ഒ രാജഗോപാലിന്റെ ചരിത്രവിജയത്തില്‍നിന്ന് ബി ജെ പി പിന്നോട്ട് പോയത് എങ്ങനെ?
''ആ അക്കൗണ്ട് ഇക്കുറി ഞങ്ങളങ്ങ് പൂട്ടും. ബി.ജെ.പിയുടെ വോട്ട് ഷെയറും കുറയും.'' ഇടതുപക്ഷത്തിന്റെ മിന്നും ജയത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍േറതാണ് ഈ വാക്കുകള്‍.
നേമത്ത് കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ നേടിയ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നില്ല. രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ ശാഖാ പ്രവര്‍ത്തനമുള്ള സംസ്ഥാനമായിട്ടും കാവി രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പ് വിജയ ഫോര്‍മുല ആകാത്ത കേരളത്തില്‍ ഒരു എം എല്‍ എ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെയായിരുന്നു. ദേശീയ നേതൃത്വം വരെ ഉറ്റുനോക്കിയ ആ വിജയത്തിന്റെ തുടര്‍ച്ച ഇക്കുറി ഉണ്ടാവുമെന്ന പ്രതീതിയാണ് സംസ്ഥാന നേതൃത്വം സൃഷ്ടിച്ചത്. ഒന്നില്‍ നിന്ന് 12 സീറ്റുകളിലേക്ക് ഇക്കുറി സംഘരാഷ്ട്രീയം വളരുമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
''ആ അക്കൗണ്ട് ഇക്കുറി ഞങ്ങളങ്ങ് പൂട്ടും. ബി.ജെ.പിയുടെ വോട്ട് ഷെയറും കുറയും.''
ഇടതുപക്ഷത്തിന്റെ മിന്നും ജയത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍േറതാണ് ഈ വാക്കുകള്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ്, മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഭാവിയെക്കുറിച്ച് പിണറായി ഇങ്ങനെ പറഞ്ഞത്. ആ വാക്കുകള്‍ ശരിവെക്കുന്നതാണ് ഇന്നു പുറത്തുവന്ന ഫലപ്രഖ്യാപനം. ഏറെക്കാലത്തെ ആഗ്രഹത്തിനൊടുവില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബി.ജെ.പി അക്കൗണ്ട് കൂടി പൂട്ടി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സ്വന്തം തട്ടകത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ഇക്കുറി ബി.ജെ.പി രണ്ടക്കം കടക്കും എന്ന് ഉറപ്പിച്ചു പറഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാവട്ടെ മല്‍സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തെ മറികടന്ന് കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പടക്കളത്തിലിറങ്ങിയ ശോഭാ സുരേന്ദ്രന്‍, ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി.ജെ.പി നേതൃത്വം ഉയര്‍ത്തിക്കാട്ടിയ മെട്രോമാന്‍ ഇ ശ്രീധരന്‍, ഇക്കുറി തൃശൂരിനെ ഞാനങ്ങ് എടുക്കുമെന്ന് ഉറപ്പുപറഞ്ഞ സൂപ്പര്‍ താരം സുരേഷ് ഗോപി, അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖമുദ്രയുമായി പോരിനിറങ്ങിയ മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിങ്ങനെ പാര്‍ട്ടി പ്രതീക്ഷയോടെ രംഗത്തിറക്കിയ മുന്‍നിര താരങ്ങളെല്ലാം പടിക്കു പുറത്തായി.
നേമത്ത് കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ നേടിയ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നില്ല. രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ ശാഖാ പ്രവര്‍ത്തനമുള്ള സംസ്ഥാനമായിട്ടും കാവി രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പ് വിജയ ഫോര്‍മുല ആകാത്ത കേരളത്തില്‍ ഒരു എം എല്‍ എ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെയായിരുന്നു. ദേശീയ നേതൃത്വം വരെ ഉറ്റുനോക്കിയ ആ വിജയത്തിന്റെ തുടര്‍ച്ച ഇക്കുറി ഉണ്ടാവുമെന്ന പ്രതീതിയാണ് സംസ്ഥാന നേതൃത്വം സൃഷ്ടിച്ചത്. ഒന്നില്‍ നിന്ന് 12 സീറ്റുകളിലേക്ക് ഇക്കുറി സംഘരാഷ്ട്രീയം വളരുമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ആറു സീറ്റുകളെങ്കിലും കിട്ടുമെന്നായിരുന്നു ആര്‍ എസ് എസ് നേതൃത്വത്തിന്റെ വിശകലനം. ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ സീറ്റുകള്‍ ബി.ജെ.പി നേടുമെന്നായിരുന്നു എക്സിറ്റു പോളുകളും പറഞ്ഞത്.
ആ കണക്കുകൂട്ടല്‍ വെറുതെയായിരുന്നില്ല. 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 15.5 ആയിരുന്നു. 2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതു 16 ശമാനത്തോളമായി ഉയര്‍ന്നു. തൊട്ടുപിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാവട്ടെ, വോട്ട് ശതമാനം ഏതാണ്ട് 17 ആയി വര്‍ദ്ധിക്കുകയും പാര്‍ട്ടി ഗണ്യമായ നേട്ടം കൈവരിക്കുകയും ചെയ്തു. അത് വര്‍ദ്ധിപ്പിച്ച് 20 ശതമാനമായി ഉയര്‍ത്തുകയായിരുന്നു ഇക്കുറി പാര്‍ട്ടി ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാര്‍, അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ എന്നിവരടക്കം പങ്കെടുത്ത പ്രചണ്ഡ പ്രചാരണങ്ങള്‍, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍, ഇരുമുന്നണികളെയും നിലംപരിശാക്കുന്ന ആളും അര്‍ത്ഥവും നിറഞ്ഞ കാമ്പെയിന്‍, ജാതി, ഉപജാതി സമുദായ രാഷ്ട്രീയവുമായുള്ള ബാന്ധവങ്ങള്‍, ക്രിസ്തീയ സഭയുമായുള്ള അടുപ്പം, പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികള്‍, സംഘരാഷ്ട്രീയത്തിന് ഇടമുണ്ടാവുന്ന വിധത്തിലുള്ള സാമൂഹ്യ ഇടപെടലുകള്‍, ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കൂട്ടായ്മകള്‍ തുടങ്ങിയ ഘടകങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് ഈ നേട്ടം കൈവരിക്കുകയായിരുന്നു പാര്‍ട്ടി തന്ത്രം. ആ പദ്ധതികള്‍ കൃത്യമായി നടന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ടു. പ്രധാനമന്ത്രിമുതലുള്ള നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായി. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി നേരിട്ട് മേല്‍നോട്ടം വഹിച്ചു.
സ്വന്തം വോട്ടുകൊണ്ടുമാത്രം ജയിക്കാവുന്ന മൂന്ന് സീറ്റുകള്‍ നിശ്ചയമായും തങ്ങള്‍ക്കുണ്ട് എന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍. നേമം, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു ധാരണ. ബി.ജെ.പി വരുന്നതോടെ ത്രികോണ മല്‍സരം നടക്കുന്ന 25 മണ്ഡലങ്ങളെങ്കിലും കേരളത്തിലുണ്ട് എന്നതായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആറ് മണ്ഡലങ്ങളില്‍ വിജയം, മറ്റിടങ്ങളില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പാക്കുക എന്നതായിരുന്നു അടിസ്ഥാന പ്ലാന്‍. ഇവിടങ്ങളിലെല്ലാം 30 മുതല്‍ 45% വരെ വോട്ടു പിടിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. കടുത്ത മല്‍സരം നടക്കുമെന്ന് ഇടതു വലതു മുന്നണികള്‍ കണക്കുകൂട്ടുന്ന മറ്റ് പത്തു മണ്ഡലങ്ങളില്‍ 30 ശതമാനം വോട്ടെങ്കിലും സ്വന്തമാക്കാനാവും എന്നും പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി ജയം തടയുന്നതിന് സാധാരണയായി ഇടതുവലതു മുന്നണികള്‍ സ്വീകരിക്കാറുള്ള പരസ്പരം വോട്ടു മറിക്കുന്ന സമ്പ്രദായം ഇത്തവണ ഉണ്ടാവാന്‍ ഇടയില്ലെന്ന ധാരണയും നേതൃത്വത്തിനുണ്ടായിരുന്നു. ഇടതുപക്ഷം തുടര്‍ഭരണം ലക്ഷ്യമിടുന്നതിനാല്‍ യു ഡി എഫിന് വോട്ട് മറിക്കില്ലെന്നും ഭരണ സാദ്ധ്യത മുന്നില്‍ കാണുന്നതിനാല്‍ യു ഡി എഫ് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനിടയില്ലെന്നും ബി.ജെ.പി നേതൃത്വം കണക്കുകൂട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഈ ശ്രീധരനെ ഉയര്‍ത്തിക്കാട്ടിയത് ഈ പ്രതീക്ഷകളുടെ ബലത്തിലായിരുന്നു. സീറ്റുകള്‍ രണ്ടക്കം കടക്കുമെന്ന സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനവും ഈ വഴിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പലയിടത്തും ഇത്തവണ മൂന്നാമതാവുകയായിരുന്നു ബി.ജെ.പി.
