പത്രിക തള്ളിയതിൽ വിവാദം; ഗൗരവത്തോടെ കാണുമെന്ന് ബിജെപി; ഡീലെന്ന് കോൺഗ്രസ്, ഒത്തുകളിയെന്ന് സിപിഎം
തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കുറ്റപ്പെടുത്തി
തിരുവനന്തപുരം: ബിജെപിയുടെ പത്രികകൾ തള്ളിയത് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെയുള്ള പുതിയ വിവാദമായി. പത്രികയിലെ അപാകത ഗൗരവത്തോടെ കാണുന്നെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പറഞ്ഞപ്പോൾ, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ തെളിവാണിതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പത്രിക തള്ളിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിത വ്യക്തമാക്കി. സാങ്കേതിക പിഴവ് തിരുത്താൻ സമയം ചോദിച്ചിട്ടും വാരണാധികാരി അനുവദിച്ചില്ലെന്ന് തലശേരിയിലെ സ്ഥാനാർത്ഥി ഹരിദാസും കുറ്റപ്പെടുത്തി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയത്. സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കുറ്റപ്പെടുത്തി. ഫോം സമർപ്പണത്തിൽ അശ്രദ്ധയാണെന്ന് പറയാൻ കഴിയില്ല. മറ്റ് മണ്ഡലങ്ങളിൽ ശരിയായ രീതിയിലാണ് പത്രിക നൽകിയത്. യുഡിഎഫ്-ബിജെപി അന്തർധാര സജീവമാണെന്ന് ജയരാജൻ ആരോപിച്ചു.
പത്രിക തള്ളിയ വാരണാധികാരിയുടെ നടപടി ശരിയല്ലെന്ന് നിവേദിത പ്രതികരിച്ചു. ഇത് അവകാശ ലംഘനമാണ്. പത്രിക തള്ളിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. വെറും സാങ്കേതിക തകരാർ മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു. അധ്യക്ഷന്റെ ഒപ്പുമായി ബന്ധപ്പെട്ട് പത്രികയിലെ പ്രശ്നം സാങ്കേതിക പ്രശ്നം മാത്രമാണെന്നായിരുന്നു തലശേരിയിലെ സ്ഥാനാർത്ഥി ഹരിദാസിന്റെയും പ്രതികരണം. പുതിയ ഫോം എ നൽകാൻ വരാണാധികാരിയോട് സമയം ചോദിച്ചു. സമയം തരാതെ ഏകപക്ഷീയമായാണ് പത്രിക തള്ളിയത്. അനുകൂല തീരുമാനത്തിനായി സുപ്രീംകോടതിയെ സമീപിക്കും. മത്സരിക്കാനാകുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫുമായി രാഷ്ട്രീയ ഗൂഢാലോചനയെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ സഹജമായ തെറ്റുകൾ സംഭവിച്ചിരിക്കാമെന്നാണ് ഇത് സംബന്ധിച്ച് ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാറിന്റെ പ്രതികരണം. കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രിക തള്ളാൻ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് ബിജെപി ദേശീയ വക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ പറഞ്ഞു. പത്രികയിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് രേഖപ്പെടുത്താതെ പോയതും അന്വേഷിക്കും.