അമ്മയുടെ മുല അരിഞ്ഞു കൊണ്ടുപോയാല്‍  ആയുഷ്‌ക്കാലം പാല്‍ കുടിക്കാമെന്ന് കരുതുന്നവര്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതുന്നു : എന്ത് കൊണ്ടാണ് കൊറോണക്കാലം മനുഷ്യനെ മാത്രം ഉന്നം വെക്കുന്നത്?

Why corona virus targets homo sapiens by Shihabudheen Poythumkadav

പൂര്‍ണമായും പ്രകൃതിയിലേക്ക് മടങ്ങാനാവില്ല തന്നെ. എന്നാല്‍ മോഡറേറ്റ് ചെയ്യാനാവും. ആരെങ്കിലും കേള്‍ക്കുമോ? ഏതെങ്കിലും ഭരണാധികാരി? കോര്‍പറേറ്റ് വ്യവസായി?  നിരാലംബരായ മനുഷ്യരെയും നിശ്ചല വിശ്രമത്തിലിരിക്കുന്ന പാറകളെയും ഒരേ വികാരത്തിന്മയോടെ വെട്ടിപ്പൊളിച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് മടങ്ങാനാവുമോ?

 

Why corona virus targets homo sapiens by Shihabudheen Poythumkadav

 

ഈ കൊറോണക്കാലം എന്ത് കൊണ്ട് മനുഷ്യനെ മാത്രം ഉന്നം വെച്ചു?

ഈ ഒരു ചോദ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.

ഭൂമിയില്‍ യാതൊന്നിനെയും മനുഷ്യേതര ജീവികള്‍ അപനിര്‍മ്മിക്കുന്നതായി അറിയില്ല. ഭക്ഷണം പാര്‍പ്പിടം സന്താനോല്പാദനം, ആണ്‍ പെണ്‍ ബന്ധം എന്നിവ പരിശോധിച്ചാല്‍ നമുക്കിത് അറിയാം. മനുഷ്യേതര സമൂഹം ഉപജീവിക്കുക മാത്രമേ ചെയ്യുന്നുളളൂ ;അപനിര്‍മ്മിക്കുന്നേയില്ല. അപനിര്‍മ്മിക്കുന്ന ഏക ജീവി മനുഷ്യനാണ്.

രോഗ പ്രതിരോധത്തെ യുദ്ധത്തിന്റെ മെറ്റഫറിലാണ് ഇപ്പോഴും ആഗോള മനുഷ്യന്‍ എടുത്തിരിക്കുന്നത്. എല്ലാ വിജയങ്ങളും ആയുധത്തിന്റെ വിജയമാണെന്ന് കരുതിയ ഒരു ഭരണാധികാരി അമേരിക്കയെ നശിപ്പിച്ചതില്‍ നിന്ന് പോലും നാം എന്തെങ്കിലും പഠിക്കുമെന്ന് തോന്നുന്നില്ല.

ഭൂമിയില്‍ യാതൊന്നിനെയും മനുഷ്യേതര ജീവികള്‍ അപനിര്‍മ്മിക്കുന്നതായി അറിയില്ല. ഭക്ഷണം പാര്‍പ്പിടം സന്താനോല്പാദനം, ആണ്‍ പെണ്‍ ബന്ധം എന്നിവ പരിശോധിച്ചാല്‍ നമുക്കിത് അറിയാം. മനുഷ്യേതര സമൂഹം ഉപജീവിക്കുക മാത്രമേ ചെയ്യുന്നുളളൂ ;അപനിര്‍മ്മിക്കുന്നേയില്ല. അപനിര്‍മ്മിക്കുന്ന ഏക ജീവി മനുഷ്യനാണ്.

പ്രകൃതിദത്തമായി രൂപം കൊണ്ട മാളത്തില്‍ പാമ്പ് അധിവസിക്കുന്നു. ചില ഉരഗങ്ങള്‍ അത് ഉപനിര്‍മ്മിച്ചേക്കാം എന്ന് മാത്രം. സ്വയമേവ രൂപപ്പെട്ട നാരില്‍ നിന്ന് കിളികള്‍ കൂടുണ്ടാക്കുന്നു. 

