വ്യാളി തളരുന്നു: വളര്‍ച്ചാ ലക്ഷ്യം വെട്ടിക്കുറച്ച് ചൈന; വരും ദിവസങ്ങളില്‍ ലോകം കാണാന്‍ പോകുന്നത് എന്താകും?
കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ തുടങ്ങിയ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിയമത്തിന്‍റെ കരട് അവതരിപ്പിച്ചിരുന്നു. മാര്‍ച്ച് എട്ടിന് കരടിന്‍റെ അവലോകനവും 15 ന് നിയമ മാറ്റം വോട്ടിനിടുകയും ചെയ്യും. വ്യാപാര യുദ്ധത്തില്‍ ചൈനീസ് സമ്പദ്ഘടനയ്ക്ക് വലിയ ക്ഷീണം സംഭവിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിലൂടെ ഉയര്‍ന്ന വ്യാപാര കമ്മിയില്‍ കുറവ് വരുത്തുകയാവും ചൈനയുടെ ആദ്യ ശ്രമം.
പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കാനുളള ചൈനയുടെ തീരുമാനം ലോക സമ്പദ്‍വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ചൈനയുടെ ഈ തീരുമാനത്തെ ജാഗ്രതയോടെയാണ് മറ്റ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ വീക്ഷിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ്- 6.5 ശതമാനത്തിലേക്കാണ് അവര്‍ കുറച്ചത്. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു.
രാജ്യത്ത് ഉയര്‍ന്നുവരുന്ന മാന്ദ്യ സൂചനകളുടെയും അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് വളര്‍ച്ചാ ലക്ഷ്യത്തില്‍ മാറ്റം വരുത്തിയത്. ഈ വര്‍ഷം പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്‍റെ എഴുപതാം വാര്‍ഷികമെന്ന പ്രത്യേകത കൂടിയുണ്ട്. അതിനാല്‍ തന്നെ എല്ലാ മേഖലകളിലും മുന്നേറ്റം പ്രകടമായ രാജ്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുളള ശ്രമത്തിലാണ് ചൈന.
എന്നാല്‍, അമേരിക്കയുമായി ഉടലെടുത്ത വ്യാപാര യുദ്ധം ചൈനയെ അത്തരത്തിലൊരു മുന്നേറ്റത്തില്‍ നിന്ന് പിന്നിലേക്ക് വലിക്കുകയാണിപ്പോള്‍. അതിനാല്‍ പുതിയ വിദേശ നിക്ഷേപ നിയമം എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാനാകും ഷീ ജിന്‍പിംഗ് സര്‍ക്കാരിന്‍റെ ശ്രമം. വിദേശ നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും ഷീയുടെ പുതിയ നിയമമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. വിദേശ നിക്ഷേപ നിയമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് വ്യാപാര യുദ്ധം ഒഴിവാക്കാന്‍ അമേരിക്ക മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചൈന അംഗീകരിക്കുന്നതിന്‍റെ സൂചനയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ തുടങ്ങിയ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിയമത്തിന്‍റെ കരട് അവതരിപ്പിച്ചിരുന്നു. മാര്‍ച്ച് എട്ടിന് കരടിന്‍റെ അവലോകനവും 15 ന് നിയമ മാറ്റം വോട്ടിനിടുകയും ചെയ്യും. വ്യാപാര യുദ്ധത്തില്‍ ചൈനീസ് സമ്പദ്ഘടനയ്ക്ക് വലിയ ക്ഷീണം സംഭവിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിലൂടെ ഉയര്‍ന്ന വ്യാപാര കമ്മിയില്‍ കുറവ് വരുത്തുകയാവും ചൈനയുടെ ആദ്യ ശ്രമം. ഏകദേശം 25,000 കോടി ഡോളറിന്‍റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ഉയര്‍ത്തിയിട്ടുണ്ട്. ചൈന യുദ്ധത്തില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ 20,000 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി 25 ശതമാനം തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ മുന്നറിയിപ്പ്. ഔദ്യോഗികമായി ഇത്തരം കാര്യങ്ങളില്‍ അധികം പ്രതികരണങ്ങള്‍ക്ക് ചൈന മുതിര്‍ന്നിട്ടില്ല. എന്നാല്‍, നയതന്ത്ര തലത്തില്‍ ചൈനയും അമേരിക്കയും പ്രശ്ന പരിഹാരത്തിനായി നീണ്ട ചര്‍ച്ചകള്‍ തന്നെ നടത്തിവരുകയാണിപ്പോള്‍.
കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന ചൈനീസ് സമ്പദ്‍വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 6.6 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുകയെന്നത് യുഎസ്സിന്‍റെ പ്രധാന ആവശ്യമാണ്. ഇക്കാര്യം ചൈനീസ് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യത്തോടെ പരിഗണിക്കുന്നതായാണ് വിവരം. പലപ്പോഴായി വിദേശ നിക്ഷേപകരില്‍ നിന്നുയര്‍ന്ന ആവശ്യങ്ങളായ ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ പരിരക്ഷ പുതിയ വിദേശ നിക്ഷേപ നിയമത്തിലെ പ്രധാന ഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുളളതായാണ് റിപ്പോര്‍ട്ടുകള്‍.