2019, 2020 വര്‍ഷങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് അന്താരാഷ്ട്ര ഏജന്‍സി: ആശ്വാസകരമെന്ന് വിദഗ്ധര്‍
മൂഡീസിന്‍റെ 2019 ലെയും 2020 ലെയും ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് മൂഡീസ് ഇന്ത്യന്‍ ജിഡിപിയെപ്പറ്റി (മൊത്ത ആഭ്യന്തര ഉല്‍പാദനം) വിവരിക്കുന്നത്. ഇരു വര്‍ഷങ്ങളിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സുസ്ഥിരമായിരിക്കുമെന്നതിന്‍റെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളത്.
ദില്ലി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് പുറത്തുവിട്ടു. 2019 ലെയും 2020 ലെയും വളര്‍ച്ച നിരക്കുകളാണ് മൂഡീസ് പ്രവചിച്ചത്. ഇന്ത്യന്‍ സമ്പദ്‍ഘടന ഇരു വര്‍ഷങ്ങളിലും 7.3 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം.
മൂഡീസിന്‍റെ 2019 ലെയും 2020 ലെയും ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് മൂഡീസ് ഇന്ത്യന്‍ ജിഡിപിയെപ്പറ്റി (മൊത്ത ആഭ്യന്തര ഉല്‍പാദനം) വിവരിക്കുന്നത്. ഇരു വര്‍ഷങ്ങളിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സുസ്ഥിരമായിരിക്കുമെന്നതിന്‍റെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളത്. ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ ചെലവാക്കലിലുളള വളര്‍ച്ച സുസ്ഥിരമായിരിക്കും. നിക്ഷേപ ചെലവാക്കലുകളും കയറ്റുമതിയും വര്‍ദ്ധിക്കുമെന്നും മൂഡിസ് പറയുന്നു.
റിസര്‍വ് ബാങ്ക് അടുത്തിടെ പണനയഅവലോകനയോഗത്തില്‍ സ്റ്റാറ്റസ് കാലിബറേറ്റഡ് ടൈറ്റനിംഗില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റിയതും രാജ്യത്തിന് ഗുണകരമാകും. ഇന്നലെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിലെ ജിഡിപി നിരക്കുകള്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയെടുത്തത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച നിരക്ക് പ്രകടിപ്പിച്ചിരുന്നു.
മൂഡീസിന്‍റെ പ്രവചനം പുറത്തുവന്നത് ഇന്ത്യന്‍ സമ്പദ്‍ഘടനയ്ക്ക് ഏറെ ആശ്വാസകരമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ലോക സമ്പദ്ഘടനയില്‍ വരുന്ന വര്‍ഷം ഇടിവ് പ്രവചിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‍ഘടന സുസ്ഥിര വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണ്.