കേരളം കണ്ണുംനട്ട് കാത്തിരിക്കുന്നത് ഈ മണ്ഡലങ്ങളിലെ ഫലമറിയാൻ; താരമണ്ഡലങ്ങൾ ഇവ
മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞതാണ് ഈ മണ്ഡലങ്ങൾ.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവധി എന്തെന്ന് ഇന്നറിയാം. വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ, കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ചില മണ്ഡലങ്ങളിലെ ഫലം അറിയാനാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞതാണ് ഈ മണ്ഡലങ്ങൾ. അവ ഏതൊക്കെയെന്ന് നോക്കാം.
മഞ്ചേശ്വരം - മഞ്ചേശ്വരത്ത് കഴിഞ്ഞ തവണയേറ്റ പരാജയം ഇക്കുറി വിജയമാക്കാനാണ് കെ സുരേന്ദ്രൻ ഇറങ്ങിയത്. എകെഎം അഷ്റഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. വിവി രമേശനാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി.
അഴീക്കോട് - കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് കെഎം ഷാജിയിലൂടെ പിടിച്ചെടുത്ത സീറ്റാണ്. കെവി സുമേഷാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി. മണ്ഡലം തിരികെ പിടിക്കുന്നതിൽ കുറഞ്ഞൊന്നും ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല
തളിപ്പറമ്പ് - സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എംവി ഗോവിന്ദൻ മാസ്റ്ററുടെ സ്ഥാനാർത്ഥിത്വമാണ് തളിപ്പറമ്പിന്റെ പ്രത്യേകത. ഇടതുപക്ഷത്തിന് ഭരണം കിട്ടുകയും തളിപ്പറമ്പിൽ ജയിക്കുകയും ചെയ്താൽ എംവി ഗോവിന്ദൻ മാസ്റ്റർ മന്ത്രിസഭയിലെ രണ്ടാമനായുണ്ടാകുമെന്ന് ഉറപ്പാണ്.
ധർമ്മടം - അഞ്ച് വർഷം കൊണ്ട് ജനപ്രീതി വർധിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ധർമ്മടത്ത് ജനവിധി തേടുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സ്ഥാനാർത്ഥിത്വം കൂടിയാണ് മണ്ഡലത്തിലെ പ്രത്യേകത. ഭൂരിപക്ഷം കുത്തനെ ഉയർത്തി മുഖ്യമന്ത്രിയുടെ വിജയം തിളക്കമാർന്നതാക്കുകയാണ് ഇടതുപക്ഷത്തിന്റെ മുന്നിലെ വെല്ലുവിളി.
മട്ടന്നൂർ - സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ പ്രതിസന്ധികളിൽ തല ഉയർത്തിപ്പിടിച്ച് നിർത്തിയതിന്റെ അഭിമാനാർഹമായ നേട്ടവുമായാണ് കെകെ ഷൈലജ ടീച്ചർ ഇക്കുറി മട്ടന്നൂരിൽ ജനവിധി തേടുന്നത്. കൂത്തുപറമ്പ് എൽജെഡിക്ക് കൊടുക്കുകയും ഇപി ജയരാജന് ടേം വ്യവസ്ഥയിൽ ഒഴിയേണ്ടി വന്നതുമാണ് ഷൈലജ ടീച്ചറെ മട്ടന്നൂരെത്തിച്ചത്. അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ വോട്ടായി മാറുമോയെന്നാണ് കാണേണ്ടത്.
കൽപ്പറ്റ - വയനാട് ജില്ലക്കാരനെ സ്ഥാനാർത്ഥിയാക്കിയില്ലെന്ന് ആരോപിച്ച് കൽപ്പറ്റയിൽ കോൺഗ്രസിനുള്ളിൽ ഉയർന്ന കലാപം ചെറുതായിരുന്നില്ല. കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ധിഖാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. രാജ്യസഭാംഗമായ എംവി ശ്രേയാംസ് കുമാറാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി.
വടകര - ആർഎംപിക്ക് കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമോ? ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയ്ക്ക് യുഡിഎഫ് നൽകിയ പിന്തുണ വോട്ടായി മാറുമോയെന്നത് വടകരയിൽ ഉറ്റുനോക്കപ്പെടുന്നുണ്ട്. എൽഡെജി നേതാവും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ മനയത്ത് ചന്ദ്രന് വേണ്ടി കഠിനാധ്വാനം ചെയ്താണ് സിപിഎം പ്രയത്നിച്ചത്. ആർക്കാണ് ജനപിന്തുണയെന്ന് അറിയാൻ ഇനി അധികം കാത്തിരിക്കേണ്ട.
