'വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ചതിനെയാണ് എതിര്‍ത്തത്'; അന്നംമുടക്കി ആരോപണത്തിനെതിരെ കെ സി വേണുഗോപാൽ
ഇരട്ട വോട്ട് ആരോപണത്തിലേക്ക് കോൺഗ്രസ് നേതാക്കളുടെ പേര് തിരുകിക്കയറ്റുകയാണ്. പോസ്റ്റൽ വോട്ടിന്‍റെ കാര്യത്തിലും തട്ടിപ്പാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ
കണ്ണൂർ: ആരുടേയും അന്നം മുടക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാൽ . കിറ്റ് വിതരണത്തെ എതിര്‍ത്തെന്ന ആരോപണം ശരിയല്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തതെന്നും കെ സി വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു.
ഇരട്ടവോട്ടിൽ വിവാദം വന്നാൽ പിടിച്ചു നിൽക്കാനാണ് കോൺഗ്രസ് നേതാക്കളുടെ പേരും പട്ടികയിൽ തിരുകി കയറ്റിയത്. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷൻ നടപടിയെടുക്കണം. പോസ്റ്റൽ വോട്ടിന്‍റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഐഡി കാർഡ് പോലും ഇല്ലാത്തവർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നു. പേരാവൂരിൽ ഇത് കയ്യോടെ പിടികൂടിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെതിരെ സര്‍ക്കാർ ജുഡീഷ്യൽ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആഴക്കടൽ മത്സ്യബന്ധന കരാര്‍ വിവാദത്തിൽ എന്തുകൊണ്ട് സർക്കാര്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും കെ സി വേണുഗോപാൽ ചോദിച്ചു.