International Museum Day 2022 : ജീവിതത്തില്‍ നിര്‍ബന്ധമായും പോവേണ്ട 10 ഇടങ്ങള്‍!

പല ലോകരാജ്യങ്ങളില്‍ നിന്നുള്ള ആഗോളപ്രശസ്ത മ്യൂസിയങ്ങളില്‍ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ. 

World Museums Day 10 unusual museums around the world by PR Vandana

ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്.  മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൗണ്‍സില്‍ അഥവാ ICOM ആണ് 1977 മുതല്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളുടെ നടത്തിപ്പിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക, പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ സമാഹരിക്കുക തുടങ്ങിയവയെല്ലാമാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. മ്യൂസിയം നടത്തിപ്പില്‍ ഉള്‍പെട്ട  വിവിധ വിദഗ്ധര്‍ തമ്മിലുള്ള ആശയവിനിമയം കൂട്ടലും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് മ്യൂസിയങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമാകാറുണ്ട്. ഇക്കുറി ദിനാചരണത്തിന്റെ മുദ്രാവാക്യം മ്യൂസിയങ്ങളുടെ ശക്തി എന്നതാണ്. 

പല ലോകരാജ്യങ്ങളില്‍ നിന്നുള്ള ആഗോളപ്രശസ്ത മ്യൂസിയങ്ങളില്‍ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ. 

 

World Museums Day 10 unusual museums around the world by PR Vandana
 

ലൂവ് മ്യൂസിയം

ആദ്യം പറയേണ്ട പേര്  നിസ്സംശയം പറയാം, പാരീസിലെ  ലൂവ് മ്യൂസിയം. (LOUVRE, PARIS). കരവിരുതിന്റെയും ഭാവനയുടേയും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന തച്ചുശാസ്ത്രത്തിന്റെ ഉദാഹരണമായ കൊട്ടാരം. അവിടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കാഴ്ചവസ്തുക്കള്‍. കൂട്ടത്തില്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മോണോലിസ.  തീര്‍ന്നില്ല. ശില്‍പമികവിന്റെ എക്കാലത്തേക്കുമുള്ള നീക്കിയിരിപ്പായ Venus de Milo, Winged Victory of Samothrace  ശില്‍പങ്ങള്‍. ലൂവ് പാരീസിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രപ്രണയമാണ്.

 

World Museums Day 10 unusual museums around the world by PR Vandana

 

മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട് 

ന്യൂയോര്‍ക്കുകാര്‍ MET എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട് (The Metropolitan Museum of Art,New York)  അമേരിക്കയുടെ അഭിമാനമാണ്. ഒരു ദിവസം മുഴുവന്‍ ചെലവഴിച്ചാലും കണ്ടു തീര്‍ക്കാനാവാത്ത അമൂല്യ സമ്പത്താണിവിടെ. 1870ല്‍ സ്ഥാപിതമായ ഈ മ്യൂസിയത്തില്‍ നമ്മുടെ കണ്‍മുന്നിലെത്തുക ആറായിരം വര്‍ഷത്തെ മാനവ, കലാചരിത്രമാണ്. ഒപ്പം മധുരമായി Botticelli, Rembrandt, Vermeer തുടങ്ങിയ  വിശ്വപ്രസിദ്ധരുടെ ചിത്രങ്ങളും. മ്യൂസിയങ്ങളും പഠനകേന്ദ്രങ്ങളുമെല്ലാം ഉള്‍പെടുന്ന സ്മിത്ത്‌സോനിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, നാഷണല്‍ വേള്‍ഡ് വാര്‍ 11 മ്യൂസിയം, നാഷണല്‍ 9/11 മെമ്മോറിയല്‍ ആന്റ് മ്യൂസിയം തുടങ്ങി അമേരിക്കന്‍ നഗരങ്ങളില്‍ വിവിധ മ്യൂസിയങ്ങള്‍ വേറെയുമുണ്ട്. പക്ഷേ കൂട്ടത്തില്‍ കേമന്‍, വലുത് MET തന്നെ. 

 

World Museums Day 10 unusual museums around the world by PR Vandana

 

സ്റ്റേറ്റ് ഹെര്‍മിറ്റാഷ് മ്യൂസിയം

റഷ്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സ്റ്റേറ്റ് ഹെര്‍മിറ്റാഷ് മ്യൂസിയമാണ്. (The Hermitage Museum ,St. Petersburg)  ലോകത്തെ രണ്ടാമത്തെ വലിയ ആര്‍ട് മ്യൂസിയമാണിത്. ഏറ്റവും പഴക്കമേറിയ ഒന്നും. 1764-ല്‍ സ്ഥാപിതമായ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത് 1852-ല്‍. മ്യൂസിയത്തിലും ചേര്‍ന്നുള്ള ശീതകാലകൊട്ടാരത്തിലുമായി പെയിന്റിങ്ങുകള്‍, കരകൗശലവസ്തുക്കള്‍, ശില്‍പങ്ങള്‍ തുടങ്ങി ദശലക്ഷക്കണക്കിന് കാഴ്ചവസ്തുക്കളാണുള്ളത്.  യൂറേഷ്യയില്‍ നിന്നുള്ള സ്വര്‍ണവസ്തുക്കളുടെ ശേഖരം പ്രത്യേകം എടുത്തുപറയണ്ടതാണ്.

 

 World Museums Day 10 unusual museums around the world by PR Vandana
 

ബ്രിട്ടീഷ് മ്യൂസിയം

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം (British Museum, London) സമസ്ത മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കിയുള്ള ലോകത്തെ ആദ്യ ദേശീയ മ്യൂസിയമാണ്. 1753-ലാണ് ബ്രിട്ടീഷ് മ്യൂസിയം സ്ഥാപിതമായത്. മാനവരാശിയുടെ ചരിത്രം പറയുന്ന 80 ലക്ഷത്തിലധികം സാധനസാമഗ്രികളാണ് ഇവിടെയുള്ളത്.   മാനവസംസ്‌കാരത്തിന്റെ നാള്‍വഴികള്‍, തുടക്കം തൊട്ട് ഇന്നേക്ക്,  കാഴ്ചക്കാരുടെ മുന്നിലൂടെ മാഞ്ഞുപോകും.

  

World Museums Day 10 unusual museums around the world by PR Vandana

 

നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രപ്പോളജി
മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രപ്പോളജി (National Museum of Anthropology, Mexico City) സ്ഥാപിക്കപ്പെട്ടത് 1825-ലാണ്. നൂറ്റാണ്ടുകളുടെ ചരിത്രമാണ് മ്യൂസിയം പറയുന്നത്. നാടിന്റെ പുരാവസ്തുശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ ചരിത്രത്തിലൂടെയുള്ള  യാത്രയാണ് മ്യൂസിയത്തിലെന്ന ഓരോ കാഴ്ചക്കാരനും നടത്തുന്നത്.  ഒപ്പം തദ്ദേശീയരായ ഗോത്രവര്‍ഗങ്ങളെ കുറിച്ചുള്ള അറിവും.  

 

World Museums Day 10 unusual museums around the world by PR Vandana

 

പ്രാദോ നാഷണല്‍ മ്യൂസിയം 
സ്‌പെയിനിലെ മാഡ്രിഡിലുള്ള പ്രാദോ നാഷണല്‍ മ്യൂസിയം (Prado National Museum, Madrid) തുറന്നത് 1819-ലാണ്. അതിപ്രശസ്തനായ ഗോയയുടെ ചിത്രങ്ങള്‍ പ്രധാന ആകര്‍ഷണം. Bosch, El Greco,   Rubens, Titian, Diego Velázquez  തുടങ്ങിയ പ്രതിഭകളുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ പ്രിയഇടമാണ്. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കലാമുന്നേറ്റങ്ങളുടെ ഉദാത്ത ദൃഷ്ടാന്തങ്ങളാണ് ഇവിടുള്ളത്.  

 

World Museums Day 10 unusual museums around the world by PR Vandana

 

അക്രൊപൊളിസ് മ്യൂസിയം
ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ഗ്രീസിന്റെ അമൂല്യ ചരിത്രം പറയുന്ന നിരവധി കാഴ്ചകളാണ് ഏഥന്‍സിലെ  അക്രൊപൊളിസ് മ്യൂസിയത്തിലുള്ളത്. ഇതുവരെ പറഞ്ഞ മ്യൂസിയങ്ങളില്‍ പ്രായം കുറവാണ്. പക്ഷേ പറയുന്ന ചരിത്രത്തിന്റെയും കാണിക്കുന്ന ഓര്‍മശേഷിപ്പുകളുടെയും മൂല്യവും കാലപരിധിയും കുറച്ചധികം കൂടിയതാണ്.

 

World Museums Day 10 unusual museums around the world by PR Vandana

 

വത്തിക്കാന്‍ മ്യൂസിയങ്ങള്‍

വത്തിക്കാന്‍നഗരത്തിലെ മ്യൂസിയങ്ങള്‍ ആദ്യം ഓര്‍മയിലെത്തിക്കുക മൈക്കലാഞ്ചലോ വരച്ച അതിമനോഹരമായ ചിത്രങ്ങള്‍ മേലാപ്പു തീര്‍ക്കുന്ന സിസ്റ്റീന്‍ ചാപ്പലാണ്. ലക്ഷങ്ങളാണ് എല്ലാ കൊല്ലവും ചാപ്പല്‍ കാണാനെത്തുന്നത്. നവോത്ഥാന കാലഘട്ടത്തിലെ കലാസൃഷ്ടികളും റോമന്‍ കാലഘട്ടത്തിന്റെ ഓര്‍മ്മകളായ കലാശേഷിപ്പുകളും വിശ്വാസികളുടെ നാടിന് ചരിത്രസൗന്ദര്യമേറ്റുന്നു.

 

World Museums Day 10 unusual museums around the world by PR Vandana

 

റെയ്ക്‌സ് മ്യൂസിയം

നൂറ്റാണ്ടുകളുടെ ഡച്ച് ചരിത്രമാണ് ആംസ്റ്റര്‍ഡാമിലെ റെയ്ക്‌സ് മ്യൂസിയം  (Rijks museum, Amsterdam)  കാഴ്ച വെക്കുന്നത്. 1798ല്‍ ഹേഗിലാണ് തുടങ്ങുന്നത്.1800-ല്‍ തുറന്നു. ആംസ്റ്റര്‍ഡാമിലേക്കുള്ള പറിച്ചുനടല്‍ 1808-ല്‍. കല, കരൗകശലം, ചരിത്രം അങ്ങനെ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് കാഴ്ചവസ്തുക്കളാണ് ഉള്ളത്. Rembrandt, Frans Hals, Johannes Vermeer തുടങ്ങിയ പ്രതിഭകളുടെ പെയിന്റിങ്ങുകളാണ് മുഖ്യആകര്‍ഷണം.

 

World Museums Day 10 unusual museums around the world by PR Vandana

 

ബീജിങ് നാഷണല്‍ മ്യൂസിയം

ചൈനയുടെ ചരിത്രവും സംസ്‌കാരവും പഠിക്കാനുള്ള, അറിയാനുള്ള ഏറ്റവും നല്ല പുസ്തകം ബീജിങ്ങിലെ നാഷണല്‍ മ്യൂസിയം ( National Museum of China, Beijing) ആണ്. കാരണം അത്രമാത്രം കാഴ്ചവസ്തുക്കളാണ് 48 പ്രദര്‍ശനശാലകളായി അവിടെ പോയ കാലത്തിന്റെ സ്മരണികകളായി ഉള്ളത്. ക്വിങ് രാജവംശത്തിന് മുമ്പേ നടന്നു തുടങ്ങുന്നതാണ് മ്യൂസിയത്തിലെ ചരിത്രം. ഇവിടെയുള്ള പല പ്രദര്‍ശനവസ്തുക്കളും അമൂല്യമാണ്. മറ്റെവിടെയും ഇല്ലാത്തതും.

#

 ചിലത് പറഞ്ഞത് പറയാത്തതിന്റെ മൂല്യം കുറയ്ക്കുന്നില്ല. ഇവിടെ പറയാത്ത മ്യൂസിയങ്ങളാണ് കൂടുതല്‍. മനുഷ്യന്‍ നടന്നുവന്ന വഴി ഇനിയും മുന്നോട്ട് നീളുകയാണ്. മ്യൂസിയങ്ങളുടെ പട്ടികയും നീളും. നമ്മളും ബാക്കിയാക്കുന്ന സ്മരണികകളുമായി മ്യൂസിയങ്ങളിലെ ശേഖരവും വലുതാകും.

Latest Videos
Follow Us:
Download App:
  • android
  • ios