നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ: തെര. കമ്മീഷൻ വാർത്താസമ്മേളനം 4.30-ക്ക്

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വരും. 

election commission to declared in election dates today

ദില്ലി: അഭ്യൂഹങ്ങൾക്ക് അവസാനമിട്ടു കൊണ്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നുണ്ട്. ഈ വാര്‍ത്താ സമ്മേളനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറിയും ആ നിലയിൽ കാര്യങ്ങൾ നടക്കാനാണ് സാധ്യത. അങ്ങനയെങ്കിൽ മാര്‍ച്ച് അവസാനത്തോടെ അവിടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നേക്കും. തെര‍ഞ്ഞെടുപ്പ വൈകിയേക്കും എന്ന അഭ്യൂഹം തള്ളിക്കൊണ്ട് കേരളത്തിലും പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് വരും. 

പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനം ഏതാണ്ട് മന്ദീഭവിക്കുന്ന അവസ്ഥയാവും. മന്ത്രിസഭ ഇനി ചേരില്ല. നിര്‍ണായക തീരുമാനങ്ങള‍െടുക്കാനോ ഫയലുകളിൽ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമുണ്ടാക്കില്ല. ഉദ്ഘാടന ചടങ്ങുകൾക്കും പ്രഖ്യാപനങ്ങൾക്കും വിലക്കുണ്ടാവും. പാലാരിവട്ടം പാലം ഒഴികെ മുൻനിശ്ചയിച്ച പ്രകാരം പ്രധാന പദ്ധതികളുടേയെല്ലാം ഉദ്ഘാടനം ഇതിനോടകം പിണറായി വിജയൻ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പാലാരിവട്ടം പാലം മിനുക്കുപണികൾ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. 

2019-ലെ ലോക്ശഭാ  തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞാണ് കേരളത്തിൽ വോട്ടെണ്ണി ഫലം അറിഞ്ഞത്. കേരളത്തിൽ സാധാരണം ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടാകുമോ എന്നറിയില്ല. കേരളത്തിലും പുതുച്ചേരിയിലും  തമിഴ്നാട്ടിലും വളരെ പെട്ടെന്ന് വോട്ടെടുപ്പ് നടന്നാലും ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്ന ബംഗാളിൽ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായിട്ടാവും നടക്കുക. വോട്ടെണ്ണലിന് ഇത്രയും സമയം എടുക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്.

വിഷുവിന് മുൻപ് അതായത് എപ്രിൽ 14-ന് മുൻപായി വോട്ടെടുപ്പ് നടത്തണം എന്നാണ് എൽഡിഎഫും യുഡിഎഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപി ഇലക്ഷനെ കമ്മീഷനെ അറിയിച്ചത്. 2016-ൽ മെയ് 16-ന് വോട്ടെടുപ്പ് നടന്ന് മെയ് 19-നാണ് ഫലം അറിഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios