സ്ഥാനാർത്ഥിത്വം: പാർട്ടി പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രഞ്ജിത്
'മത്സരിക്കാൻ പറ്റുമോയെന്ന് സിപിഎം നേതാക്കൾ ചോദിച്ചു. സ്ഥാനാർത്ഥിത്വം പാർട്ടി പ്രഖ്യാപിക്കും'
കോഴിക്കോട്: സിപിഎം ആവശ്യപ്പെട്ടാൽ കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സംവിധായകനും നടനുമായ രഞ്ജിത്. മത്സരിക്കാൻ പറ്റുമോയെന്ന് സിപിഎം നേതാക്കൾ ചോദിച്ചു. സ്ഥാനാർത്ഥിത്വം പാർട്ടി പ്രഖ്യാപിക്കും. ആദ്യ സിനിമയ്ക്ക് മോഹൻലാൽ അടക്കമുള്ള സുഹൃത്തുക്കൾ തന്ന ധൈര്യമാണ് കരുത്തായത്. കൂടെ നിന്ന് ധൈര്യം തന്നാൽ മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മൂന്ന് തവണ മത്സരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എംഎൽഎ. മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്. കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി രഞ്ജിത്തും താമസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പിന്തുണ നൽകിക്കൊണ്ടുള്ള രഞ്ജിത്തിന്റെ പ്രസ്താവനകൾ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലെ ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ വലിയ പ്രചാരം കിട്ടിയിരുന്നു.