മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ഓണ്‍ലൈനായി ചര്‍ച്ച നടത്തും; ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകും

മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും.

Chief Minister will hold an online discussion with the Munambam protesters tomorrow

കൊച്ചി: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ഓൺലൈനായിട്ടായിരിക്കും ചർച്ച നടത്തുക. സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാർക്ക് ഉറപ്പ് നൽകും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോ​ഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.

അതേ സമയം,  മുനമ്പത്തെ വഖഫ് ഭൂമി തർക്ക പരിഹാരത്തിനായി ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകി.

കത്തിപ്പടരുന്ന മുനമ്പം പ്രശ്നത്തിന് പരിഹാരമായി നാലു സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാറും ഹൈക്കോടതിയെ സമീപിക്കും.

വഖഫ് ട്രൈബ്യൂണലിൽ ഫറൂഖ് കോളേജ് കൊടുത്ത കേസിൽ കക്ഷി ചേരുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും തൽക്കാലം ഇല്ല. ജൂഡീഷ്യൽ കമ്മീഷൻ പരിശോധനക്ക് ഭൂമി വഖഫ് ആണോ അല്ലയോ എൻ്നതിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ. സമരക്കാരുമായി മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും. ആരെയും കുടിയിറക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി വീണ്ടും നേരിട്ട് ഭൂ ഉടമകൾക്ക് നൽകും.

Latest Videos
Follow Us:
Download App:
  • android
  • ios