ടയര്‍ പഞ്ചറായിക്കൊണ്ടേയിരിക്കുന്ന ഒരു വണ്ടി, അപരിചിതരായ മനുഷ്യര്‍, ഭീതിനിറഞ്ഞൊരു യാത്ര!
മഡഗാസ്‌കറിലെ അംബാംജെ പട്ടണത്തില്‍നിന്നും തലസ്ഥാനമായ ടാനയിലേക്ക് ഒരു അസാധാരണ യാത്ര. മഡഗാസ്‌കറില്‍ ജീവിക്കുന്നു മലയാളിയായ നിശാന്ത് കെ എഴുതിയ യാത്രാനുഭവം.
പരസ്പരമുള്ള പോര്‍വിളികള്‍ ഉച്ചത്തിലായി മാറിയപ്പോള്‍ ഞാന്‍ തെല്ലൊന്നു പേടിച്ചു തുടങ്ങിയിരുന്നു. നൂറിനടുത്ത് ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈയിടം നാട്ടിലെ വായനശാലയോ കൂടെയുള്ളവര്‍ ചങ്ങാതിമാരോ അല്ല. ജീവിതത്തില്‍ ആദ്യമായി എത്തുന്ന ഇടം. ആദ്യമായി കാണുന്ന ആളുകള്‍. അവരുടെ കണ്ണില്‍ ഞാന്‍ ഒരു കറാന.-വിദേശി, കയ്യിലെ ബാഗില്‍ പാസ്‌പോര്‍ട്ട്, മറ്റു രേഖകള്‍. പോക്കറ്റില്‍ പേഴ്സില്‍ ഇവര്‍ക്ക് വലുതെന്ന് തോന്നുന്ന സംഖ്യ. ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.
അംബാംജെ എന്ന പട്ടണത്തോട് വിടപറയുകയാണ്. മഡഗാസ്‌കര്‍ ദ്വീപിലെ സോഫിയ മേഖലയില്‍ പെടുന്നതാണ് ഈ പട്ടണം. കൃഷിയും വ്യവസായങ്ങളുമായി രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ വലിയ പങ്ക് വഹിക്കുന്ന ഈയിടം ദ്വീപിന്റെ വടക്കന്‍ ഭാഗത്ത് മൊസാംബിക് കടലിടുക്കിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
വാഹനം പുറപ്പെടുമ്പോള്‍ യാത്രയാക്കാന്‍ വന്ന അന്‍സാറും രാജേഷും കൈവീശിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഈ പട്ടണത്തെ അടുത്തറിയാവുന്ന ഒരാളാണ് അന്‍സാര്‍. മൂന്നുവര്‍ഷമായി കമ്പനിയില്‍ മാനേജരാണ്. ബുക്കിങ്ങില്‍ ഒരു തടസ്സമുണ്ടായിരുന്നിട്ടും എനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞത് അയാളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ്.
ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയായതിനാല്‍ എനിക്കു വേണ്ട ലഘുഭക്ഷണവും വെള്ളവും മറ്റു കാര്യങ്ങളുമെല്ലാം അയാള്‍ റെഡിയാക്കി വച്ചിട്ടുണ്ട്.
രാജേഷിന്റെ മുഖത്ത് തെല്ലു സങ്കടം കാണുന്നുണ്ട്. ഈ ദ്വീപിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് വരുന്നത്. രാജേഷിനെ കൂടാതെ ആഷിക്, അഭിലാഷ് എന്നിവരടങ്ങുന്ന നാല്‍വര്‍ സംഘത്തില്‍ ഞാനൊഴികെ മറ്റു മൂന്നുപേരും ഇവിടെ തുടരുകയാണ്.
രാജേഷ് ബീഹാറിയാണ്. കറകളഞ്ഞ സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്ന ചെറുപ്പക്കാരന്‍. പത്തു വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നതാണ് അവനെ ഇവിടെ എത്തിച്ച പ്രധാന യോഗ്യത. അച്ഛനുമമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന രാജേഷിന്റെ കഥകളിലൂടെ എത്രയോ തവണ ബീഹാറിന്റെ ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരിക്കുന്നു. രാജേഷ് നല്ലൊരു പാചകക്കാരന്‍ കൂടിയായതിനാല്‍ ഭക്ഷണം എന്നത് ഒരു പ്രശ്‌നമായി ആഫ്രിക്കന്‍ ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്നില്ല.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപിലേക്കുള്ള അവന്റെ യാത്ര, ജോലിയോടുള്ള ആത്മാര്‍ത്ഥതക്കും സത്യസന്ധതക്കുമുള്ള തെളിവാണ്.
അഴിച്ചുകൂടാനാവാത്ത ബന്ധനങ്ങള്‍ ആവുമ്പോഴാണ് ഓരോ ബന്ധങ്ങളും എത്രത്തോളം നമ്മിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാവുന്നത്.
അവരിരുവരും കണ്ണില്‍ നിന്നും മറഞ്ഞപ്പോഴാണ് മുന്നിലെ വഴികളിലേക്ക് മിഴികള്‍ ഓടിയത്. അകലേക്ക് നീളുന്ന വഴി. അപ്പുറം മലനിരകള്‍ കാണാം. ഇനി ഏകദേശം തൊള്ളായിരം കിലോമീറ്റര്‍ ദൂരം ഈ വാഹനത്തിനുള്ളില്‍ ചെലവഴിക്കാനുണ്ട്. പത്തൊന്‍പത് സീറ്റുകള്‍ ഉള്ള വാഹനമാണ്. മുന്നില്‍ ഡ്രൈവറെയും സഹായിയെയും കൂടാതെ ഒരു യാത്രികയുണ്ട്. പിന്നില്‍ നാലു നിരകളിലായി പതിനാറു യാത്രികരും. രണ്ടാമത്തെ നിരയിലാണ് എനിക്ക് ഇടം ലഭിച്ചത്. കൂടെ ചെഗുവേരയുടെ ടീ ഷര്‍ട്ട് ധരിച്ച, ചെഗുവേരയെന്നോ ക്യൂബ എന്നതോ ഇതുവരെ കേട്ടിട്ടില്ലാത്ത മാര്‍ട്ടിന്‍ എന്ന മധ്യവയസ്‌കന്‍. അയാളുടെ
മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ചെയുടെ ആഹ്വാനങ്ങളില്‍ സമരമുഖത്തെക്കുള്ള ക്ഷണം. അക്കരെയക്കരെയക്കരെ എന്ന പ്രിയദര്‍ശന്‍ സിനിമയിലെ മയക്കുമരുന്ന് മാഫിയ ഗ്യാങ് ലീഡറിനെ ഓര്‍മിപ്പിക്കുന്ന ഒരു സ്ത്രീയായിരുന്നു അടുത്തത്. ആറടിക്കു മുകളില്‍ ഉയരമുള്ള അവരും കൃശഗാത്രയാണ്. നോസിബേ എന്ന കടലോര പ്രദേശത്തു നിന്നുമുള്ള സെറീന എന്ന പെണ്‍കുട്ടിയാണ് മറ്റൊന്ന്.അവളുടെ കൂട്ടുകാരനുള്ള മരുന്ന് വാങ്ങുവാനാണ് 'ടാനാ' യിലേക്ക് പോകുന്നത്.