ബാലുശേരി - സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കോഴിക്കോട് ജില്ലയിലെ ബാലുശേരി. സംവരണ മണ്ഡലമായ ഇവിടെ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയെ ഇറക്കി പിടിച്ചടക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻദേവിനെ മുൻനിർത്തി ഇടതുപക്ഷവും മണ്ഡലത്തിലെ പോരാട്ടത്തിന്റെ വീറും വാശിയും വർധിപ്പിച്ചു.
കൊടുവള്ളി - കാരാട്ട് റസാഖിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തതാണ് കൊടുവള്ളി സീറ്റ്. കോഴിക്കോട് സൗത്ത് വിട്ടുവരുന്ന പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ മണ്ഡലം തിരിച്ചുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
വേങ്ങര - മലപ്പുറത്തിന്റെ ലോക്സഭാംഗമായി ദില്ലിക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച് തിരിച്ച് വന്നാണ് വേങ്ങരയിൽ ജനവിധി തേടുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവ് പി ജിജി വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് വെല്ലുവിളി ഉയർത്തിയോ എന്നാണ് ബാലറ്റ് പെട്ടിയിലേക്ക് നോക്കി കേരളം ചോദിക്കുന്നത്.
തൃത്താല - ഇടതുസ്വഭാവമുള്ള മണ്ഡലത്തിൽ എന്ത് മാജിക്ക് കാട്ടിയാണ് വിടി ബൽറാം ഇത്രയും സ്വാധീനം നേടിയതെന്ന് ഇടത് ക്യാംപിന് ഇപ്പോഴും മനസിലായിട്ടില്ല. ഇക്കുറി എംബി രാജേഷിനെ മത്സരിപ്പിച്ചതും തൃത്താല തിരിച്ചുപിടിക്കുകയെന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തിയാണ്. കൊടുമ്പിരികൊണ്ട പ്രചാരണം നടന്ന മണ്ഡലത്തിൽ ജനം ആർക്കൊപ്പമെന്ന് അറിയേണ്ടതുണ്ട്.
മലമ്പുഴ - വിഎസിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ട മലമ്പുഴയിൽ സിപിഎമ്മിന് ഇക്കുറി വെല്ലുവിളി ചെറുതായിരുന്നില്ല. മുതിർന്ന നേതാവ് എ പ്രഭാകരന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഉയർത്തിയ വെല്ലുവിളി ചില്ലറയല്ല. കോൺഗ്രസ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ പ്രചാരണത്തിൽ പിന്നിലായിരുന്നുവെന്നും വോട്ട് മറിച്ചുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ആരോപണം ഉയർന്നതാണ്.
പാലക്കാട് - മെട്രോമാൻ ഇ ശ്രീധരന്റെ രംഗപ്രവേശമാണ് പാലക്കാടിന്റെ പ്രത്യേകത. കോൺഗ്രസിന്റെ യുവനേതാവ് ഷാഫി പറമ്പിലിന് പാട്ടുംപാടി ജയിക്കാൻ കഴിയുമായിരുന്ന മണ്ഡലത്തിലെ പോരാട്ടം കടുപ്പിച്ചത് ഇ ശ്രീധരന്റെ വരവാണ്. ബിജെപി അധികാരത്തിലെത്തിയാൽ ഇ ശ്രീധരന് മുഖ്യമന്ത്രി സ്ഥാനം വരെ കിട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
തൃശ്ശൂർ - മന്ത്രി വിഎസ് സുനിൽകുമാറിനെ മത്സരിപ്പിക്കാതിരുന്നതിൽ സിപിഐയും എൽഡിഎഫും സ്വയം പഴിക്കുമോയെന്നതാണ് തൃശ്ശൂർ മണ്ഡലത്തിലെ ഫലത്തിൽ അറിയാനുള്ളത്. പി ബാലചന്ദ്രനാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ സുനിൽ കുമാറിനോട് പരാജയപ്പെട്ട പദ്മജ വേണുഗോപാലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. നടനും എംപിയുമായ സുരേഷ് ഗോപിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ ത്രികോണ പോരാണ് മണ്ഡലത്തിൽ നടന്നത്.
