നിയമം മൂലം നിരോധിച്ചിട്ടും ചൈനയിൽ തുടരുന്ന 'പ്രേതവിവാഹങ്ങൾ', ആചാരത്തിന് പിന്നിൽ
വിവാഹം നടക്കാതെ മരിച്ചുപോയ വിവാഹപ്രായം എത്തിയ വ്യക്തികളുടെ മാതാപിതാക്കൾ അവർക്കായി മരിച്ചുപോയ മറ്റൊരു ഇണയെ തേടുന്നു. ആ ഇണ തങ്ങളുടെ മകനോ അല്ലെങ്കിൽ മകൾക്കോ യോജിച്ച ആളാണ് എന്ന് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഉറപ്പാക്കുന്നു.
ഓരോ നാടിന്റെയും സംസ്കാരവുമായി കൂടി ചേർന്ന് അവിടങ്ങളിൽ മാത്രം കണ്ടുവരുന്ന ചില ആചാരങ്ങളും ജീവിത രീതികളും ഒക്കെ ഉണ്ടാകും. അത് ആ നാടിന്റെ സ്വന്തമാണ്. അത്തരം ആചാരങ്ങൾ നടത്താനും തലമുറകളിലേക്ക് കൈമാറാനും ആ നാട്ടുകാർക്ക് മാത്രമായി ഒരു കാരണവും കാണും. നിയമം മൂലം നിരോധിച്ച ആചാരങ്ങൾക്ക് പുറകെ പോലും പോകുന്ന ഒരുപാട് ആളുകൾ എല്ലായിടത്തും ഉണ്ട്. അത്തരത്തിൽ ചൈനയിൽ ഇപ്പോഴും നിലവിലുള്ള ഒരു ആചാരമാണ് പ്രേത വിവാഹങ്ങൾ.
ചൈനക്കാരുടെ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്നും നിലനിന്നു പോരുന്ന പ്രേത വിവാഹങ്ങൾക്ക് ഏകദേശം 3000 വർഷത്തെ പഴക്കം ഉണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മരണപ്പെട്ടുപോയ ഒരാൾക്ക് ഒരു പങ്കാളിയെ കണ്ടെത്തി നൽകുക എന്നതാണ് ഈ കല്യാണത്തിന്റെ ലക്ഷ്യം. വിവാഹം കഴിക്കുന്നത് ഉൾപ്പടെയുള്ള ആഗ്രഹങ്ങൾ സഫലമാകാതെയാണ് ഒരു വ്യക്തി മരിക്കുന്നതെങ്കിൽ ആ വ്യക്തിയുടെ ആത്മാവ് വീണ്ടും ജീവിച്ചിരിക്കുന്നവരുടെ അടുത്തേക്ക് എത്തും എന്നാണ് ചൈനക്കാരുടെ വിശ്വാസം. അങ്ങനെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവരെ തേടി വരാതിരിക്കുന്നതിന് വേണ്ടിയാണ് ഇവർ പ്രേതവിവാഹങ്ങൾ നടത്തുന്നത്.
ഒരു സാധാരണ അറേഞ്ച്ഡ് വിവാഹത്തിന് സമാനമാണ് പ്രേതവിവാഹവും. വിവാഹം നടക്കാതെ മരിച്ചുപോയ വിവാഹപ്രായം എത്തിയ വ്യക്തികളുടെ മാതാപിതാക്കൾ അവർക്കായി മരിച്ചുപോയ മറ്റൊരു ഇണയെ തേടുന്നു. ആ ഇണ തങ്ങളുടെ മകനോ അല്ലെങ്കിൽ മകൾക്കോ യോജിച്ച ആളാണ് എന്ന് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഉറപ്പാക്കുന്നു. ശേഷം ഇരുവരുടെയും ചിത്രങ്ങൾ ചേർത്തുവച്ച് ഒരു വിവാഹ ചടങ്ങിന്റെ എല്ലാ ആചാരങ്ങളോടും കൂടി തന്നെ അവരുടെ വിവാഹം നടത്തുന്നു. അതോടൊപ്പം തന്നെ ഇരുവരുടെയും മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഒരുമിച്ച് മറ്റൊരു കുഴിയിൽ സംസ്കരിക്കുകയും ചെയ്യുന്നു.
ചൈനീസ് സർക്കാർ ഈ ആചാരം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇപ്പോഴും ഇത് അതീവ രഹസ്യമായി നടത്തി വരുന്നുണ്ട് എന്നാണ് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.