സമയം രണ്ടുമണിയോടടുത്തിരിക്കുന്നു. രാവിലെ പത്തുമണിക്ക് പുറപ്പെടും എന്നു പറഞ്ഞിരുന്ന വാഹനമാണ് നാലുമണിക്കൂര്‍ വൈകിയോടുന്നത്. ഒരു പക്ഷേ ശീലങ്ങള്‍ ആയതിനാല്‍ ആവാം ആര്‍ക്കും പരാതിയോ പരിഭവമോ കണ്ടില്ല. സമയത്തിനു വലിയ വില നല്‍കുന്ന പശ്ചാത്യരില്‍ നിന്നും വളരെ വ്യത്യസ്തരാണ് ഗാസികള്‍ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നിന്റെ ലോകത്തുകൂടെ മന്ദഗതിയില്‍ ചലിക്കാനാണ് അവര്‍ക്കിഷ്ടം .
രണ്ടു ദിവസം കൊണ്ട് തീര്‍ക്കാവുന്ന ഒരു ജോലി കരാര്‍ ഏറ്റെടുത്തിട്ടു പതിനെട്ടാം നാളില്‍ പൂര്‍ത്തീകരിച്ച ഒരു ഗാസി ആശാരിയുടെ പ്രധാന ജോലി മാവിന്‍ചോട്ടിലുള്ള ഉറക്കമായിരുന്നു. ഉച്ചയ്ക്ക് 11.30 നു അടയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ പലതും നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് തുറക്കപ്പെടുന്നത്. ഇങ്ങനെ എല്ലാം മന്ദഗതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ വാഹനഗതാഗതം കൃത്യ സമയം പാലിക്കപ്പെടണം എന്നു ശാഠ്യം പിടിക്കാനാവില്ലല്ലോ.
മുന്നിലെ ടി വി സ്‌ക്രീനില്‍ ചിത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു.ഏതോ മലഗാസി പാട്ടാണ്. അതിനൊത്ത് ചുവടുവെയ്ക്കുന്ന കാമുകീ കാമുകന്മാര്‍. പിറകില്‍ നിന്നും ആരോ കൂടെ പാടുന്നു. ഇവിടെ മഡഗാസ്‌കറില്‍ വാണിജ്യ അടിസ്ഥാനത്തില്‍ സിനിമാ വ്യവസായം ഇനിയും വളര്‍ന്നിട്ടില്ല. അതിനാല്‍ തീയേറ്ററുകള്‍ എന്നത് ഇവിടെ തലസ്ഥാന നഗരിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതാകട്ടെ ഫിലിം ഫെസ്റ്റിവല്‍ പോലുള്ളവയ്ക്കായി മാറ്റി വെക്കപ്പെട്ടവയും. ഗാസികള്‍ കാണുന്ന സിനിമകള്‍ മിക്കതും ഫ്രഞ്ച് ആയിരിക്കും. ഏതൊരു മലഗാസിയും അവന്റെ ഭാഷയുടെ കൂടെ ഫ്രഞ്ചും പഠിക്കുന്നതിനാല്‍ ദ്വീപിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടിയവരാണ്. ഇംഗ്‌ളീഷ് സിനിമകളില്‍ ചിലതൊക്കെ ഫ്രഞ്ച് ഭാഷയില്‍ മൊഴിമാറ്റം നടത്തി ഇവര്‍ കാണാറുണ്ട്. കേബിള്‍ ടിവി യും ഇപ്പോള്‍ സ്മാര്‍ട് ഫോണുകളുമാണ് സിനിമ കാണാനുള്ള മാര്‍ഗങ്ങള്‍.
ഗ്രാമങ്ങളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ ദ്വീപില്‍ വസിക്കുന്നവരില്‍ ഏറിയ പങ്കും പട്ടണങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. കൃഷികളും മറ്റുമായി കഴിയുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഗ്രാമങ്ങളില്‍ വസിക്കുന്നത്. മരക്കുടിലുകളുടെ ഒരു കൂട്ടം ചിലയിടങ്ങളില്‍ കാണാം. പിന്നീട് കുറേ സമയത്തെ കാഴ്ചകളില്‍ ഇരുവശത്തും നിരപ്പായ പ്രദേശങ്ങളായിരിക്കും.
പൊതുവെ ഓരോ ഗോത്രങ്ങള്‍ ഒരുമിച്ചാണ് താമസിക്കാറുള്ളത്. പത്തോ ഇരുപതോ വീടുകള്‍ കാണും. കൃഷിയും വളര്‍ത്തുമൃഗങ്ങളുമായി അവര്‍ ഗ്രാമങ്ങളില്‍ വസിക്കുമ്പോള്‍ അവരിലെ ചില ചെറുപ്പക്കാര്‍ ജോലി തേടി പട്ടണങ്ങളിലേക്ക് പോകുന്നു.
ഡ്രൈവറും സഹായിയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരനാണ് ഡ്രൈവര്‍. സഹായി മധ്യവയസ്‌കന്‍ ആണ്. പിറകിലെ യാത്രികരെ നോക്കി. നാലഞ്ചുപേര്‍ ഇതിനകം ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. ഉച്ചത്തിലുള്ള ഗാസി ഗാനങ്ങള്‍ക്ക് അവരില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
പെട്ടെന്നാണ് മറ്റൊരു ശബ്ദം കേള്‍ക്കുന്നത്. ചെറുതായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. വണ്ടി ഓരം ചേര്‍ന്നു നിര്‍ത്തിയപ്പോഴാണ് മനസ്സിലായത്, ആദ്യ വെടി തീര്‍ന്നിരിക്കുന്നു എന്നത്.
ഓരോരുത്തരായി ഇറങ്ങി. പിന്നില്‍ വലതുവശത്തെ ടയര്‍ ആണ്.
ഡ്രൈവര്‍ അതിനോടകം തന്നെ ഊളിയിട്ടുകൊണ്ടടിയിലേക്ക് കുതിച്ചിരുന്നു. മഴ ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയതിനാല്‍ യാത്രികര്‍ എല്ലാവരും ഒരു കുടിലിന്റെ തിണ്ണയിലേക്കാണ് ഓടിക്കയറിയത്. അവിടെ നിലത്തൊരു പായ വിരിച്ചുകൊണ്ട് ഒരു കൗമാരക്കാരിയും അവളുടെ മടിയിലൊരു കൈക്കുഞ്ഞും ഉണ്ടായിരുന്നു. യാത്രികരില്‍ ചിലര്‍ ആ പായയില്‍ ഇരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പമില്ലായിരുന്നു ആയിടത്തിന്.
ഞാന്‍ ഇടതു തോളിലൂടെ മഴപ്പെയ്ത്ത് ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. സെറീന ആ പെണ്‍കുട്ടിയുമായി എന്തൊക്കെയോ സംസാരിക്കുന്നത് കാണാമായിരുന്നു.
ഏകദേശം അരമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ വണ്ടി പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ഞങ്ങളുടെ യാത്ര തുടരുകയും ചെയ്തു. കുറച്ചു ദൂരം ചെന്നപ്പോള്‍ സറീന എന്റെ ഷര്‍ട്ടില്‍ തൊട്ടുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. നാലുമാസത്തെ പഠനം ചില മലഗാസി വാക്കുകള്‍ മനസ്സിലാക്കാന്‍ മാത്രം ഉതകുന്ന ഒന്നായിരുന്നു. മാത്രമല്ല പ്രാദേശിക ശൈലി പ്രയോഗങ്ങളില്‍ വലിയ അന്തരവുമുണ്ട്.