കളമശേരി - മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലം ഇക്കുറി ആർക്കൊപ്പം? സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ്, വികെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വിഇ അബ്ദുൾ ഗഫൂർ എന്നിവർ തമ്മിലാണ് മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നത്. മികച്ച പാർലമെന്റേറിയെനെന്ന നിലയിൽ പേരെടുത്ത പി രാജീവിന് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമോയെന്നാണ് അറിയേണ്ടത്.
തൃപ്പൂണിത്തുറ - നിയമസഭയിൽ സിപിഎമ്മിന്റെ ശക്തമായ സ്വരമാണ് അഡ്വ എം സ്വരാജ്. ചർച്ചകളിൽ സജീവമായ യുവമുഖം. ബാർ കോഴക്കേസിൽ ആരോപണവിധേയനായി തൃപ്പൂണിത്തുറയിൽ അടിതെറ്റിയ കെ ബാബുവാണ് ഇക്കുറിയും മണ്ഡലത്തിൽ സ്വരാജിനെതിരെ മത്സരിക്കുന്നത്. പിഎസ്‌സി ചെയർമാനായിരുന്ന കെഎസ് രാധാകൃഷ്ണനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ ത്രികോണ മത്സരം നടക്കുമോ, കെ ബാബുവിന് ബിജെപി വോട്ട് കിട്ടുമോ, എം സ്വരാജ് തോൽക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ജനവിധി എന്തെന്ന് അറിയണം.
പാലാ - കെഎം മാണിയെ സ്ഥിരമായി ജയിപ്പിച്ച സീറ്റിൽ മാണി സി കാപ്പനിലൂടെ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയം മുന്നണി മാറി വന്ന ജോസ് കെ മാണിയിലൂടെ നിലനിർത്തുകയാണ് ഇടതുമുന്നണിക്ക് മുന്നിലെ വെല്ലുവിളി. എതിരാളിയായി ഇടതുമുന്നണിക്ക് വേണ്ടി മണ്ഡലം പിടിച്ചെടുത്ത മാണി സി കാപ്പൻ തന്നെയെന്നതാണ് പ്രശ്നം. മുന്നണി മാറിയ കേരള കോൺഗ്രസ് എമ്മിന് അഭിമാന പ്രശ്നം കൂടിയാണ് പാലാ മണ്ഡലം.
പുതുപ്പള്ളി - ഉമ്മൻ ചാണ്ടി മണ്ഡലം മാറുന്നുവെന്ന വാർത്ത വരും മുൻപേ അദ്ദേഹത്തിന്റെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചവരാണ് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ. ജെയ്ക് സി തോമസ് എന്ന യുവ സിപിഎം നേതാവും, മണ്ഡലത്തിൽ ഇടതോരം ചേർന്ന പഞ്ചായത്തുകളും ഉമ്മൻചാണ്ടിയെന്ന വലിയ നേതാവിന് വെല്ലുവിളിയാകുമോ? ഫലമറിയുന്നത് വരെ കാത്തിരിക്കാം.
കായംകുളം - കായംകുളം എംഎൽഎ അഡ്വ പ്രതിഭ ഹരിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ട്. കോൺഗ്രസാകട്ടെ അവരുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. 26 കാരിയും പാൽവിൽപ്പനക്കാരിയുമായ അരിത ബാബു സിറ്റിങ് എംഎൽഎയായ പ്രതിഭയ്ക്ക് എത്രത്തോളം വെല്ലുവിളിയാകുമെന്നാണ് അറിയേണ്ടത്.
കോന്നി - ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രൻ ഇക്കുറി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കോന്നി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ ജയിച്ചുകയറിയ കെയു ജനീഷ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. അടൂർ പ്രകാശ് ഇടതുപക്ഷത്തിൽ നിന്ന് പിടിച്ചെടുത്ത് സ്ഥിരമായി ജയിച്ചുവന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നോമിനിയായ റോബിൻ പീറ്ററിനെ മത്സരിപ്പിക്കാതിരുന്നതിന്റെ ക്ഷീണം കോൺഗ്രസ് മനസിലാക്കി. ഇക്കുറി റോബിൻ പീറ്റിന് ഇവിടെ അവസരവും നൽകി. ത്രികോണ പോര് നടക്കുമ്പോൾ ജയം ആർക്കായിരിക്കുമെന്നാണ് അറിയേണ്ടത്.