എന്നാല്‍ മനുഷ്യന്‍ വീടുണ്ടാക്കുന്നത് അപനിര്‍മ്മിച്ചു കൊണ്ടാണ്. (സിവിലൈസേഷന്റെ ഭാഗം). കൃഷിയില്‍ പോലും അപനിര്‍മ്മാണം വന്നു. കൃത്യമായ ചതുര നിര്‍മിതി മനുഷ്യഅപനിര്‍മ്മിതിയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ്. 
വേവിച്ചു തിന്നുന്ന പതിവ് ചിമ്പാന്‍സിക്ക് പോലുമില്ല.( വേവിക്കാതെ തിന്നണമെന്നല്ല ഇതിനര്‍ത്ഥം! അത്തരമൊരു തിരിച്ച് പോക്ക് ഇനി അസാധ്യം)

പ്രകൃതിയില്‍ ചതുരമില്ല. പരിപൂര്‍ണ്ണതയില്ല.അതിനായി മോഹമില്ല. പരിപൂര്‍ണത എന്ന സങ്കല്ലം മനുഷ്യരുടെ മാത്രം മനോരോഗമാണ്. പരിപൂര്‍ണതയുടെ അന്വേഷണത്താല്‍ സ്വയം വേട്ടയാടപ്പെടുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്.

അധികാര വാസന തിര്യക്കുകളിലുണ്ട്. എന്നാല്‍ 'ചതുരവാസന' മനുഷ്യന്റേത് മാത്രമാണ്. പ്രകൃതിയിലെവിടെയും പരിപൂര്‍ണതയുള്ള ഒരു വസ്തുവുമില്ലാത്തത് പോലെ ചതുരവുമില്ല. ചതുരം മനുഷ്യവക്രതയുടെ ഉല്‍പ്പന്നം മാത്രമാണ്. ചതുരവും അധികാരഘടനയും പിടിച്ചടക്കലിന്റെയും പിടിച്ചെടുക്കലിന്റെയും വാസ്തുഭ്രമമാണ്. ജയിലിലെ സെല്ലും വീട്ടിലെ മുറിയും എത്രമേല്‍ ചതുര സമാനമായിട്ടാണിരിക്കുന്നതെന്ന് നോക്കൂ. പലപ്പോഴും അത് എത്രമേല്‍ അനുഭവ സമാനവുമാണ്!

പ്രകൃതിക്ക് മേലുള്ള കൈയേറ്റങ്ങളുടെ പ്രതിരോധമായിട്ടാണ് കൊവിഡ് കാലത്തെ വായിച്ചെടുക്കേണ്ടത്.

അതിവ്യയം കൊണ്ടും തിന്മയുടെ ആരാധകരായ ഭരണാധികാരികളുടെ വര്‍ധനവിനാലും,  പ്രകൃതി എന്തെന്ന് പോലുമറിയാനാഗ്രഹിക്കാത്ത ഇത്തരം പല തരം അധികാര ദുഷ്ടമൂര്‍ത്തികളാലും ലോകം നിറയപ്പെട്ടിരിക്കുന്നു. എല്ലാവരുടെ കൈയിലും അപനിര്‍മ്മിക്കാനുള്ള മാരകായുധങ്ങള്‍ മാത്രം. ദൈവത്തിനു പോലും ഈ അപനിര്‍മ്മാണ ഹിംസയില്‍ നിന്ന് മുക്തിയില്ല! സ്വര്‍ഗ്ഗസങ്കല്പത്തില്‍ പോലും അപനിര്‍മ്മാണ ജീവിതങ്ങള്‍ മാത്രം! എന്തൊരു ഫലിതബിന്ദു!  

പ്രകൃതിയോട് യുദ്ധം ചെയ്യാന്‍ മിസൈല്‍ ഉപകരിക്കില്ല എന്ന് നമുക്കിപ്പോള്‍ മനസ്സിലായിട്ടുണ്ട്. വൈറസ് പ്രകൃതിയുടെ ഭാഗമാണെന്ന് നാം സമ്മതിച്ചിട്ടുണ്ട്.  ധാര്‍ഷ്ട്യം  കൊണ്ടുമാവില്ല, ഇവനെ തടുക്കാന്‍.  

(അതെ, ശ്രദ്ധിച്ചിട്ടുണ്ടോ, രോഗനിയന്ത്രണത്തിന് നാം ഉപയോഗിക്കുന്ന വാര്‍ത്താപദാവലികള്‍. ഇതില്‍ മിക്കതും യുദ്ധ പരിസരത്തുള്ളതാണെന്നത് യാദൃച്ഛികമല്ല.
ചില ഉദാഹരണങ്ങള്‍ നോക്കൂ: തടുക്കുക. ആക്രമണം, പ്രതിരോധം, പ്രതിരോധശേഷി, യുദ്ധസമാനമായ അന്തരീക്ഷം, വൈറസിനോടുള്ള പോരാട്ടം, കീഴടക്കും, പിടിച്ച് കെട്ടും). ഇത്രയും കോമാളികളായ ലില്ലിപുട് വിഭാഗത്തിലുള്ള ജീവി വേറെ ഉണ്ടോ?

നിരാലംബരായ മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ മേല്‍ നാം അപനിര്‍മ്മിതിയുടെ ഉത്സവം ആഘോഷിക്കുന്നു. ലോകത്തെമ്പാടുമുള്ള കോര്‍പറേറ്റ് ആര്‍ത്തിപ്പണ്ടാരങ്ങളാല്‍. ലാഭക്കൊതിയുടെ മാലിന്യങ്ങള്‍ ഡിസൈനിങ് ഭംഗികൊണ്ട് അവര്‍ നമ്മുടെ കാഴ്ച്ചയെ അപനിര്‍മ്മിച്ച് അന്ധമാക്കുന്നു)

അപനിര്‍മ്മാണത്തിന്റെ അഹന്തയ്ക്കും അതിന്റെ അമിതവല്‍ക്കരണത്തിനും എതിരെയുള്ള പ്രകൃതി ഭാഷ മാത്രമാണ് കൊറോണ.

നിങ്ങള്‍ക്ക് രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാട് അത് ചെയ്യാം, തുര്‍ക്കിയിലെ ഗായികയോടത് ചെയ്യാം, കത്വവയിലെ പെണ്‍കുഞ്ഞിനോടത് ചെയ്യാം, കാശ്മീരിലെ മനുഷ്യരോടത് ചെയ്യാം, പാക്കിസ്ഥാനിലെ നിരാലംബയായ കൃസ്ത്യന്‍ കുടുംബിനിയോടത് ചെയ്യാം, ആമസോണ്‍ കാടിനോടത് ചെയ്യാം, ഗംഗയോടും ഹിമാലയത്തോടും അത് ചെയ്യാം, ഐ എസ് വേഷമിട്ട് സിറിയയിലത് ചെയ്യാം, താലിബാന് ബുദ്ധപ്രതിമ തകര്‍ക്കാം. ജലം, വായു,മണ്ണ് ഇവയൊക്കെ മലിനമാക്കാം. അധികാരം, മസില്‍ പവര്‍, ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട ആള്‍ക്കൂട്ടങ്ങളുടെ പിന്തുണ, പണം, ചൊറിത്തവളയുടെ രൂപമുള്ള ന്യായാധിപന്മാര്‍- ഇത്രയും ധാരാളം. നീതിബോധത്താല്‍ ഉണര്‍ന്നിരിക്കുന്ന ഒരാള്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ല.

പക്ഷേ, ഈ വൈറസിനോട് നിങ്ങള്‍ക്കെന്ത് ചെയ്യാനാവും?

പൂര്‍ണമായും പ്രകൃതിയിലേക്ക് മടങ്ങാനാവില്ല തന്നെ. എന്നാല്‍ മോഡറേറ്റ് ചെയ്യാനാവും. ആരെങ്കിലും കേള്‍ക്കുമോ? ഏതെങ്കിലും ഭരണാധികാരി? കോര്‍പറേറ്റ് വ്യവസായി?  നിരാലംബരായ മനുഷ്യരെയും നിശ്ചല വിശ്രമത്തിലിരിക്കുന്ന പാറകളെയും ഒരേ വികാരത്തിന്മയോടെ വെട്ടിപ്പൊളിച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് മടങ്ങാനാവുമോ?.

(വികസന വിരുദ്ധര്‍ - നാം ആസൂത്രണം ചെയ്ത് ഉണ്ടാക്കിയ ഒടുവിലത്തെ അശ്ലീല പദം ഇത് തന്നെയാവും.)

 

Why corona virus targets homo sapiens by Shihabudheen Poythumkadav

 

അതിന് മനുഷ്യവംശത്തിന് കുറച്ച് അടിസ്ഥാന ഗുണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അവയില്‍ ചിലത്:

1. അറിവിനോടും സത്യത്തോടും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത തരം ബഹുമാനം

2 പ്രകൃതി നിശ്ശബ്ദം പറയുന്നുണ്ട് ചിലത്. അത് കേള്‍ക്കാനുള്ള വിനയം.( ആ മൈക്കിന്റെ ഒച്ച ഒന്ന് കുറക്കാമോ എന്ന് ചോദിച്ചതിന് ആള്‍ക്കൂട്ടം ഒരു യുവാവിനെ തല്ലിക്കൊന്ന നാടാണിത്. ശബ്ദ റൗഡികള്‍)

3 .വാക്കാലും പ്രവൃത്തിയാലും എന്തിനെയും കൊത്തിനുറുക്കാനുള്ള അറിവില്ലായ്മയുടെ പൈശാചികാരാധനയ്ക്ക് (Satanic worship) സമാനമായ രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള ആത്മപരിശോധനാനന്തരമുള്ള പിന്മടക്കം

4 .മനുഷ്യന്‍ ഈ ലോകത്തിന്റെ അധിപനാണെന്ന മൂഢസങ്കല്പത്തില്‍ നിന്നുള്ള ഗതി മാറ്റം

അമ്മയുടെ മുല അരിഞ്ഞു കൊണ്ടു പോയാല്‍ ആയുഷ്‌ക്കാലം പാല്‍ കുടിക്കാമെന്ന് വിചാരിക്കുന്ന ഈ അപനിര്‍മ്മാണ നരാധമന്മാരെ കൊറോണ ഒന്ന് സൗമ്യമാക്കിയിട്ടുണ്ട് എന്നത് വിലയേറിയ വാസ്തവമാണ്.

കാലിനടിയില്‍ക്കിടന്ന് ദീനമായി നിലവിളിക്കുന്ന ഇരയെ കൊവിഡ് നിസ്സംഗതയോടെ നോക്കുന്നുണ്ട്. ശ്രദ്ധിച്ചാലതറിയാം. മനുഷ്യ കുലം കൊറോണയുടെ കാലിന്നടിയില്‍പെട്ട് ഞെരുങ്ങുന്ന, കൊറോണയ്ക്ക് മാത്രം സ്വന്തമായ ഈ ഏപ്രില്‍ മാസത്തെ അതിന്റെ ഭാവം എന്താവും?

തീര്‍ച്ചയായും ഇങ്ങനെ തന്നെയാവും: ഈ കീചകനെ തീര്‍ത്തേക്കണോ, വിരട്ടി വിടണോ?

Latest Videos
Follow Us:
Download App:
  • android
  • ios