എലത്തൂര്‍ കുരുക്കഴിക്കാന്‍ ചേര്‍ന്ന യോഗത്തിൽ കയ്യാങ്കളി; എം കെ രാഘവൻ ഇറങ്ങിപ്പോയി
കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവൻ്റെ ഇറങ്ങിപ്പോക്കും പുറത്തെ പ്രതിഷേധവും.
കോഴിക്കോട്: എലത്തൂർ സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോയി. എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം കെ രാഘവൻ വ്യക്തമാക്കി.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവൻ്റെ ഇറങ്ങിപ്പോക്കും പുറത്തെ പ്രതിഷേധവും. സമവായ ചർച്ച അകത്ത് പുരോഗമിക്കുന്നതിനിടെയാണ് പുറത്ത് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയത്. മയൂരിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവർത്തകർ. ദിനേശ് മണിയുടെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എം കെ രാഘവനാണെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് എം കെ രാഘവനുമായി ദിനേശ് മണി ചർച്ചയും നടത്തിയിരുന്നു.
നിലവിൽ മൂന്ന് സ്ഥാനാർത്ഥികളാണ് യുഡിഎഫ് പിന്തുണ അവകാശപ്പെട്ട് കൊണ്ട് മണ്ഡലത്തിൽ പത്രിക നൽകിയിരിക്കുന്നത്. എൻസികെയുടെ സുൾഫിക്കർ മയൂരിയും പ്രാദേശിക കോൺഗ്രസ് പിന്തുണയുമായി ദിനേശ് മണിയും കൂടാതെ നാഷണലിസ്റ്റ് ജനതാദളിന്റെ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് കൺവീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മൻചാണ്ടിയോ പിൻമാറണമെന്നാവശ്യപ്പെട്ടാലോ മാത്രമേ പിൻമാറുവെന്നും ഇല്ലെങ്കിൽ പിൻമാറേണ്ട ആവശ്യമില്ലെന്നുമാണ് സുൾഫിക്കർ മയൂരിയുടെ നിലപാട്. ഇത് പേമെന്റ് സീറ്റാണെന്ന ആരോപണവും എൻസികെ സ്ഥാനാർത്ഥി നിഷേധിക്കുന്നു.