കുണ്ടറ - തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആഴക്കടൽ മത്സ്യബന്ധന വിവാദം ഇടത് മന്ത്രിസഭയിൽ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയെയാണ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിന്റെ സ്ഥാനാർത്ഥിത്വവും വൈകിയാണെങ്കിലും യുവനേതാവ് പിസി വിഷ്ണുനാഥിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതും മണ്ഡലത്തിൽ ശക്തമായ പോരിന് കളമൊരുക്കി. കുണ്ടറയിൽ വിഷ്ണുനാഥ് അട്ടിമറി വിജയം നേടുമോയെന്നാണ് ഇനിയറിയേണ്ടത്.
കൊല്ലം - കരഞ്ഞ് നേടിയതാണ് കൊല്ലത്തെ സ്ഥാനാർത്ഥിത്വമെന്ന് ബിന്ദു കൃഷ്ണയെ പരിഹസിക്കുന്നവരുണ്ടാകാം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷവും കൊല്ലം മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു ഈ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ. കൊല്ലം ഡിസിസി അധ്യക്ഷയെന്ന നിലയിലും ബിന്ദു കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സിറ്റിങ് എംഎൽഎ നടൻ മുകേഷാണ് ഇക്കുറിയും സിപിഎമ്മിന്റെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി. കടുത്ത മത്സരമാണ് മണ്ഡലത്തിൽ നടന്നതും.
കഴക്കൂട്ടം - സംസ്ഥാനത്ത് ശബരിമല വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലമാണ് കഴക്കൂട്ടം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ഡോ എസ് എസ് ലാലിന്റെ അറിവും പ്രാഗത്ഭ്യവും മണ്ഡലത്തെ ശക്തമായ ത്രികോണ പോരിലേക്ക് എത്തിച്ചു.
നേമം - ബിജെപിയുടെ കേരള നിയമസഭയിലെ ഏക അക്കൗണ്ട് തിരിച്ചുപിടിക്കാനാണ് മണ്ഡലത്തിലെ മുൻ എംഎൽഎ വി ശിവൻകുട്ടിയെ സിപിഎം രംഗത്തിറക്കിയത്. മണ്ഡലം നിലനിർത്താൻ കുമ്മനം രാജശേഖരനും ഇറങ്ങി. വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും കോൺഗ്രസ് അവതരിപ്പിച്ച ശക്തനായ സ്ഥാനാർത്ഥി കെ മുരളീധരനിലായിരുന്നു കേരളക്കരയുടെ നോട്ടമത്രയും. ശക്തമായ ത്രികോണ മത്സരത്തിൽ ആര് വാഴും, ആര് വീഴും എന്ന് കാത്തിരുന്ന് കാണണം.
തിരുവനന്തപുരം - സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതു ചിത്രത്തിൽ അത്രയൊന്നും പ്രാധാന്യം നേടാത്തൊരു മണ്ഡലമായിരുന്നു തിരുവനന്തപുരം സെൻട്രൽ. മുൻമന്ത്രി വിഎസ് ശിവകുമാറിനെ നേരിടാൻ ഇടതുപക്ഷത്ത് നിന്ന് ആന്റണി രാജു തന്നെയെത്തി. ബിജെപി അവതരിപ്പിച്ചതാകട്ടെ സിനിമാ-സീരിയൽ താരം ജി കൃഷ്ണകുമാറിനെയും. പ്രചാരണം കൊടുമ്പിരികൊണ്ടു, മത്സരം കടുത്തു. ശക്തമായ ത്രികോണ പോരിന് കളമൊരുങ്ങി. സസ്പെൻസും ട്വിസ്റ്റും കഴിഞ്ഞ് തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി നടക്കുമോയെന്നാണ് അറിയാനുള്ളത്.
- Assembly Elections Results Live
- Assembly election results 202
- Kerala Assembly Election 2021 Results Live Updates
- Kerala Assembly Election Results Kerala Assembly Election 2021 News
- Kerala Assembly election
- Kerala Live Election News
- Niyamasabha Election Results Live
- Theranjeduppu Results
- star candidates
- star candidates and constituencies