കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം; ഇരട്ട വോട്ട് വിഷയത്തിൽ ചെന്നിത്തലയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കേരളത്തിൽ ബിജെപിക്ക് സ്വപ്നം കാണാനാവാത്ത തിരിച്ചടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിന്റെ മതേതര മനസ്സാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പുതിയ സഖ്യങ്ങൾക്കും അറബിക്കടലിലായിരിക്കും സ്ഥാനമെന്ന് കണ്ണൂരിൽ പറഞ്ഞു. 

cm pinarayi vijayan criticizes ramesh chennithala on voter fraud allegation

കണ്ണൂർ: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടർമാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. 

നാലര ലക്ഷം പേരെ കള്ളവോട്ടർമാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടർമാരാക്കിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശിൽ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. 

കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാൾ ഇപ്പോൾ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കൊവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോൾ വിമർശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. പകരം ഇരട്ട വോട്ട് ചർച്ച ചെയ്യാമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് പിണറായി ആക്ഷേപിക്കുന്നു.  ആരോപണങ്ങൾ ഇനിയും ധാരാളം വരുമെന്നും അദാനിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടുത്ത ബോംബായിരിക്കും ഇതെന്നുമായിരുന്നു പുതിയ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അതും ചീറ്റിപ്പോയെന്ന് പറഞ്ഞ പിണറായി വൈദ്യുതി കരാറുകൾ എല്ലാം കെ എസ് ഇ ബിയുടെ വെബ്സൈറ്റിൽ ഉണ്ടെന്നും വൈദ്യുതി മേഖലയുടെ മുന്നേറ്റം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപിച്ചു. 

കേരളത്തിൽ ബിജെപിക്ക് സ്വപ്നം കാണാനാവാത്ത തിരിച്ചടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഒരു തരം വർഗീയതയും കേരളത്തിൽ നിലനിൽക്കില്ലെന്നും 'കോലീബി' എന്ന പരസ്യ സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസ്സാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പുതിയ സഖ്യങ്ങൾക്കും അറബിക്കടലിലായിരിക്കും സ്ഥാനമെന്ന് കണ്ണൂരിൽ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios