എലത്തൂർ തലവേദന; സീറ്റ് ഏറ്റെടുക്കണം, ഉറച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ
എൻസികെയുടെ സുൽഫീക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ കെപിസിസി നിർവ്വാഹക സമിതി അംഗം യു വി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. എൻസികെയ്ക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. സമവായത്തിനെത്താൻ ഇന്നലെ രാത്രി വൈകിയും കെപിസിസി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം സീറ്റിന്‍റെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.
എൻസികെയുടെ സുൽഫീക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ കെപിസിസി നിർവ്വാഹക സമിതി അംഗം യു വി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചർച്ച സമവായമാകാതെ പിരിയുകയായിരുന്നു. സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എം കെ രാഘവൻ എംപി കഴിഞ്ഞ ദിവസം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
മന്ത്രി എ കെ ശശീന്ദ്രനാണ് എലത്തൂരിൽ ഇടത് മുന്നണി സ്ഥാനാർത്ഥി.