തുടക്കത്തിലേ തന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്കു പോലും സംഭവിക്കാത്ത വിധം, നോമിനേഷന്‍ നല്‍കിയതിലെ പോരായ്മ മൂലം മൂന്നിടങ്ങളില്‍ ബി.ജെ.പിക്ക് മല്‍സരിക്കാനായില്ല. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കാന്‍ പോലുമറിയില്ല എന്ന പ്രചാരണം സോഷ്യല്‍ മീഡിയയിലടക്കം ഉയരാന്‍ ഇതിടയാക്കി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മല്‍സരിച്ചത് പരാജയ ഭീതി മൂലമാണെന്നും പ്രചാരണമുണ്ടായി. അതോടൊപ്പമായിരുന്നു സംഘടനയിലെ പടലപ്പിണക്കങ്ങള്‍. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിലടക്കം അത് വ്യക്തമായിരുന്നു. എന്‍ എസ് എസ് അവസാന നിമിഷം സര്‍ക്കാറിനെതിരെ നിലപാട് എടുത്തുവെങ്കിലും സമുദായ നേതൃത്വങ്ങളെ തുടക്കത്തിലേ കൂടെക്കൂട്ടുന്നതില്‍ വീഴ്ച വന്നുവെന്നും വിമര്‍ശനമുണ്ടായി. വോട്ട് വില്‍പ്പന പോലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട ആര്‍.ബാലശങ്കറിന്റെ വിവാദ പരാമര്‍ശങ്ങളും മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ പ്രസ്താവനകളും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കി. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസിനെ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയും ആദിവാസി നേതാവ് സി.കെ ജാനു ഉയര്‍ത്തിയ വിമര്‍ശനങ്ങളും കരടായി മാറി.
ഇതിനെല്ലാമിടയിലാണ് ഇന്നത്തെ ഫലപ്രഖ്യാപനം. മിസോറാം ഗവര്‍ണര്‍ പദവി ത്യജിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പുതിയ അങ്കത്തില്‍, കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പരാജയപ്പെടുത്തിയ സിപിഎമ്മിലെ ശിവന്‍കുട്ടിയോട് 5421 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2016- ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് തോറ്റ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇത്തവണ 3000-ലേറെ വോട്ടിനാണ് പരാജയപ്പെട്ടത്. ശബരിമല സമര നായകന്‍ എന്ന പരിവേഷത്തോടെ കോന്നിയില്‍ മല്‍സരിച്ച സുരേന്ദ്രന് അവിടെയും കാലിടറി. 2019 -ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ 40,000 -ല്‍ പരം വോട്ട് നേടിയ സുരേന്ദ്രന്‍ 2019 -ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 39786 വോട്ടു നേടിയിരുന്നു. എന്നാല്‍ ഇത്തവണയും കോന്നിയില്‍ അദ്ദേഹം മൂന്നാമതായി. കഴക്കൂട്ടം സീറ്റ് ചോദിച്ചു വാങ്ങിയ ശോഭാ സുരേന്ദ്രനും സംഭവിച്ചത് വലിയ പരാജയമായിരുന്നു. ശബരിമല വിഷയം ഇളക്കിവിട്ടെങ്കിലും എതിരാളിയായ കടകംപള്ളി സുരേന്ദ്രന്‍ ഭൂരിപക്ഷം ഇരട്ടിയാക്കി. ഫലം വരും മുമ്പേ എം. എല്‍. എ ഓഫീസ് ആരംഭിക്കുന്നത്ര ആത്മവിശ്വാസം പ്രകടിപ്പിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ അവസാന നിമിഷം കോണ്‍ഗ്രസിലെ യുവനേതാവ് ഷാഫി പറമ്പിലിനു മുന്നില്‍ 3863 വോട്ടുകള്‍ക്ക് പരാജയം സമ്മതിക്കുകയായിരുന്നു.
എന്നാല്‍, നേമത്തും പാലക്കാടും തൃശൂരും ബി.ജെ.പി ആദ്യ ഘട്ടത്തില്‍ നടത്തിയത് വന്‍മുന്നേറ്റമായിരുന്നു. അവസാന നേരം വരെ ഇവിടങ്ങളില്‍ മുന്നില്‍ തന്നെയായിരുന്നു പാര്‍ട്ടി. എന്നാല്‍, വലിഞ്ഞു മുറുകിയ ക്ലൈമാക്സിനൊടുവില്‍ ഫോട്ടോ ഫിനിഷില്‍ മൂന്നിടങ്ങളിലും ഒന്നിച്ച് പരാജയം സംഭവിക്കുകയായിരുന്നു. ഇടതു വലതു വോട്ടുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ആ അവസ്ഥ ഉണ്ടായതെന്ന പതിവുവാദം ഇത്തവണയും പറയുന്നുണ്ടെങ്കിലും, അവസാന ഘട്ടം വരെ പ്രദര്‍ശിപ്പിച്ച ഉജ്വല പ്രകടനം ആ സാദ്ധ്യതയെ തള്ളിക്കളയുന്നുണ്ട്. പരാജയവുമായി ബന്ധപ്പെട്ട ഗൗരവമായ ചര്‍ച്ചകള്‍ ഇനിയും പാര്‍ട്ടിക്കുള്ളില്‍ നടക്കും. കേന്ദ്ര നേതൃത്വം അങ്ങേയറ്റം പ്രതീക്ഷയോടെ കണ്ട കേരളത്തിലെ മുന്നേറ്റങ്ങള്‍ക്ക് സംഭവിച്ച ഈ തിരിച്ചടി പരിഹരിക്കാനുളള ശ്രമങ്ങളും നടക്കും.