നനഞ്ഞ കുപ്പായം മാറ്റിയിടാനാണ് അവള്‍ പറയുന്നതെന്ന് പിന്നീട് മനസ്സിലായി. വണ്ടിയില്‍ ആകെയുള്ള യാത്രികരില്‍ പകുതിയും സ്ത്രീകള്‍ ആയതിനാല്‍ തെല്ലൊന്നു മടിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ ഒരു മടിയും കൂടാതെ അവളുടെ ഷര്‍ട്ടു മാറ്റി മറ്റൊന്ന് ധരിച്ചത്. ഇവിടെ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിക്കും എന്ന ചിന്തയില്‍ ഞാനും നനഞ്ഞ കുപ്പായം മാറ്റി യാത്ര തുടര്‍ന്നു.
സെറീന എന്ന പെണ്‍കുട്ടി നോസി ബേ യില്‍ നിന്നുമാണ് വരുന്നത് മഡഗാസ്‌കറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് നോസി ബേ. ദ്വീപിനുള്ളിലെ മറ്റൊരു ദ്വീപാണ് അവിടം. മനോഹരമായ കടല്‍തീരമാണ്. പ്രധാന ആകര്‍ഷണം. അവിടെ അവളുടെ കൂട്ടുകാരനൊപ്പം റെസ്റ്റോറന്റ് നടത്തുകയാണ് . ഇപ്പോള്‍ അവനെന്തോ അസുഖമായി കിടപ്പിലായതിനാല്‍ മരുന്നു വാങ്ങാന്‍ വേണ്ടിയാണ് അവള്‍ ടാനായില്‍ പോകുന്നത്.
അവള്‍ മാത്രമല്ല, ഞാനൊഴികെയുള്ള യാത്രികരില്‍ ഭൂരിഭാഗവും മെഡിക്കല്‍ സംബന്ധമായ അവശ്യങ്ങള്‍ക്കോ, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കോ ആണ് മഡഗാസ്‌കറിന്റെ തലസ്ഥാനമായ അന്റാനാനാരിവോ യിലേക്ക് ഈ വണ്ടിയില്‍ പുറപ്പെടുന്നത്. തലസ്ഥാനത്തിന് ഇവര്‍ നല്‍കിയ ഓമനപേരാണെന്നു തോന്നുന്നു ടാനാ എന്നത്. ദീര്‍ഘങ്ങളായ ഇത്തരം യാത്രകള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. നാട്ടിലെ അതിവേഗ പാതകളും സ്ഥലമേറ്റെടുപ്പും സമരങ്ങളുമെല്ലാം മനസ്സിലൂടെ അതിവേഗം കടന്നുപോയി.
ഇവിടെ റെയില്‍വേ നിര്‍മ്മാണം തുടങ്ങിയ കഥ ഒരിക്കല്‍ സുരേഷേട്ടന്‍ പറഞ്ഞത് ഓര്‍മ്മവന്നു. പ്ലാനുകള്‍ക്കും പദ്ധതികള്‍ക്കും ശേഷം ആദ്യ രണ്ടു ദിനങ്ങളില്‍ പാളത്തിന്റെ നിര്‍മ്മാണം ഭംഗിയായി നടന്നു. മൂന്നാം ദിവസം രാവിലെ കാണുന്നത് അവ അങ്ങിങ്ങായി മുറിച്ചുമാറ്റിയ നിലയിലാണ്.
അത്യാവശ്യക്കാര്‍ ആരോ രാത്രിയില്‍ വന്നു കൊണ്ടുപോയതാണ്. എന്തായാലും കുറച്ചു ദിവസങ്ങള്‍കൂടി പൊലീസ് സംരക്ഷണയോടെ ജോലികള്‍ മുന്നോട്ടു നീക്കാന്‍ ശ്രമിച്ചു. ഒരു ഫലവുമുണ്ടായില്ല. ഇരുമ്പു കഷ്ണങ്ങള്‍ മാര്‍ക്കറ്റിലൂടെ സഞ്ചരിച്ചു. അതോടെ ആ പദ്ധതിക്കു വിരാമമായി എന്നാണ് കേള്‍വി.
ഒരു പാലത്തിനു മുകളിലൂടെയാണ് ഞങ്ങളുടെ വണ്ടി പൊയ്‌ക്കൊണ്ടിരിക്കുന്നത്. രണ്ടോ മൂന്നോ ഒഴികെ ബാക്കിയുള്ള കൈവരികളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
നാട്ടുകാര്‍ കൊണ്ടുപോകുന്നതാണ്.
ദ്വീപിലെ മിക്ക പാലങ്ങളുടെയും ഗതി ഇതു തന്നെ. മോഷണത്തില്‍ ഇവര്‍ അതിവിദഗ്ധരാണ് എന്ന് പറയാതെ വയ്യ. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചുപറിയും നടക്കുന്നത് മഡഗാസ്‌കര്‍ തലസ്ഥാനത്താണ്.
സമയം ആറു മണിയോടെയാണ് അടുത്ത ടയര്‍ പഞ്ചറായത്. എല്ലാവരും പതിവു പോലെ പുറത്തെത്തി. ഒരു സ്റ്റെപ്പിനി ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തിന് തെല്ലു നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം അത് നേരത്ത കാറ്റു പോയതാണത്രേ. ഇനി ടയര്‍ ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തു നിന്നും വരണം. ഏകദേശം മൂന്നുമണിക്കൂര്‍ യാത്ര ചെയ്തിരുന്നു അപ്പോഴേക്കും.
രണ്ടു ചെറിയ ചായക്കടകള്‍ മാത്രമുള്ള ഒരു അങ്ങാടിയില്‍ ആണ് ഞങ്ങളിപ്പോള്‍. അതിലൊരു കടയുടെ പേര് മുസല്‍മാനി ഹോട്ടല്‍ എന്നാണ്. തട്ടില്‍ ഇവര്‍ മുക്കാരി എന്നു വിളിക്കുന്ന പലഹാരങ്ങള്‍ നിരത്തിയിരിക്കുന്നു. നമ്മുടെ പഴംപൊരി, കായ ബജി, ഉണ്ടംപൊരി മുതലായ എണ്ണ പലഹാരങ്ങള്‍ക്ക് ഇവര്‍ പൊതുവെ പറയുന്ന പേരാണ് മുക്കാരി. ഇവിടെ ഓരോ തെരുവിലും ഒരുപാട് മുക്കാരി കടകള്‍ കാണാം. തക്കാളി കൊണ്ടുള്ള സോസും മയോണൈസും കൂടെ കാണും. ചുവന്ന നിറത്തിലുള്ള ഒരു വെളളവും കുടിക്കുന്നത് കാണാം.
തലമുടിയെല്ലാം മറച്ചുകൊണ്ട് ഷാള്‍ ചുറ്റിക്കെട്ടിയ ഒരു സ്ത്രീയാണ് ആതിഥേയ. കൂടെയുള്ളവര്‍ എന്തൊക്കെയോ വാങ്ങുന്നുണ്ട്. മറ്റു ചിലര്‍ അടുത്ത കടയിലേക്ക് പോയിരിക്കുന്നു.
