഉപയോഗിക്കേണ്ടന്ന് പൊതു ധാരണയുണ്ടായിരുന്നുവെന്നാണ് യുഡിഎഫ് വിശദീകരണം.

ലീഗിന്‍റെ പച്ചക്കൊടികളുമായി വന്ന പ്രവർത്തകർ റാലിക്കിടെ കൊടി മടക്കി വയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴേ വൈറലാണ്. ഇതിനെച്ചൊല്ലിയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഇതോടെയാണ്, ബിജെപി വോട്ടു നേടാനുള്ള യുഡിഎഫ് നീക്കത്തിന്‍റെ ഭാഗമാണിതെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.

പണ്ട് മലപ്പുറത്ത് നടന്ന ഒരു റോഡ് ഷോയിൽ ലീഗിന്‍റെ പച്ചക്കൊടി ഉയർന്നപ്പോൾ അത് പാകിസ്ഥാന്‍റെ പതാകകളാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാലിത്തവണ ലീഗിന്‍റെ പതാകകൾ കൊണ്ടുവന്നിട്ടും അത് ചുരുട്ടി മാറ്റി വച്ച ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

അതേസമയം റാലിയില്‍ കൈപ്പത്തി ചിഹ്നമുള്ള കൊടികള്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് യുഡിഎഫിന്‍റെ വിശദീകരണം. മറ്റ് ഘടകകക്ഷികളുടെ പാർട്ടി കൊടികളൊന്നും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കൈപ്പത്തി ചിഹ്നം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായെടുത്ത തീരുമാനമാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. 

ബത്തേരിയിലും കല്‍പ്പറ്റയിലും നടന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പച്ചക്കൊടികളുമായാണ് ലീഗ് പ്രവർത്തകർ പങ്കെടുത്തത്. അവിടെ ഇല്ലാതിരുന്ന ചിഹ്നപ്രചാരണം എന്തിന് ഇവിടെയെന്ന ചോദ്യമാണുയരുന്നത്. 

ഇതിനിടെ മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്ന ഗാന്ധി പാര്‍ക്ക് ഡിവൈഎഫ്ഐ നേരത്തെ ബുക്കു ചെയ്തതിനെ ചൊല്ലിയും ഇടത് - വലത് പോര് തുടങ്ങി. റാലി പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചുവെന്നാണ് യുഡിഎഫ് ആരോപണം. ഗാന്ധി പാർക്ക് ലഭിക്കാത്തിനാല്‍ വാഹനത്തിലിരുന്നാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios