ദൈനംദിന ഉല്‍പന്നങ്ങള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില കൂടി: മൊത്തവില പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്നു
ജനുവരിയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.76 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 2.74 ശതമാനമായിരുന്നു. പഴം, പച്ചക്കറി, പാല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രാഥമിക ഉല്‍പന്നങ്ങളുടെ വിഭാഗത്തില്‍ 4.84 ശതമാനമാണ് മൊത്തവില പണപ്പെരുപ്പം. ജനുവരിയില്‍ ഈ വിഭാഗത്തില്‍ പണപ്പെരുപ്പം 3.54 ശതമാനമായിരുന്നു.
ദില്ലി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ഫെബ്രുവരിയില്‍ 2.93 ശതമാനമായി ഉയര്‍ന്നു. ജനജീവിതത്തിന് ദൈനംദിന ആവശ്യങ്ങള്‍ക്കുളള ഉല്‍പന്നങ്ങള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് മൊത്തവില പണപ്പെരുപ്പം രാജ്യത്ത് കൂടാനിടയാക്കിയത്.
ജനുവരിയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.76 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 2.74 ശതമാനമായിരുന്നു. പഴം, പച്ചക്കറി, പാല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രാഥമിക ഉല്‍പന്നങ്ങളുടെ വിഭാഗത്തില്‍ 4.84 ശതമാനമാണ് മൊത്തവില പണപ്പെരുപ്പം. ജനുവരിയില്‍ ഈ വിഭാഗത്തില്‍ പണപ്പെരുപ്പം 3.54 ശതമാനമായിരുന്നു. ഇന്ധന -വൈദ്യുതി വിഭാഗത്തില്‍ ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 1.85 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് 2.23 ശതമാനമായി ഉയര്‍ന്നു.
ജനുവരി മാസത്തില്‍ മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.84 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് ഉയര്‍ന്ന് 3.29 ശതമാനമായി കൂടുകയാണുണ്ടായത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ഫെബ്രുവരിയിലെ മൊത്തവിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.88 ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.