പള്ളിത്തർക്കത്തിൽ മുന്നണികളുടെ ഉറപ്പില്ല; തെരഞ്ഞെടുപ്പിൽ പരസ്യനിലപാടിനില്ലെന്ന് യാക്കോബായ- ഓർത്തഡോക്സ് സഭകൾ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കനുകൂലമായ പരസ്യ നിലപാട് വേണ്ടെന്ന് യാക്കോബായ – ഓർത്തഡോക്സ് സഭകളുടെ തീരുമാനം.
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കനുകൂലമായ പരസ്യ നിലപാട് വേണ്ടെന്ന് യാക്കോബായ – ഓർത്തഡോക്സ് സഭകളുടെ തീരുമാനം. പളളിത്തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച് മുന്നണികളാരും ഇരുസഭകൾക്കും യാതൊരു ഉറപ്പും നൽകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ ഇരു സഭകളും തങ്ങളുടെ താൽപര്യങ്ങളുനുസരിച്ച് പ്രദേശികമായ നീക്കുപോക്കിനാണ് ആലോചിക്കുന്നത് .
ബിജെപിയുമായുളള നീക്കുപോക്ക് ചർച്ചകൾക്ക് തൊട്ടുമുമ്പാണ് വിശ്വാസികളുടെ വോട്ട് സഭയ്ക്ക് വേണമെന്ന് യാക്കോബായ സഭാ മെത്രൊപ്പൊലീത്തൻ ട്രസ്റ്റി തന്നെ ആവശ്യപ്പെട്ടത്. എന്നാൽ താമരയെ ചേർത്തുനിർത്താനുളള സഭയുടെ തീരുമാനം കൂമ്പടഞ്ഞതോടെയാണ് ആർക്കും പരസ്യപിന്തുണ വേണ്ടെന്ന പൊതു നിലപാടിലേക്ക് എത്തിയത്.
എന്നാൽ സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിക്കപ്പെടുന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തെ പിണക്കേണ്ട എന്ന നിലപാടിലാണ് സഭ. ഇതോടെയാണ് സഹായിച്ചവരെ മറക്കില്ല എന്ന നിലപാടിലേക്ക് യാക്കോബായ നേതൃത്വം നീങ്ങുന്നത്. എന്നാൽ സഭാ വിശ്വാസികൾ യുഡിഎഫ് സ്ഥാനാർഥികളായി മൽസരിക്കുന്ന പിറവത്തടക്കം അവരെ അനൗദ്യോഗികമായി പിന്തുണക്കും.
ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് മുൻതൂക്കമുളള കോന്നിയിൽ കെ സുരേന്ദ്രൻ മൽസരിക്കുന്നത് മുന്നിൽക്കണ്ട് ബിജെപി സംസ്ഥാന നേതൃത്വമാണ് അമിത്ഷാ അടക്കമുളളവരുമായുളള ചർച്ചകൾക്ക് തുരങ്കം വെച്ചതെന്ന പരാതിയും യാക്കോബായ സഭയ്ക്കുണ്ട്. ഇതില്ലാം മനസിൽവെച്ചാണ് സഹായിച്ചവരെ സഹായിക്കാനുളള നീക്കം.
2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ ഞങ്ങൾ രാഷ്ട്രീയപരമായി സനാഥരാണെന്ന് പറഞ്ഞത്. ഞങ്ങളെ കരുതുന്ന ഒരു സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടതുമുന്നണിയുമായി പഴയ അടുപ്പം ഇപ്പോഴില്ല. പളളിത്തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ പൊതുജനമധ്യത്തിലേക്ക് തങ്ങളെ ഇടതുമുന്നണി വലിച്ചിഴച്ചു എന്ന നിലപാടിലാണ് സഭാ നേതൃത്വം.
ആറൻമുളയിൽ വീണാ ജോർജിനായി കഴിഞ്ഞതവണ അരയും തലയും മുറുക്കി ഇറങ്ങിയ സഭാ ഈ അതൃപ്തികൊണ്ടുതന്നെ ഇത്തവണ നിശബ്ദമാണ്. എന്നാൽ ബിജെപുമായുളള ബന്ധം മെച്ചപ്പെട്ടത് കോന്നിയിലടക്കം പ്രതിഫലിക്കുമമെന്നാണ് കരുതുന്നത്.
ആറൻമുളയിലെ ബിജെപി സ്ഥാനാർഥി ഓർത്തഡോക്സ് സഭാ പ്രതിനിധിയല്ലെന്ന സഭാ വക്താവിന്‍റെ പ്രസ്താവന മണിക്കൂറുകൾക്കകം തിരുത്തിയതും ഈ പശ്ചാത്തലത്തിലാണ്. യുഡിഎഫിനായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രചാരണത്തിനുമുമ്പ് കോട്ടയത്തെ ഓർത്തഡോക്സ് ആസ്ഥാനത്തെത്തി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇതിനും തുടർച്ചയുണ്ടായില്ല.