യാത്രയില്‍ ഇത്തരം ഭക്ഷണങ്ങള്‍ വയറിനു പണി തരുമെന്നതിനാല്‍ ഒന്നും കഴിക്കാതെ മാറി നിന്നു. അപ്പോഴാണ് സറീന കൈ കാണിച്ചു വിളിക്കുന്നത്.
അവള്‍ അപ്പുറത്തെ കടയിലാണ്. കാര്യം മനസ്സിലായത് കമന്ററി കേട്ടപ്പോഴാണ്. ലോകകപ്പ് ഫൈനല്‍ മത്സരം തുടങ്ങിയിരിക്കുന്നു. ഇപ്പോഴാണ് ഉര്‍വശി ശാപം ഉപകരമായത്. കളി കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖത്തിലായിരുന്നു യാത്ര പുറപ്പെട്ടത്. ഇപ്പോള്‍ ഇതാ മുന്നില്‍ കളി..
ഞങ്ങളുടെ വണ്ടിയില്‍ വന്നവരില്‍ മിക്കവരും അര്‍ജന്റീനയുടെ ആരാധകര്‍ ആയിരുന്നു. മുന്നിലെ ബെഞ്ചില്‍ കുറച്ചു കുട്ടികള്‍ ഇരിക്കുന്നുണ്ട്, കടയിലെ കുറച്ചു ജോലിക്കാരും. ഇത്രയും പേരായിരുന്നു പ്രേക്ഷകര്‍. ആദ്യ രണ്ടു ഗോളുകള്‍ ഞങ്ങള്‍ മതിമറന്ന് ആഘോഷിച്ചു. അതിനിടയില്‍ മറ്റു രണ്ടു വണ്ടികളില്‍ നിന്നായി കുറച്ചുപേരു കൂടി എത്തി. ഫ്രാന്‍സ് ഗോള്‍ മടക്കിയപ്പോഴാണ് അവരാകെ ഉണര്‍ന്നത്. ഞങ്ങള്‍ വളരെ പെട്ടെന്ന് ന്യൂനപക്ഷമായി മാറി. പിന്നീട് പരസ്പരമുള്ള പോര്‍വിളികള്‍ ഉച്ചത്തിലായി മാറിയപ്പോള്‍ ഞാന്‍ തെല്ലൊന്നു പേടിച്ചു തുടങ്ങിയിരുന്നു. നൂറിനടുത്ത് ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈയിടം നാട്ടിലെ വായനശാലയോ കൂടെയുള്ളവര്‍ ചങ്ങാതിമാരോ അല്ല. ജീവിതത്തില്‍ ആദ്യമായി എത്തുന്ന ഇടം. ആദ്യമായി കാണുന്ന ആളുകള്‍. അവരുടെ കണ്ണില്‍ ഞാന്‍ ഒരു കറാന.-വിദേശി, കയ്യിലെ ബാഗില്‍ പാസ്‌പോര്‍ട്ട്, മറ്റു രേഖകള്‍. പോക്കറ്റില്‍ പേഴ്സില്‍ ഇവര്‍ക്ക് വലുതെന്ന് തോന്നുന്ന സംഖ്യ. ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.
ശക്തമായ കലഹം നടക്കുമ്പോള്‍ ഞാന്‍ ടേബിളില്‍ ഇരുന്നുകൊണ്ട് ഒരു കോള ഓര്‍ഡര്‍ ചെയ്തു. മുന്നിലെ തട്ടില്‍ മീന്‍ പൊരിച്ചത് നിരത്തി വച്ചിരിക്കുന്നു. അപ്പുറത്ത് ചെറിയ കോലില്‍ കോര്‍ത്തുവച്ചിരിക്കുന്ന ബീഫ് ചുട്ടത്.
വയറില്‍ ആന്തല്‍ കൂടി വരുന്നു. ഒന്നാമത്തെ ടെന്‍ഷന്‍ കളിയുടെതായിരുന്നു. അപരിചിതമായ ഇടത്തെ സുരക്ഷയെക്കുറിച്ചുള്ള പേടി മറുവശത്ത്. ഈ ഭക്ഷണം കണ്ടപ്പോള്‍ വിശപ്പിന്റെ വിളിയും. കോളയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ടേബിളില്‍ ചോറും മീന്‍ കറിയും കഴിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നതു പോലെ ഒരു തോന്നല്‍. തടിയനായ അയാളുടെ നോട്ടം കുറച്ചു സമയമായി എന്റെ നേര്‍ക്കായിരുന്നു എന്നത് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ഇയാള്‍ ഞങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ആള്‍ തന്നെയാണ് എന്നാണ് തോന്നുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയപ്പോള്‍ ശ്രദ്ധയെല്ലാം കളിയില്‍ മാത്രമായി. അര്‍ജന്റീനയുടെ ജയം ഞങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ പുഞ്ചിരിച്ചുകൊണ്ട് കൂടെ നിന്നു. ഹോട്ടല്‍ മുതലാളിയായ മറിയം വളരെ പെട്ടെന്ന് തന്നെ ആതിഥേയയുടെ കുപ്പായമണിഞ്ഞുകൊണ്ട് ഞങ്ങളുടെ ഇടയിലേക്കിറങ്ങി. എംബപ്പേയുടെ മൂന്നാമത്തെ ഗോളിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ച അവരില്‍ തോല്‍വി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നു തോന്നി.
കളി കഴിഞ്ഞു, ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോഴേക്കും സമയം പത്തു മണിയോടടുത്തിരുന്നു. ഇനിയും രണ്ടോ മൂന്നോ മണിക്കൂറുകള്‍ വേണ്ടിവരും ടയര്‍ എത്താന്‍ എന്നതാണ് സറീനയുടെ അഭിപ്രായം. അവളും മറ്റു മൂന്നു സ്ത്രീകളും കടയില്‍ നിന്നും ഒരു പായ വാങ്ങിവരികയും കടയുടെ മുന്നില്‍ റോഡരികില്‍ വിരിച്ചുകൊണ്ട് അതില്‍ കിടക്കുകയും ചെയ്തു. കടയില്‍ നിന്നുമുള്ള വെളിച്ചം മാത്രമേ റോഡിലുമുള്ളൂ. ഞാനാകട്ടെ ബാഗുമായി റോഡില്‍ തന്നെ നില്‍ക്കുകയാണ്. ഇപ്പോഴാകട്ടെ എന്റെ ഭീതി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. കാരണമെന്തെന്നാല്‍, ഭക്ഷണം കഴിച്ചു കഴിഞ്ഞു ബില്ലടക്കാന്‍ സമയത്ത് എന്റെ പേഴ്സില്‍ നിന്നും കുറച്ചു നോട്ടുകള്‍ പുറത്തേക്ക് തെറിച്ചു വീണിരുന്നു. പേഴ്സ് ഒരിക്കലും പുറത്തേക്ക് എടുക്കരുതെന്നും ആവശ്യമുള്ള നോട്ടു മാത്രമേ എടുക്കാവൂ എന്നും അന്‍സാര്‍ ഓര്‍മിപ്പിച്ചിരുന്നു. പോക്കറ്റില്‍ കയ്യിട്ടുകൊണ്ട് ഒരു നോട്ടു മാത്രമെടുക്കാനുള്ള ശ്രമത്തിലാണ് ചില നോട്ടുകള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത്.
തടിയനായ ആ വ്യക്തിയും മറ്റൊരു പെണ്‍കുട്ടി യുമാണ് നോട്ടുകള്‍ എന്റെ കയ്യിലേക്ക് എടുത്തുതരുന്നത്. അവരില്‍ ആരൊക്കെയോ സംസാരിക്കുന്നതില്‍ കുറെ കാശ് ഉണ്ടല്ലോ മുതലാളി എന്നത് മാത്രമാണ് എനിക്ക് മനസ്സിലായത്.
ഈ കാരണം കൊണ്ടു തന്നെ ഒരു ആക്രമണം ഞാന്‍ മുന്നില്‍കണ്ടു.
റോഡില്‍ ഞങ്ങളുടെ വാഹനം കൂടാതെ രണ്ടു ലോറികളും ഒരു വാനുമാണ് ഉണ്ടായിരുന്നത്. കളി കാണാന്‍ വന്ന ആളുകളില്‍ ചിലര്‍ അവിടെ ഇരിക്കുന്നുണ്ട്. പിന്നീടുള്ള കുറച്ചു സമയങ്ങള്‍ അതിഭീകരമായ നിശ്ശബ്ദതയിലാണ് കടന്നുപോയത്. റോഡരികില്‍ ചമ്രം പടിഞ്ഞിരിക്കുന്നവര്‍. കടയിലെ ടേബിളില്‍ ഇരിക്കുന്ന യാത്രികര്‍. അവിടെ ചെയറില്‍ ഇരുന്നുകൊണ്ട് ഉറങ്ങുന്ന ഹോട്ടല്‍ ജീവനക്കാരികള്‍. പായയില്‍ നീണ്ടു നിവര്‍ന്നുകിടക്കുന്നവര്‍. കുറച്ചകലെയായി നിര്‍ത്തിയിട്ടിരുന്ന ഞങ്ങളുടെ വാഹനം.അതിനരികില്‍ ഇരിക്കുന്ന ആരൊക്കെയോ. എല്ലാവരും അവരുടെ ലോകങ്ങളിലാണ്. വല്ലപ്പോഴും കടന്നുപോകുന്ന വാഹനത്തിന്റെ ശബ്ദം മാത്രമാണ് നിശ്ശബ്ദത ഭഞ്ജിച്ചിരുന്നത്.
നിശബ്ദതയുടെ വന്യമായ സൗന്ദര്യം കാണുന്നത് ആ രാത്രിയിലാണ്. ഭീതിയില്‍ വന്യതയുടെ ആഴം വര്‍ധിക്കുന്നത് ഓരോ രോമകൂപങ്ങളുടെയും ഉയര്‍ത്തെഴുന്നേല്‍പ്പില്‍ നിന്നും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. മൂത്രമൊഴിക്കാന്‍ റോഡ് മുറിച്ചു കടക്കണം എന്നതിനാല്‍ അതിനു മെനക്കെട്ടില്ല. അവിടെമാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. മറുവശം വനമാണ്.
ആള്‍ക്കൂട്ടത്തില്‍ തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന സമയത്താണ് വണ്ടിയുടെ സമീപത്തായി തീകൂട്ടിക്കൊണ്ട് ഡ്രൈവറും സഹായിയും മറ്റുരണ്ടുപേരും ഇരിക്കുന്നത് കാണുന്നത്. ആ വെളിച്ചം കണ്ടിടത്തേക്ക് നടന്നു.ഒരു പഴയ ടയറിനുള്ളില്‍ എന്തൊക്കെയോ ഇട്ടുകൊണ്ട് കത്തിക്കുകയാണ് അവര്‍. ഒരു പ്രത്യേക ഗന്ധമാണ് അതില്‍ നിന്നും വരുന്നത്.
അവര്‍ക്കരികിലായി ചെന്നിരുന്നു.
ഡ്രൈവറുടെ സഹായി പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു. ഇംഗ്ലീഷില്‍ ആയിരുന്നു ആ അഭിവാദ്യം എന്നത് എന്നിലുണ്ടാക്കിയ സന്തോഷം ചെറുതല്ലായിരുന്നു. സംസാരം തുടങ്ങിയപ്പോഴാണ് അഡ്രിയാനറി എ താഹിരി എന്ന ഇയാള്‍ ഈ വാഹനത്തിന്റെ ഉടമസ്ഥന്‍ ആണെന്ന് മനസ്സിലാകുന്നത്. ഡ്രൈവറോടൊപ്പം ചില ദിനങ്ങളില്‍ ഇദ്ദേഹം വണ്ടിയില്‍ പോകാറുണ്ട്. ടാന നിവാസിയായ താഹിരി നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഭാര്യയും നാലു മക്കളുമടങ്ങുന്ന വീട്ടില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് താമസിക്കുന്നത്. മറ്റെല്ലാ രാത്രികളിലും വാഹനം തന്നെയാണ് താഹിരിയുടെ കിടപ്പുമുറി. ഫ്രഞ്ച് ചുവ വരുന്നതിനാല്‍ താഹിരിയുടെ ഇംഗ്ലീഷ് മനസ്സിലാക്കുവാന്‍ നന്നേ ബുദ്ധിമുട്ടായിരുന്നു. എന്റെ ഇംഗ്ലീഷ് പരിജ്ഞാനവും അതിനൊരു കാരണമാണ്. എന്റെ ജോലിയെക്കുറിച്ചും ഇന്ത്യയെ കുറിച്ചും അറിയാന്‍ താല്പര്യം പ്രകടിപ്പിച്ച താഹിരി, മഹാത്മാ ഗാന്ധിയെ കുറിച്ചാണ് കൂടുതല്‍ ചോദിച്ചത്. ടാനയില്‍ ഗാന്ധിയുടെ പേരില്‍ ഒരു റോഡ് ഉണ്ടത്രേ. പിന്നീട് താഹിരി സംസാരിച്ചത് ഹിന്ദി സിനിമയെ കുറിച്ചാണ്. തനത് സിനിമകള്‍ ഇറങ്ങാത്ത നാട്ടില്‍ ഫ്രഞ്ച് പരിവര്‍ത്തനത്തിലൂടെ ഷാരൂഖ് ഖാനും ഹൃദിക് റോഷനുമെല്ലാം ഇവരുടെ പ്രിയപ്പെട്ടവര്‍ ആണ്.
താഹിരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരീരം ഭാരം കുറയുന്നതുപോലെ അനുഭവപ്പെടാന്‍ തുടങ്ങി. തീയ്ക്ക് ചുറ്റും ഞങ്ങള്‍ അഞ്ചുപേരാണ് ഇരിക്കുന്നത്. ഒരാള്‍ അതില്‍ ഒരു കോലുകൊണ്ട് ഇളക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഹോട്ടലിലേക്ക് നോക്കുമ്പോള്‍ കണ്ണുകളില്‍ സ്ഥാന ചലനം പോലെ എന്തൊക്കെയോ തോന്നുന്നു. ഞാന്‍ താഹിരിയോട് സംസാരിക്കുന്ന ശബ്ദം ഉയര്‍ന്നതിനാല്‍ ആവണം സറീന പായയില്‍ നിന്നും എഴുന്നേറ്റു നോക്കുന്നതും അവള്‍ അടുത്തേക്ക് വരുന്നതും കണ്ടു. ഭയമെന്ന വികാരം ലവലേശം പോലും മനസ്സില്‍ ഇല്ലായിരുന്നു അപ്പോള്‍.
