'ചോദിച്ചതെല്ലാം പിണറായി തന്നു, വികസന കാര്യത്തിൽ മുഖ്യമന്ത്രിയെ വിശ്വസിക്കുന്നു': അനിൽ അക്കര
ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ട്.
തൃശ്ശൂർ: വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'തൃശ്ശൂരിൽ 13 അസംബ്ലി മണ്ഡലങ്ങളാണ് ഉള്ളത്. ഒരു പക്ഷെ പിണറായി വിജയന്റെ സർക്കാർ ഏറ്റവുമധികം വികസനം തന്ന മണ്ഡലം വടക്കാഞ്ചേരിയാണ്. പിണറായി വിജയനെ അവർ അവിശ്വസിക്കുമോയെന്ന് എനിക്കറിയില്ല. ഞാൻ പിണറായി വിജയന്റെ വികസനത്തിന്റെ കാര്യത്തിൽ വിശ്വസിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ക്യാംപസ് മെഡിക്കൽ കോളേജായി തൃശ്ശൂർ മാറുന്നു. ലീനിയർ ആക്സിലറേറ്ററുള്ള ഏക മെഡിക്കൽ കോളേജും തൃശ്ശൂരാണ്. ജില്ലയിൽ ആകെയൊരു ഗതാഗതക്കുരുക്ക് പരിഹരിച്ചത് വടക്കാഞ്ചേരിയിലാണ്. പുഴക്കലിലെ പാലമാണ് പിണറായി വിജയൻ ഈ സർക്കാരിന്റെ കാലത്ത് ആദ്യമായി നിർമ്മിച്ചതും പണി പൂർത്തിയാക്കിയതും. ചോദിച്ചതെല്ലാം പിണറായി തന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ല.' ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ താൻ തയ്യാറാണെന്നും അനിൽ അക്കര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.