വേദിയിലെത്തിയ ആൾ ബേബി ജോണിനെ തള്ളിയിട്ടു; അനിഷ്ടസംഭവം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ, സ്ഥലത്ത് നേരിയ സംഘർഷം
ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ ആളാണ് തള്ളിയിട്ടത്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.
തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. വീഴ്ചയിൽ ബേബി ജോണിന്റെ കൈയ്ക്ക് പരിക്കേറ്റു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബേബി ജോൺ പ്രസംഗം തുടരവേ തനിയ്ക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. മന്ത്രി വി എസ് സുനിൽകുമാറുൾപ്പെടെയുള്ള നേതാക്കൾ വിലക്കിയെങ്കിലും പെട്ടെന്ന് ഇയാൾ ബേബി ജോണിനെ തള്ളിയിടുകയായിരുന്നു. വളണ്ടിയർമാരും പൊലീസും ചേർന്ന് ഇയാളെ വേദിയിൽ നിന്ന് കൊണ്ടുപോയി. രോഷാകുലരായ ചില പ്രവർത്തകർ യുവാവിനെ മർദിച്ചു. എഴുന്നേറ്റ ശേഷവും ബേബി ജോണ്‍ പ്രസംഗം തുടർന്നു.
പ്രവർത്തകരെ നിയന്ത്രിച്ച മന്ത്രി വി എസ് സുനിൽകുമാർ, ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമമാണെങ്കിൽ ഗൗരവമായെടുക്കുമെന്ന് വ്യക്തമാക്കി. അതേസമയം യുവാവ് മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ നടപടികളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.