സറീന അടുത്തെത്തി താഹിരിയുമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ട് എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ ഒരു അന്തരീക്ഷത്തില്‍ നിന്നും മാറാന്‍ ഒട്ടും താല്പര്യം ഇല്ലായിരുന്നുവെങ്കിലും അവളെ അനുസരിച്ചു. താഹിരി ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.
കുറച്ചു സമയം കഴിഞ്ഞാണ് എന്നിലെ അപ്പൂപ്പന്‍ താടി താഴെയെത്തിയത്. സറീനയോടും നേരത്തെ കണ്ട ആ തടിയനോടുമൊപ്പം റോഡരികില്‍ ഇരിക്കുകയായിരുന്നു ആ സമയത്തു ഞാന്‍. എഡി സാന്‍ട്രിക്കേലി എന്ന ആ തടിയനായ മനുഷ്യനാണ് ഞാന്‍ മുമ്പ് ഇരുന്ന ഇടത്തെക്കുറിച്ച് പറഞ്ഞു തന്നത്. കാത്തും ജമാലും മറ്റെന്തോ മിശ്രിതങ്ങളും ചേര്‍ത്ത പുകയാണ് ഞാന്‍ നേരത്തെ ശ്വസിച്ചിരുന്നത്. ഉറക്കം വരാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ രാത്രികളില്‍ ഇങ്ങനെ ചെയ്യാറുണ്ടത്രേ. വലിയ ലഹരിയാണ് ആ പുക നല്‍കുന്നത്. ആദ്യം താഹിരി അതെനിക്ക് പറഞ്ഞു തന്നിരുന്നുവത്രേ. പക്ഷെ താഹിരിയുടെ ഫ്രഞ്ചു കലര്‍ന്ന ഇംഗ്ലീഷ് എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ ഞാനവിടെ തുടരുകയായിരുന്നു. എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട സറീന ക്കാണ് കാര്യം പിടികിട്ടിയതും അവിടെ നിന്നും മാറ്റിയതും.
ഏതാണ്ട് രണ്ടു മണിക്കൂര്‍ ധൈര്യം പകര്‍ന്നു നല്‍കിയ ആയിടത്തിലേക്ക് നോക്കി. തീ കെട്ടിരിക്കുന്നു. ടയര്‍ മാറ്റിയിടുന്ന തിരക്കിലാണ് താഹിരിയും ഡ്രൈവറും. എഡിയും സറീനയും എന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്റെ ബാഗാകട്ടെ സെറീനയുടെ മടിയിലും.
വണ്ടി നീങ്ങുമ്പോഴും അവരുടെ ചിരി തുടരുകയായിരുന്നു. താഹിരി അപ്പോള്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. ഇരുവശവും നിരന്ന കൃഷിയിടങ്ങളിലൂടെയാണ് വണ്ടി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ ഉണ്ടാവുന്ന മിന്നലില്‍ ആണ് പുറത്തെ ദൃശ്യങ്ങള്‍ കാണുന്നത്. ഇവിടെ മഴക്കാലം ഏതാണ്ട് തുടങ്ങാറായിരിക്കുന്നു.
ഡിസംബര്‍ അവസാനം മുതല്‍ മാര്‍ച്ചു മാസം വരെ മഴ ലഭിക്കാറുണ്ട് ഇവിടെ. പിന്നീട് ശൈത്യമാണ്.
ലോകത്തെ മിക്കയിടങ്ങളും തണുത്തു വിറങ്ങലിക്കുന്ന ഈ ഡിസംബര്‍ മാസം ഇവിടെ കൊടും ചൂടിലാണ്.
ആശ്വാസത്തിനായി വിരുന്നെത്തുന്ന ചില മഴകള്‍ മാത്രം..
താഹിരി പറഞ്ഞ ഒരു കാര്യം ശരിയാണ്. ഉണര്‍വിന് ആയിട്ടാണ് ഇവര്‍ ഈ മരുന്നുകൂട്ടം ശ്വസിക്കുന്നത്. സറീനയും എഡിയും ഇരുവശവും കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ പുക ശ്വസിച്ചു എനര്‍ജി വര്‍ധിച്ച ഞാന്‍ പുറത്തേക്ക് മിഴികള്‍ നട്ടുകൊണ്ടിരുന്നു. ഏതാണ്ട് പുലര്‍ച്ചെ വരെ എന്റെ ഉന്മേഷം തുടര്‍ന്നു. അതിനിടയില്‍ ഒരു നാഷണല്‍ പാര്‍ക്കും രണ്ടു വലിയ നദികളും പിന്നിടുന്നത് അറിയുന്നുണ്ടായിരുന്നു.
ജൈവ വൈവിധ്യങ്ങളുടെ ഭൂമികയെന്നറിയപ്പെടുന്ന മഡഗാസ്‌ക്കറില്‍ 46 നാഷണല്‍ പാര്‍ക്കുകള്‍ ആണ് ഉള്ളത്. പ്രൊട്ടക്ടഡ് ഏരിയാസ് ഇന്‍ മഡഗസ്‌ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈയിടങ്ങള്‍ മൂന്നു വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. ഏകദേശം ദ്വീപിന്റെ പത്തു ശതമാനം ഏരിയ ഇപ്പോള്‍ സംരക്ഷിത മേഖലയില്‍ ആണുള്ളത്. ലോകത്തെ ജന്തു സസ്യ വൈവിധ്യങ്ങളുടെ കലവറ ആയിട്ടാണ് മഡഗാസ്‌കര്‍ ദ്വീപിനെ കാണുന്നത്. വനനശീകരണം ദ്വീപ് നേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നാണ്. കൃഷിക്കു വേണ്ടിയായിരുന്നു ആദ്യകാലങ്ങളില്‍ വന നശീകരണമെങ്കില്‍ ഇപ്പോഴത് ലോഹങ്ങളും മറ്റു ധാതുക്കളും തേടിയുള്ളതാണ്. ഇവരുടെ സമ്പത്തുകളെല്ലാം കൊണ്ടുപോകുന്നത് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ മുതലാളിമാരുടെ ഭണ്ഡാരങ്ങളിലേക്കാണ്. വളരെ തുച്ഛമായ ശമ്പളവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിമ്പളവും നല്‍കുന്നത് വഴി ഈ ഭൂമി അതീവ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.
എഡി തട്ടിവിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്. ഒമ്പതു മണി കഴിഞ്ഞിരുന്നു അപ്പോള്‍. വിശാലമായി ഒഴുകുന്ന ഒരു പുഴക്കരികില്‍ ആണ് വണ്ടി നിര്‍ത്തിയിരിക്കുന്നത്. മുന്നില്‍ കൈവരിയില്ലാത്ത പാലം, അതിനപ്പുറം മുകളിലേക്കൊഴുകി മറയുന്ന റോഡ്.
ഇരുവശവും ഇടതൂര്‍ന്ന കാടുകളാണ്.
എഡിക്ക് ഇറങ്ങാന്‍ വേണ്ടിയാണ് എന്നെ തട്ടിവിളിക്കുന്നത്. മറ്റുള്ളവര്‍ ഇറങ്ങി പോയിരിക്കുന്നു. പ്രഭാത കൃത്യങ്ങള്‍ക്കായി നല്‍കിയ സമയമെന്ന എന്റെ ധാരണ മാറിയത് വണ്ടിയുടെ ചുവട്ടില്‍ കിടക്കുന്ന താഹിരിയെ കണ്ടപ്പോഴാണ്.
