പേള്‍സ് നിക്ഷേപ തട്ടിപ്പ്: അപേക്ഷകര്‍ അറിയേണ്ടതെല്ലാം; അവസരം ഏപ്രില്‍ 30 വരെ മാത്രം
നിലവില്‍ 2,500 ന് മുകളില്‍ നിക്ഷേപം നടത്തിയവരുടെ അപേക്ഷകള്‍ക്കാണ് സെബി പരിഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2,500 രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് സെബി പണം നല്‍കിക്കഴിഞ്ഞു. എങ്കിലും ശേഷിക്കുന്ന തട്ടിപ്പിന് ഇരയായ എല്ലാവര്‍ക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സെബിയുടെ വെബ്സൈറ്റില്‍ അപ്ലൈ ചെയ്യുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. കോടതിയില്‍ പിഎസിഎല്‍ സമര്‍പ്പിച്ച രേഖകളില്‍ പരാമര്‍ശിച്ച വസ്തുവകകളുടെ വില്‍പ്പന നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.
പേള്‍സ് (പിഎസിഎല്‍) നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് നിക്ഷേപം തിരികെ നല്‍കാനുളള സെബിയുടെ (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടികള്‍ പുരോഗമിച്ചു വരുകയാണ്. പേള്‍സ് (പിഎസിഎല്‍) നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് ഏപ്രില്‍ 30 വരെ സെബി ഇതിനായി ചുമതലപ്പെടുത്തിയ കമ്മറ്റിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാം. റിട്ട. ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലാണ് പിഎസിഎല്‍ നിക്ഷേപ തട്ടിപ്പ് കൈകാര്യം ചെയ്യുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളും നിക്ഷേപകര്‍ ഉന്നയിക്കുന്നുണ്ട്.
വലിയ ഏജന്‍റ് ശൃംഖല സൃഷ്ടിച്ചായിരുന്നു പേള്‍സ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലെ ഗ്രാമങ്ങളെയാണ് പ്രധാനമായും പേള്‍സ് ഇതിനായി ലക്ഷ്യമിട്ടത്. ഈ തട്ടിപ്പില്‍ ഏജന്‍റുന്മാരും നിക്ഷേപകരും ഓരേപോലെ കബളിപ്പിക്കപ്പെടുകയായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന സാമ്പത്തിക അറിവില്ലായ്മയാണ് ഇത്തരത്തില്‍ ഒരു വലിയ നിക്ഷേപ തട്ടിപ്പിന് വഴിവച്ചത്. പലപ്പോഴും നാട്ടിന്‍ പുറങ്ങളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നവരെയാണ് പേള്‍സ് ഏജന്‍റുന്മാരായി നിയമിച്ചത്. ഇത് വലിയ തോതില്‍ നിക്ഷേപം നേടിയെടുക്കാന്‍ അവരെ സഹായിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സെബിയാണ് പിഎസിഎല്ലിന്‍റെ വസ്തുവകകള്‍ വില്‍പ്പന നടത്തി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതിനായി കമ്മിറ്റി രൂപീകരിച്ചത്.
കാര്‍ഷിക മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തില്‍ നിന്നടക്കം ഏകദേശം 60,000 കോടി രൂപയോളം അനധികൃതമായി പിഎസിഎല്‍ ലിമിറ്റഡ് പിരിച്ചെടുത്തത്. ഇപ്പോള്‍ തട്ടിപ്പിന് ഇരയായവരില്‍ നിന്ന് നിക്ഷേപം തിരികെക്കിട്ടാനുളള അപേക്ഷ സ്വീകരിക്കലാണ് പുരോഗമിച്ചു വരുന്നത്. ഇതിനായി സെബി പ്രത്യേക വെബ്സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ ഉളള പിഎസിഎല്ലിന്‍റെ വസ്തു വകകള്‍ വില്‍ക്കാനുളള അവകാശം കമ്മറ്റിക്ക് മാത്രമാണെന്നാണ് സെബി വ്യക്തമാക്കുകയും കൂടി ചെയ്തതോടെ നടപടികള്‍ക്ക് വേഗം കൈവന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഉയരുന്ന ആശങ്കകള്‍
കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചാലും നഷ്ടപ്പെട്ട നിക്ഷേപം തിരികെ ലഭിക്കുമോ, എന്ന ആശങ്കയിലാണ് ഇപ്പോള്‍ തട്ടിപ്പിനിരയായവര്‍. നിക്ഷേപകര്‍ സമര്‍പ്പിക്കുന്ന ക്ലെയിമുകളുടെ വിശദ പരിശോധനകള്‍ക്ക് ശേഷമാകും നഷ്ടപ്പെട്ട പണം കമ്മറ്റി വിതരണം ചെയ്യുക. അര്‍ഹതയുളള എല്ലാവര്‍ക്കും നിക്ഷേപം തിരികെ ലഭിക്കുമെന്നാണ് സെബി വ്യക്തമാക്കുന്നത്. സെബിയുടെയും ആര്‍ എം ലോധ കമ്മറ്റിയുടെയും ഈ വിഷയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകര്‍ക്ക് ഗുണപരമായ രീതിയിലാണ് പുരോഗമിക്കുന്നതെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
നിക്ഷേപങ്ങള്‍ക്ക് വര്‍ഷങ്ങളായുളള പലിശ ലഭിക്കുമോ എന്നാണ് നിക്ഷേപകര്‍ക്കിടയില്‍ പടരുന്ന മറ്റൊരു ആശങ്ക. എന്നാല്‍, നിക്ഷേപ തുകയോടൊപ്പം പലിശ കൂടി തിരികെ കിട്ടുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. കമ്മിറ്റിക്ക് മുന്നില്‍ എത്തുന്ന ക്ലെയിമുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും വിതരണം ഏത് രീതിയില്‍ വേണമെന്ന് അന്തിമ തീരുമാനം എടുക്കുകയെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ നിക്ഷേപത്തിന് പലിശ ലഭിക്കുമോ ? എന്നതില്‍ വ്യക്തതക്കുറവുണ്ട്.
കമ്മിറ്റിക്ക് മുന്നില്‍ എത്തുന്ന ക്ലെയിമുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാന്‍ സാധ്യതയുളളതായാണ് തട്ടിപ്പ് ഇരയാവരുടെ നിഗമനം. നിക്ഷേപം സംബന്ധിച്ച് രേഖകള്‍ നഷ്ടപ്പെട്ടവരുടെയും മരിച്ച് പോയവരുടെയും അപേക്ഷകള്‍ ലോധ കമ്മറ്റിക്ക് മുന്നില്‍ എത്താതെ പോകുമോ എന്ന ആശങ്കയാണ് ഈ നിഗമനത്തിലേക്ക് അവരെ എത്തിച്ചത്. ഓണ്‍ലൈനായി ക്ലെയിമുകള്‍ സമര്‍പ്പിക്കാനുളള അറിവില്ലായ്മയും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ നല്‍കിയിട്ടുളള അപേക്ഷ തീയതിയായ ഏപ്രില്‍ 30 നീട്ടണമെന്ന അഭിപ്രായവും നിക്ഷേപ തട്ടിപ്പിനിടയായവര്‍ക്കിടയില്‍ ശക്തമാണ്.
തട്ടിപ്പിന് ഇരയായവര്‍ ആറ് കോടിക്ക് മുകളില്‍
നിലവില്‍ 2,500 ന് മുകളില്‍ നിക്ഷേപം നടത്തിയവരുടെ അപേക്ഷകള്‍ക്കാണ് സെബി പരിഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2,500 രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് സെബി പണം നല്‍കിക്കഴിഞ്ഞു. എങ്കിലും ശേഷിക്കുന്ന തട്ടിപ്പിന് ഇരയായ എല്ലാവര്‍ക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സെബിയുടെ വെബ്സൈറ്റില്‍ അപ്ലൈ ചെയ്യുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. കോടതിയില്‍ പിഎസിഎല്‍ സമര്‍പ്പിച്ച രേഖകളില്‍ പരാമര്‍ശിച്ച വസ്തുവകകളുടെ വില്‍പ്പന നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഓസ്ട്രേലിയയില്‍ പിഎസിഎല്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില വസ്തുവകകള്‍ കണ്ടെത്തിയിരുന്നു. അവ കണ്ടുകെട്ടാന്‍ ഉത്തരവായതായി സെബി അതികൃതര്‍ അറിയിച്ചു. രാജ്യത്ത് ആറ് കോടിക്ക് മുകളില്‍ ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് സെബി നല്‍കുന്ന വിവരം. ചില അപേക്ഷകര്‍ക്ക് കമ്പനി നല്‍കിയ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അവര്‍ കൈമാറിയ രേഖകളില്‍ ഇല്ലെന്നതും സെബിയെയും അപേക്ഷകരെയും കുഴയ്ക്കുന്നുണ്ട്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കാം:
അപേക്ഷ സമര്‍പ്പിക്കാനായി പ്രത്യേക വെബ്സൈറ്റ് സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് അഡ്രസ്: https://www.sebipaclrefund.co.in/. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 022 6121 6966 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് കാര്യങ്ങള്‍ ഇവയാണ്.
പിഎസിഎല്‍ സര്‍ട്ടിഫിക്കറ്റ്/ രസീത് നല്‍കിയിട്ടുളള അപേക്ഷന്‍റെ പേര് തന്നെ രജിസ്ട്രേഷനിലും നല്‍കുക. ക്ലെയിം തുക കൃത്യമായി നല്‍കുക. പാന്‍ നമ്പര്‍ എന്‍റര്‍ ചെയ്യുക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പിഴവുകളില്ലാതെ നല്‍കുക. ബാങ്ക് ശാഖയുടെ പേരും ഐഎഫ്എസ്‍സി കോഡും നല്‍കണം.
അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യേണ്ടവ: പാന്‍ കാര്‍ഡിന്‍റെ കോപ്പി, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ക്യാന്‍സല്‍ ചെയ്ത ചെക്ക് അല്ലെങ്കില്‍ ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക സെബിയുടെ സൈറ്റിലുണ്ട്), പിഎസിഎല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രസീതുകളും, എന്നിവയാണ് അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യേണ്ടവ.