തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതകളായാൽ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാം: കെ സുധാകരൻ
സ്ത്രീ ജീവനക്കാർക്ക് എത്ര മാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്നും ഒന്ന് ശബ്ദമുയർത്തിയാൽ അവർ നിശബ്ദരാകില്ലേയെന്നും കണ്ണൂർ എം പി കൂടിയായ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ: കള്ളവോട്ട് സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്ന് കെ സുധാകരൻ എംപി. ഇടതുപക്ഷം ഭരിക്കുന്ന കാലയളവിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള കള്ളവോട്ട് എന്നും ഉണ്ടായിട്ടുണ്ടെന്നും ഏത് വിധേനയും ജയിക്കുകയെന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനമെന്നുമാണ് സുധാകരൻ്റെ ആരോപണം.
80 വയസിന് മുകളിലുള്ളവർക്കുള്ള വോട്ടിന്റെ പേരിലും തട്ടിപ്പ് നടക്കുന്നതായി സുധാകരൻ ആരോപിച്ചു. തപാൽ വോട്ട് ശേഖരിച്ച് പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്. ഇവർക്ക് ഐഡി കാർഡ് പോലും ഇല്ലെന്നും പേരാവൂരിലെ സംഭവത്തെ മുൻനിർത്തി സുധാകരന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സംവിധാനം ആകെ ലോക്ക് ചെയ്തിരിക്കുകയാണെന്നും ആവശ്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുകയാണെന്നും കെ സുധാകരൻ പറഞ്ഞു. ഇടത് അനുഭാവികൾ മാത്രമാണ് ഡ്യൂട്ടിയിൽ. കള്ളവോട്ടിന് പ്രതിക്കൂട്ടില്‍ നിന്ന ഉദ്യോഗസ്ഥർ വരെ ഡ്യൂട്ടിയിൽ ഉണ്ട്. 95 ശതമാനം ഉദ്യോഗസ്ഥരും ഇടത് ആഭിമുഖ്യമുള്ളവരാണെന്നും കെ സുധാകരൻ ആരോപിച്ചു.
പയ്യന്നൂർ പോലുള്ള സ്ഥലങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചതെന്നും വനിതാ ഉദ്യോഗസ്ഥരാകുമ്പോൾ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാമെന്നും സുധാകരൻ ആക്ഷേപിച്ചു. ആന്തൂരും പാപ്പിനിശ്ശേരിയിലുമൊക്കെ വനിതാ ജീവനക്കാർക്ക് എന്ത് ചെയ്യാൻ പറ്റുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചോദിക്കുന്നത്.
വനിതാ ജീവനക്കാർക്ക് എത്ര മാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്നും ഒന്ന് ശബ്ദമുയർത്തിയാൽ അവർ നിശബ്ദരാകില്ലേയെന്നും കണ്ണൂർ എം പി കൂടിയായ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.