പുഴയിലേക്ക് എഡിയോടൊപ്പം നടന്നു.
'കുളിക്കുന്നുണ്ടെങ്കില്‍ തോര്‍ത്ത് എടുത്തോളൂ.' എഡി പറഞ്ഞതിനാല്‍ മാത്രം തോര്‍ത്ത് കയ്യില്‍ വച്ചു. സത്യത്തില്‍ കുളിക്കാന്‍ മൂഡ് ഉണ്ടായിരുന്നില്ല.
രണ്ടു നാള്‍ കുളിയില്ല എന്നത് മനസ്സിനെ യാത്രയ്ക്ക് മുമ്പു പറഞ്ഞു പഠിപ്പിച്ചതിനാല്‍ ആകണം അത്.
ഒരു നടവഴി ഇറങ്ങിച്ചെല്ലുന്നത് പുഴയിലേക്കാണ്.
വിശാലമായ പുഴയാണ്.
അരികു ചേര്‍ന്ന് കുളിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. വണ്ടിയില്‍ ഉണ്ടായിരുന്നവരില്‍ രണ്ടോ മൂന്നോ പേരേ അതിലുള്ളൂ. മറ്റുള്ളവര്‍ നാട്ടുകാരായിരിക്കണം. പക്ഷേ വീടുകളൊന്നും ആയിടങ്ങളില്‍ കാണുന്നില്ല. ആരുടെ ശരീരത്തിലും ഉടതുണി ലവലേശം ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. ഞാന്‍ നോട്ടം മറ്റൊരിടത്തേക്ക് മാറ്റിയത് കണ്ടിട്ടാകണം എഡി ചിരിച്ചുകൊണ്ട് പറഞ്ഞു.
'ഇവിടെ നഗ്‌നത അത്ര വലിയൊരു പ്രശ്‌നമല്ല സുഹൃത്തേ. ലൈംഗികത തികച്ചും സ്വതന്ത്രമായ ഈ രാജ്യത്ത് നഗ്‌നത ഒളികണ്ണാല്‍ ആസ്വദിക്കേണ്ട കാര്യമില്ലല്ലോ.'
ആ വാക്കുകള്‍ തികച്ചും ശരിയാണെന്ന് തോന്നി. അടിച്ചമര്‍ത്തപ്പെടുന്നിടത്താണ് ഇവയെല്ലാം മറ്റൊരു രൂപത്തില്‍ പുറത്തു വരുന്നത്. എങ്കിലും എന്റെ നഗ്‌നത വെളിവാക്കാനുള്ള ആര്‍ജവം ഇല്ലാത്തതിനാല്‍ എഡി യുടെ നഗ്ന സ്‌നാനം കണ്ടുകൊണ്ട് ഞാന്‍ പുഴക്കരയില്‍ ഇരുന്നു.
ഇനിയുമൊരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇതുവരെ താണ്ടിയതിലും വളരെ കൂടുതല്‍.
ഇനിയുമെത്രയോ നദികള്‍, സംരക്ഷിത വനങ്ങള്‍, അസംഖ്യം സസ്യജന്തു ജാലങ്ങള്‍. വഴികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന കുടിലുകള്‍. വല്ലപ്പോഴും കണ്ടേക്കാവുന്ന പട്ടണങ്ങള്‍.
ഇവയെല്ലാം താണ്ടി തലസ്ഥാന നഗരിയില്‍ എത്തുമ്പോള്‍ അര്‍ധരാത്രി പിന്നിടുമെന്നത് തീര്‍ച്ച. പത്തു ഡിഗ്രിയില്‍ താഴെ താപനിലയുള്ള നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ സുഹൃത്തായ സുരേഷേട്ടന്റെ താമസ സ്ഥലത്ത് എങ്ങനെ എത്തിപ്പെടുമെന്ന ചിന്തകളില്‍ മുഴുകിനില്‍ക്കെ സറീനയെത്തി. കൂടെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന മറ്റൊരു പെണ്‍കുട്ടിയും.
അവള്‍ വിക്ടോറിന്‍, അംബാഞ്ചേ സ്വദേശിനി. ടാനയില്‍ നഴ്സിംഗ് പഠിക്കുകയാണ്. അവരിരുവരും എന്നെപ്പോലെ തന്നെ സ്നാനം ഒഴിവാക്കിയവരാണ്. മരങ്ങള്‍ക്കിടയില്‍ എങ്ങോ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു വന്നതാണ് ഇരുവരും. എന്നെ പരിചയപ്പെടണം എന്നു സറീനയോട് പറഞ്ഞതിനാല്‍ ആണ് അവളുമായി വന്നത്. കുറച്ചു സമയം ഞങ്ങള്‍ സംസാരിച്ചുകൊണ്ട് അവിടെ ഇരുന്നു. അപ്പോഴേക്കും എഡി കുളികഴിഞ്ഞ് എത്തിയിരുന്നു. ഞങ്ങള്‍ നാലുപേരും ഒരുമിച്ചു തിരികെ നടക്കുമ്പോള്‍ വികേ്‌ടോറിന്‍ ചോദിച്ചു
'നിങ്ങള്‍ക്ക് ഇവിടെ ഏറ്റവും ഇഷ്ടമായത് എന്താണ്..?'
മുറി ഇംഗ്ലീഷ് ആണെങ്കിലും വ്യക്തമായിരുന്നു ചോദ്യം.
'എഡി യുടെ കുളിസീന്‍.'
ഞാന്‍ തമാശയായി പറഞ്ഞു. അവരെല്ലാം ചിരിച്ചു. അടിവസ്ത്രം മാത്രമായിരുന്നു അവന്റെ വേഷം. തോര്‍ത്തുമുണ്ട് തോളില്‍ ഉണ്ടെങ്കിലും തോര്‍ത്താതെയാണ് ആശാന്റെ നടത്തം. ഗാസികളില്‍ പലരും കുളി കഴിഞ്ഞാല്‍ തല മാത്രമേ തുടയ്ക്കാറുള്ളൂ. മറ്റു ഭാഗങ്ങള്‍ ശരീരത്തിന്റെ ചൂടിനാല്‍ ഉണങ്ങാറാണ് പതിവ്.
വണ്ടി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് അവള്‍ ചോദ്യം ആവര്‍ത്തിച്ചത്.
അവളോട് പുഞ്ചിരിച്ചതല്ലാതെ ഉത്തരമൊന്നും നല്‍കിയില്ല. സത്യത്തില്‍ എന്റെ മനസ്സില്‍ ഉത്തരം ഇല്ലായിരുന്നു എന്നതാണ് സത്യം. എന്തൊക്കെയോ ഈ ദ്വീപില്‍ എന്നെ ആകര്‍ഷിക്കുന്നുണ്ട്.
പക്ഷെ വ്യക്തമായൊരു ഉത്തരം നല്‍കാന്‍ എനിക്കാവുന്നില്ല.
'ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ വിക്ടോറിന്‍.'
'ഇഷ്ടമില്ലാത്തത് എന്ത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ നിറഞ്ഞിരിക്കും ഈ സമയം കൊണ്ട്. അതെനിക്കറിയാം. ഈ യാത്ര അവസാനിക്കുമ്പോഴേക്കും എനിക്ക് ഈ ചോദ്യത്തിന് ഒരു ഉത്തരം തന്നാല്‍ മതി.'
പിന്നിലെ സീറ്റിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു.
ഗാസി സംഗീതം ഉച്ചസ്ഥയിയില്‍ കേട്ടുകൊണ്ട് യാത്ര തുടരുമ്പോള്‍ ഞാന്‍ നാലു മാസങ്ങള്‍ക്ക് പിറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.
എത്യോപ്യ, ഭൂമിയില്‍ മനുഷ്യനെന്ന വര്‍ഗം ആദ്യമായി പിറന്ന മണ്ണെന്നു വിശേഷിപ്പിക്കുന്ന രാജ്യം. അവിടെ ആഡിസ് അബാബ എയര്‍ പോര്‍ട്ടില്‍ ഈ ദ്വീപിലേക്കുള്ള വിമാനം കാത്തിരിക്കുന്ന എന്റെയരികില്‍ ഒരാള്‍ വന്നിരുന്നു. ആറര അടിയില്‍ കൂടുതല്‍ പൊക്കമുള്ള ഭീമാകാരനായ ഒരു മനുഷ്യന്‍. ശ്രീലങ്കന്‍ ആണോ എന്ന ചോദ്യത്തോടെയാണ് അയാള്‍ എന്നെ നേരിട്ടത്. ജയസൂര്യയുടെയും രണതുംഗെയുടെയും മുഖം മനസ്സില്‍ മിന്നായം പോലെ കടന്നുവരികയും പോകുകയും ചെയ്തു. ഇന്ത്യന്‍ എന്നുള്ള മറുപടി നല്‍കിയപ്പോള്‍ എന്തിനോ ഒരു സോറിയും നല്‍കി അയാള്‍ സ്വയം പരിചയപ്പെടുത്തി. ആദം ഈസാ മുഹമ്മദ്. എത്യോപ്യന്‍ വംശജനായ ബിസിനസുകാരന്‍. ഇപ്പോള്‍ ഭാര്യയോടും മൂന്നു മക്കളോടുമൊപ്പം ഇറ്റലിയില്‍ ആണ് ജീവിതം. നസ്രേത് എന്ന തന്റെ ജന്‍മനാട്ടിലേക്ക് വീട്ടുകാരെ കാണാന്‍ വന്നതാണ് ആള്‍. ആഡിസ് അബാബയിലുള്ള കൂട്ടുകാരിയോടൊപ്പം രണ്ടുനാള്‍ തങ്ങി സന്തോഷവാനായി തിരിച്ചു പോകുകയായിരുന്നു ആദം.
ആദ്യമായി ആഫ്രിക്കയില്‍ എത്തുകയാണെന്നു പറഞ്ഞപ്പോള്‍ ആദ്യ ചോദ്യം പേടിയുണ്ടോ എന്നതായിരുന്നു.
'ചെറുതായി പേടിയുണ്ട്' എന്ന എന്റെ ഉത്തരം കേട്ടതുകൊണ്ടവണം എന്റെ വലത് കയ്യിലെ മോതിര വിരലില്‍ അയാളുടെ കൈകള്‍ അമര്‍ന്നു. ബലിഷ്ഠമായ കൈകള്‍ വിരലിനെ അമര്‍ത്തുമ്പോള്‍ അയാള്‍ മുകളിലേക്ക് നോക്കിക്കൊണ്ട് എന്തൊക്കെയോ ചൊല്ലുകയായിരുന്നു.
രണ്ടു മിനിറ്റിനു ശേഷം അയാള്‍ എന്നെ നോക്കി പറഞ്ഞു.
'ഇരുണ്ട ഭൂഖണ്ഡത്തില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത പലതും കണ്ടേക്കാം. മനുഷ്യന്റെ കുലം പിറവിയെടുത്ത ഈയിടത്തില്‍ അന്നുതൊട്ടിന്നുവരെയുള്ള എല്ലാ മനുഷ്യ വാസനകളും നിറഞ്ഞിരിക്കുന്നു. ആദം മുതലിങ്ങോട്ടുള്ള എല്ലാവരും ഇവിടെയുണ്ട് ഇപ്പോഴും.'
അയാള്‍ പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും എന്റെ വിരല്‍ പിടിച്ചുകൊണ്ട് നിങ്ങള്‍ പ്രാര്‍ഥിച്ചത് എന്താണെന്ന് ഞാന്‍ ചോദിച്ചു.
'അത് വെറുതെ.. എന്റെ ഒരു വിശ്വാസത്തിന്റെ ഭാഗമായിരുന്നു. കറുത്തവനു മാത്രമുള്ള ഒരു മാന്ത്രികതയുണ്ട്. അതില്‍ നിന്നും രക്ഷപ്പെടുക എന്നത് ...'
അയാള്‍ ആ വാക്കുകള്‍ പൂര്‍ത്തീകരിച്ചില്ല. പിന്നീട് അയാള്‍ ഒന്നും സംസാരിക്കുകയും ഉണ്ടായില്ല.പത്തു മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ തന്റെ ബാഗുകളുമായി നടന്നു നീങ്ങി. തിരിഞ്ഞുപോലും നോക്കാതെ.
എന്റെ മോതിര വിരല്‍ ചുവന്നിരുന്നു അപ്പോള്‍. പക്ഷെ ഒട്ടും വേദനയുണ്ടായിരുന്നില്ല.
അതിനു ശേഷം അയാളും അയാളുമൊത്തുള്ള നിമിഷങ്ങളും ഓര്‍മ്മയില്‍ വരുന്നത് ഈ പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ നിന്നാണ് എന്നത് യാദൃശ്ചികതയാണോ എന്നറിയില്ല.
മുന്നില്‍ വഴികള്‍ നീണ്ടുകിടക്കുന്നു നോക്കെത്താ ദൂരത്തോളം. മുന്നിലെ ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ വിക്ടോറിന്‍ എന്നെത്തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നത്. അവള്‍ക്കൊരു ഉത്തരം നല്‍കണം. എന്തുകൊണ്ടോ ആദം എന്ന മനുഷ്യന്റെ പൂര്‍ത്തീകരിക്കാത്ത വാക്കുകളുമായി എന്റെയുത്തരം കലര്‍ന്നിരിക്കുന്നു എന്നൊരു തോന്നല്‍.
ബ്ലാക്ക് മാജിക് എന്ന ആ പദത്തിലൂടെ എന്റെ ആത്മാവ് ചലിക്കുമ്പോള്‍ റോഡരികില്‍ ഒരാള്‍ ഞങ്ങളുടെ വാഹനത്തിനു നേരെ കൈവീശി. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞിരുന്ന അയാളുടെ കയ്യില്‍ കാളയുടെ കൊമ്പുകള്‍ ഉള്ള ഒരു മുഖംമൂടി ഉണ്ടായിരുന്നു. എന്തുകൊണ്ടോ ആ മുഖംമൂടിയില്‍ ആദമിന്റെ മുഖമാണ് ഞാന്‍ കണ്ടത്. എന്റെ വലതു കയ്യിലെ മോതിര വിരല്‍ ചുവക്കാന്‍ തുടങ്ങുന്നത് കാണാം. യാത്ര അവസാനിക്കാന്‍ ഇനി 380 കിലോമീറ്ററുകള്‍ എന്ന് ദിശാഫലകം പറയുന്നു.