അദാനിക്ക് വേണ്ടി കേരള സർക്കാരും കേന്ദ്രവും ഒത്തുകളിക്കുന്നു; വൈദ്യുതി കരാറിൽ അഴിമതിയാരോപണവുമായി ചെന്നിത്തല
ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോഴാണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്.
ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 കൊല്ലം അദാനിക്ക് ജനങ്ങളെ പിഴിയാൻ വഴിയൊരുക്കിയിരിക്കുകയാണെന്നാണ് ആരോപണം. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. 25 വർഷം കെഎസ്ഇബി അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോഴാണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ കരാറിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാർ, 2.82 രൂപയ്ക്ക് എന്തിനാണ് വൈദ്യുതി വാങ്ങുന്നത് കേന്ദ്രം അദാനിക്ക് വേണ്ടി ടെൻഡർ ചെയ്തപ്പോൾ കേരളം അനുകൂല തീരുമാനം എടുത്തു. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് അദാനി മാത്രമാണ്, കരാർ അദാനിക്ക് ലഭിക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ചേർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി( wind energy ) ആണ് തെരഞ്ഞെടുത്തത്. അദാനിയും സംസ്ഥാന സർക്കാരും തമ്മിൽ കള്ള കച്ചവടമാണിതെന്നും പിണറായി വിജയനും അദാനിയും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.
ചെറുകിട വൈദ്യുതി പദ്ധതികളും സോളാർ അടക്കമുള്ള സംവിധാനങ്ങളും ഉള്ളപ്പോൾ എന്തിനാണ് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെനനും പവർ പർച്ചേസ് എഗ്രിമെൻറ് ഉടൻ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങൾക്കുമേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണ്. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാറെന്നാണ് ചെന്നിത്തലയുടെ ചോദ്യം.
വൈദ്യുതി കരാറിനെക്കുറിച്ചുള്ള മാർച്ച് 30ലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കേരളത്തിൻ്റെ നീക്കത്തിൽ വിവാദം; കരാർ സെക്കിയുമായെന്ന് കെഎസ്ഇബി