'രാജ്യത്തിൻ്റെ ഭരണഘടനക്കും ജനാധിപത്യത്തിനും എതിര്'; കാല് കഴുകൽ വിവാദത്തിൽ ബിനോയ് വിശ്വം
ഭാരതത്തിൻ്റെ സംസ്ക്കാരമെന്ന് പറഞ്ഞു ന്യായീകരിക്കുന്നവർ വോട്ടർമാരെക്കൊണ്ട് നാളെ കാലുകഴുകിക്കില്ലേ ?ആ വെള്ളം കുടിപ്പിക്കില്ലേ ? നികൃഷ്ടമായ ഈ രീതി പൊറുപ്പിച്ചു കൂടാ
മലപ്പുറം: പാലക്കാട്ടെ കാലുകഴുകൽ വിവാദത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും വലിയ ചര്‍ച്ചക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു. സ്ഥാനാർത്ഥിയുടെ കാല് കഴുകിയ സംഭവം രാജ്യത്തിൻ്റെ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിന് നേതൃത്വം നൽകിയ പാർട്ടി രാജ്യത്തിന് അപമാനമാണ്. നടുക്കത്തോടെ മാത്രമേ അതിനെ കാണാനാവൂ. ഭാരതത്തിൻ്റെ സംസ്ക്കാരമെന്ന് പറഞ്ഞു ന്യായീകരിക്കുന്നവർ വോട്ടർമാരെക്കൊണ്ട് നാളെ കാലുകഴുകിക്കില്ലേ ?ആ വെള്ളം കുടിപ്പിക്കില്ലേ ? നികൃഷ്ടമായ ഈ രീതി പൊറുപ്പിച്ചു കൂടാ. ഇരുട്ടിൻ്റെ വക്കീലാവാനാണ് ഇ. ശ്രീധരൻ ശ്രമിക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
കാല് കഴുകലും ആദരിക്കലും എല്ലാം ഭാരതീയ സംസ്കാരത്തിൻറെ ഭാഗമാണെന്നായിരുന്നു വിവാദങ്ങളോടുള്ള ഇ ശ്രീധരന്റെ പ്രതികരണം. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവർ സംസ്കാരം ഇല്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു.