ഈ കണ്ണുകളില്‍ തിളങ്ങുന്ന രാഷ്ട്രീയ വീര്യം വെറുതെ ഉണ്ടായതല്ല!

കര്‍മനിരതമായ 93 വര്‍ഷങ്ങള്‍ക്കുശേഷം വിടപറഞ്ഞ ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയായ ഡോ. ശാരദാമണിയുടെ ജീവിതം
 

Tribute to Prof K Saradamoni

ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയരായ സാമൂഹ്യ ശാസ്ത്രജ്ഞരില്‍ ഒരാള്‍. സ്ത്രീവാദ രാഷ്ട്രീയത്തെ അക്കാദമിക് ആയും അല്ലാതെയും ഏറെ മുന്നോട്ടുകൊണ്ടുപോയ ആദ്യകാല ധിഷണാശാലികളില്‍ ഒരാള്‍.  എല്ലാറ്റിനുമുപരി, ജീവിതത്തെ അടിമുടി രാഷ്ട്രീയമായി കണ്ട ഒരു ജീവിതം. അതിനു സാക്ഷ്യമാണ് ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയായി അവര്‍ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും പഠനങ്ങളും. ആദ്യം സൂചിപ്പിച്ച ചുവന്ന തൊപ്പിവെച്ച മുത്തശ്ശിയുടെ തിളങ്ങുന്ന കണ്ണിലെ  രാഷ്ട്രീയ വീര്യം വെറുതെ ഉണ്ടായതല്ല എന്നാരെയും ബോധ്യപ്പെടുത്തുന്നതാണ് പ്രൊഫ. ശാരദാമണി ജീവിച്ച ജീവിതം. 

 

ഫേസ്ബുക്കിലെ ചിത്രക്കടലുകളില്‍ കെ. ശാരദാ മണി എന്ന് തപ്പിപ്പോയാല്‍, ഒരു പക്ഷേ, നിങ്ങള്‍ എത്തിപ്പെടുക, ഒരു ചുവപ്പന്‍ ഫോട്ടോയിലാണ്. നരച്ച തലമുടിക്കു മീതെ, അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചുവന്ന തൊപ്പിവെച്ച്, അടങ്ങാത്ത ഊര്‍ജം പ്രസരിപ്പിക്കുന്ന കണ്ണുകളോടെ ലോകത്തെ നോക്കി, നമുക്കുനേരെ ആവേശക്കൈ നീട്ടുന്ന ഒരു 'മുത്തശ്ശി'യുടെ ചിത്രം. ഒന്നു കൂടി തിരഞ്ഞു നോക്കിയാല്‍, അതേ ഫോട്ടോ മറ്റു ചില അടിക്കുറിപ്പുകളോടെ കാണാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലുള്ള പല പേജുകള്‍ ഷെയര്‍ ചെയ്ത ആ ഇമേജുകളില്‍ '92 വയസ്സിലും തളരാത്ത സമരവീര്യം' എന്നും ചുവപ്പിന്റെ മാലാഖ എന്നുമാണ് അടിക്കുറിപ്പുകള്‍. 

കഴിഞ്ഞ വര്‍ഷം ഓഗസ്തിലായിരുന്നു അത്. ഒരു വര്‍ഷത്തിനു ശേഷം ഓഗസ്ത് എത്താന്‍ മൂന്ന് മാസം ശേഷിക്കെ, ആ ചിത്രത്തിലെ ജ്വലിക്കുന്ന വിപ്ലവവീര്യം ബാക്കിവെച്ച്, പ്രൊഫ. കെ ശാരദാ മണി എന്ന ആ 'മുത്തശ്ശി' വിടപറഞ്ഞിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയരായ സാമൂഹ്യ ശാസ്ത്രജ്ഞരില്‍ ഒരാള്‍. സ്ത്രീവാദ രാഷ്ട്രീയത്തെ അക്കാദമിക് ആയും അല്ലാതെയും ഏറെ മുന്നോട്ടുകൊണ്ടുപോയ ആദ്യകാല ധിഷണാശാലികളില്‍ ഒരാള്‍.  എല്ലാറ്റിനുമുപരി, ജീവിതത്തെ അടിമുടി രാഷ്ട്രീയമായി കണ്ട പണ്ഡിത.. അതിനു സാക്ഷ്യമാണ് ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയായി അവര്‍ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും പഠനങ്ങളും. ആദ്യം സൂചിപ്പിച്ച ചുവന്ന തൊപ്പിവെച്ച മുത്തശ്ശിയുടെ തിളങ്ങുന്ന കണ്ണിലെ  രാഷ്ട്രീയ വീര്യം വെറുതെ ഉണ്ടായതല്ല എന്നാരെയും ബോധ്യപ്പെടുത്തുന്നതാണ് പ്രൊഫ. ശാരദാമണി ജീവിച്ച ജീവിതം. 

 

Tribute to Prof K Saradamoni

ഡോ. ശാരദാമണി കോളജ് പഠനകാലത്ത്
 

സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചൂരുമുള്ള കാലയളവിലാണ് അവര്‍ അക്ഷരങ്ങളുടെ ലോകത്തെത്തുന്നത്. കൊല്ലത്ത് ജനിച്ചുവളര്‍ന്ന ശാരദാമണി സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിരുവനന്തപുരം വനിതാ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ട് വര്‍ഷമായിട്ടേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഇന്ത്യയെക്കുറിച്ചുള്ള വലിയ സ്വപ്‌നങ്ങള്‍ക്കിടയിലായിരുന്നു അന്ന് കാമ്പസുകള്‍. സ്‌കൂള്‍ ഫൈനല്‍സില്‍ നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍, ശാസ്ത്ര വിഷയങ്ങള്‍ എടുക്കാനായിരുന്നു മുതിര്‍ന്നവരുടെ അഭിപ്രായം. എന്നാല്‍, അതല്ല തന്റെ വഴിയെന്ന് അന്നേ തിരിച്ചറിഞ്ഞ അവര്‍ സാമ്പത്തിക ശാസ്ത്രമാണ്‌സ്വന്തം വഴിയായി തെരഞ്ഞെടുത്തത്.  

രണ്ടു വര്‍ഷത്തിനു ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ ബി എ ഓണേഴ്‌സിന് തിരുവനന്തപുരം യൂനിവേഴ്‌സ്റ്റി കോളജില്‍ ചേര്‍ന്നു. പൊളിറ്റിക്‌സും സ്റ്റാറ്റിസ്റ്റിക്‌സുമായിരുന്നു ഐച്ഛിക വിഷയങ്ങള്‍. കേരളം പിറക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു എങ്ങും. അവിടെനിന്നിറങ്ങുന്നതിനു മുമ്പ്, സ്റ്റുഡന്റ് ഫെഡറേഷന്‍ സ്്ഥാനാര്‍ത്ഥിയായി കോളജ് യൂനിയനിലേക്ക് മല്‍സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ലേബലിലായതിനാലാവാം, അവര്‍ ഇംഗ്ലീഷ് എഡിറ്റര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 

അവിടെനിന്ന് മദ്രാസ് സര്‍വകശാലായില്‍ എം ലിറ്റിനു പോയി. പിന്നീട് പ്ലാനിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ റിസര്‍ച്ച് ഓഫീസറായി. 1962-ല്‍ ദില്ലിയിലേക്ക് തട്ടകം മാറി. പിന്നീടുള്ള 30 വര്‍ഷക്കാലം ദില്ലിയില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലാനിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു. 1988-ല്‍ വിരമിക്കുന്നത് വരെ ഇന്ത്യയുടെ തലസ്ഥാന നഗരിയിലായിരുന്നു താമസം. പിന്നീടാണ് അവര്‍ കേരളത്തിലേക്ക് മടങ്ങുന്നത്. 

 

Tribute to Prof K Saradamoni

ഭര്‍ത്താവ് ജനയുഗം ഗോപിക്കും മക്കള്‍ക്കുമൊപ്പം ദില്ലിയില്‍
 

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറാതെ നില്‍ക്കുന്ന കേരളത്തിന്റെ ചിന്താഗതികളെ അമ്പരപ്പോടെ നോക്കിക്കണ്ട പ്രൊഫ. ശാരദാമണി ഇവിടത്തെ സാമൂഹ്യജീവിതം കൂടുതല്‍ ഇടുങ്ങിയതായിത്തീരുന്നുവെന്ന് നിരീക്ഷിച്ചു. ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ എന്നിങ്ങനെ അനേകം വഴികളിലടെ അവര്‍ സഞ്ചരിച്ചു. പ്രായം ഒരിക്കലും ആ ധിഷണയ്ക്ക് പ്രതിബന്ധമായില്ല. നിരന്തരം എഴുതി. ഇന്ത്യയിലെയും പുറത്തെയും പ്രമുഖ ആനുകാലികങ്ങളില്‍ നിരന്തരം എഴുതി. മാധ്യമങ്ങളില്‍ കാലിക വിഷയങ്ങളെ ആര്‍ജ്ജവത്തോടെ സമീപിക്കുന്ന ലേഖനങ്ങള്‍ എഴുതി. ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളത്തിലും അവര്‍ സജീവമായി എഴുതി. എല്ലാ കാലത്തും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. അനീതികളെ ചോദ്യം ചെയ്തു. തമ്പ്രാക്കന്മാര്‍ തീണ്ടാപ്പാടകലെ അകറ്റി നിര്‍ത്തിയിരുന്ന പുലയസമുദായത്തെ കുറിച്ചായിരുന്നു അവര്‍ ആദ്യമായി പഠനം നടത്തിയത്. കൂടാതെ തിരുവിതാകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമവും, കേരളത്തിന്റെ ആദ്യകാല സാമൂഹ്യ വ്യവസ്ഥിതിയും അവര്‍ പഠനവിഷയമാക്കി. നമ്മുടെ ചരിത്രമെഴുത്തിലെ അപര്യാപ്തതകളെ മറികടന്ന് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളില്‍ സജീവമായി. 

ഡോ. ജെ ദേവിക എഴുതിയ 'കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടായതെങ്ങനെ' എന്ന പുസ്തകത്തില്‍ പ്രൊഫ. ശാരദാമണിയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:  'ഇന്ത്യന്‍ സ്ത്രീകളുടെ ബഹുമുഖപ്രശ്‌നങ്ങളില്‍ അവര്‍ കാര്യമായി ശ്രദ്ധയുറപ്പിച്ച അവര്‍ 1980-കളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ശാരദാമണി. സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക.'  

തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകത്തില്‍ എങ്ങനെയാണ് ആ വിഷയത്തിലേക്ക് താന്‍ എത്തിയത് എന്നു പറയുന്നുണ്ട്. ഇടുങ്ങിയതായി മാറിയ കേരളീയ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകളും കൂടുതല്‍ വിധേയത്വമുള്ളവരായി മാറുന്നത് കണ്ട്, അതിന്റെ വേരുകള്‍ അന്വേഷിക്കാനാണ് താന്‍ മരുമക്കത്തായ ചരിത്രത്തിലേക്കു കടന്നത് എന്നാണവര്‍ പറയുന്നത്.  ''അംഗീകൃത ചരിത്രപുസ്തകങ്ങളും നരവംശശാസ്ത്രജ്ഞരുടെ എഴുത്തും വായിച്ചുകൊണ്ടാണ് ഞാന്‍ തുടക്കംകുറിച്ചത്. അവയിലൊന്നും പുതിയ ഉള്‍ക്കാഴ്ചകള്‍ ഞാന്‍ കണ്ടില്ല. എങ്കിലും കിട്ടാവുന്നിടത്തോളം മലയാളം, ഇംഗ്ലീഷ് ഭാഷകളിലെഴുതപ്പെട്ട ചരിത്രപുസ്തകങ്ങള്‍ വായിച്ചു. മിക്കവയിലും മരുമക്കത്തായമെന്ന വാക്കുകൂടിയില്ലായിരുന്നു. ചില പുസ്തകങ്ങള്‍ മരുമക്കത്തായത്തെ  പരിഷ്‌കരിക്കാന്‍വേണ്ടി നടപ്പിലാക്കപ്പെട്ട നിയമങ്ങള്‍ ഭരണകൂടം കൈക്കൊണ്ട പുരോഗമനപരങ്ങളായ  നടപടികളായിരുന്നെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മരുമക്കത്തായത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ എന്നു ചോദിക്കാന്‍ അവയൊന്നും ശ്രമിച്ചില്ല. ഈ ചോദ്യം നേരിട്ടു ചോദിക്കപ്പെട്ടില്ല; സ്ത്രീപക്ഷത്തുനിന്നും ഉയര്‍ത്തപ്പെട്ടില്ല. പക്ഷേ, വിവാഹം, വിവാഹമോചനം എന്നിവയെസംബന്ധിക്കുന്ന കാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും ഈ പ്രദേശത്തെ സ്ത്രീകള്‍ക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ സ്ത്രീകളെയപേക്ഷിച്ച് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും മറ്റുമുള്ള പ്രസ്താവങ്ങള്‍ കാണാനുണ്ടായിരുന്നു. സ്ത്രീകളുടെ ദൈനംദിനജീവിതങ്ങളെസ്സംബന്ധിച്ചിടത്തോളം ഇവയുടെ പ്രസക്തിയെന്ത് എന്നതിനെക്കുറിച്ച് ഇവ ഒന്നും പറഞ്ഞില്ല...''-പ്രൊഫ. ശാരദാമണി എഴുതുന്നു. 

ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പഠനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. എമര്‍ജന്‍സ് ഓഫ് സ്ലേവ് കാസ്റ്റ്; പുലയാസ് ഓഫ് കേരള, ഡിവൈഡഡ് പുവര്‍, ഫില്ലിങ് ദി റൈസ് ബൗള്‍-എ സ്റ്റഡി ഓഫ് വിമന്‍ ഇന്‍ പാഡി കള്‍ട്ടിവേഷന്‍ ഇന്‍ കേരള, മെട്രിലിനി ട്രാന്‍സ്ഫോംഡ്, ഫാമിലി, ലോ ആന്റ് ഐഡിയോളജി ഇന്‍ ട്വന്റിത്ത് സെഞ്ച്വറി ട്രാവന്‍കൂര്‍ തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. 

 

Tribute to Prof K Saradamoni

പിതാവിനൊപ്പം ഡോ. ആശയും ഡോ. അരുണിമയും

കേരളത്തിലെ ആദ്യ പത്രങ്ങളിലൊന്നായ ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ പരേതനായ എന്‍ ഗോപിനാഥന്‍ നായരാണ് ഭര്‍ത്താവ്. അദ്ദേഹത്തെക്കുറിച്ച് ശാരദാമണി എഡിറ്റ് ചെയ്ത 'ജനയുഗം ഗോപിയെ ഓര്‍ക്കുമ്പോള്‍' എന്ന പുസ്തകവുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. 1962 വരെ ജനയുഗം പത്രാധിപരായിരുന്ന ഗോപി പിന്നീട് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിതരണ ചുമതല സി പി ഐയുടെ പ്രസാധന ശാലയായ പ്രഭാത് ബുക് ഹൗസിനായിരുന്നു. പുസ്തകം ആളുകളില്‍ എത്താതിരിക്കുകയും കെട്ടിക്കിടന്ന് ചിതലരിക്കുകയും ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് ന്യൂറോ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. ജി ആശ തന്നെ പുസ്തകങ്ങളുടെ കോപ്പി വില്‍ക്കാന്‍ ഇറങ്ങി. ലൈബ്രറി കൗണ്‍സിലിന്റെ പുസ്തക മേളകളിലും പാര്‍ട്ടി സമ്മേളനങ്ങളിലുമെല്ലാം, അവധിയെടുത്ത് സഞ്ചരിച്ച് 500 പേജുള്ള ആ പുസ്തകം ആളുകളിലെത്തിക്കുകയായിരുന്നു ഡോ. ജി ആശ.  

ഡോ. ആശയെക്കൂടാതെ മറ്റൊരു മകള്‍ കൂടെയുണ്ട്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയരക്ടര്‍ ഡോ. ജി അരുണിമ. ചരിത്രഗവേഷണ രംഗത്ത് ലോകപ്രശസ്തയായ മലയാളികളില്‍ ഒരാള്‍.  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസില്‍ ഏറെക്കാലം പ്രൊഫസറായി ജോലി ചെയ്ത ശേഷമാണ് ഡോ. ജി അരുണിമ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. 

 

ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ശാരദാമണി എഴുതിയ ലേഖനങ്ങളില്‍ ചിലത് ഇവിടെ വായിക്കാം. 

കേരളീയം മാസികയില്‍ ശാരദാമണി എഴുതിയ മലയാളം ലേഖനങ്ങള്‍ ഇവിടെ വായിക്കാം.

ഡോ. ശാരദാമണിയുടെ അക്കാദമിക് പഠനങ്ങളില്‍ ചിലത് ഇവിടെ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios