ഇവർ പരസ്പരം ബഹുമാനം പ്രകടിപ്പിക്കുന്നത് തുപ്പിക്കൊണ്ട്...
ജനിച്ചു വീണ ഉടൻതന്നെ നവജാതശിശുക്കളുടെ മേൽ തുപ്പുന്ന ഒരു ചടങ്ങും ഈ ഗോത്ര വിഭാഗക്കാർക്കിടയിൽ ഉണ്ട്. കുട്ടിയുടെ സർവദോഷങ്ങളും മാറി മുൻപോട്ടുള്ള ജീവിതം ഐശ്വര്യ സമ്പൂർണ്ണമാകാൻ വേണ്ടിയാണ് അവർ ഇത്തരത്തിൽ ചെയ്യുന്നത്.
വ്യത്യസ്തതകളുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ധരിക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ജീവിക്കുന്ന രീതിയിലും ഒക്കെ പരസ്പരം വ്യത്യസ്തരാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനസമൂഹങ്ങൾ. ഈ വ്യത്യസ്തത നമ്മുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒക്കെ പ്രകടമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ലോകത്തിൻറെ ഒരുഭാഗത്ത് വളരെ മോശവും നിന്ദ്യവും ഒക്കെ ആയി കരുതുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റൊരു സ്ഥലത്ത് വളരെ നല്ല കാര്യങ്ങളായി കരുതാറുണ്ട്. അത്തരത്തിൽ നാം വളരെ മോശമായി കരുതുന്ന ഒരു പ്രവൃത്തി തങ്ങളുടെ ജീവിതത്തിൻറെ ഭാഗമായി കണ്ടുവരുന്ന ഒരു ഗോത്ര സമൂഹമുണ്ട് ആഫ്രിക്കയിൽ. കെനിയയിലെയും വടക്കൻ ടാൻസാനിയയിലും ഉള്ള ഈ ഗോത്രവിഭാഗത്തിന്റെ പേര് മസായ് എന്നാണ്.
വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ ഏറെ പ്രശസ്തമാണ് മസായി ഗോത്രം. സ്വയം പ്രതിരോധത്തിനായി ഈ ഗോത്ര വിഭാഗത്തിൽ പെട്ടവർ തങ്ങളുടെ കൈകളിൽ ഒരു കുന്തം കരുതിയിട്ടുണ്ടാകും. ആക്രമിക്കുമ്പോൾ പോലും ശാന്തത കൈവിടാത്തവരാണ് മസായി ഗോത്ര വിഭാഗക്കാർ എന്നാണ് പൊതുവിൽ പറയുന്നത്. ഇവരുടെ വർണ്ണാഭമായ വസ്ത്രധാരണം ഏവരെയും ആകർഷിക്കുന്നതാണ്. ഇതുകൂടാതെ ഇവരുടെ പല ആചാരങ്ങളും നമ്മളിൽ കൗതുകം ജനിപ്പിക്കും.
നമ്മുടെ നാട്ടിൽ എതിരെ വരുന്ന ശത്രുവാണെങ്കിൽ പോലും അയാളുടെ ശരീരത്തിൽ തുപ്പാൻ സാധാരണഗതിയിൽ എല്ലാവരും ഒന്ന് മടിക്കും. കാരണം മറ്റൊരാളുടെ ശരീരത്തിൽ തുപ്പുന്നത് അത്രമാത്രം മോശമായ ഒരു കാര്യമായാണ് നാം കരുതുന്നത്. പരസ്പരം കൈ കൊടുത്തോ അല്ലെങ്കിൽ കൈകൂപ്പി സ്വീകരിച്ചും ഒക്കെയാണ് നാം മറ്റൊരാളെ സ്വാഗതം ചെയ്യാറ്. എന്നാൽ മസായി ഗോത്ര വിഭാഗക്കാർ അങ്ങനെയല്ല അവർക്ക് എതിരെ നിൽക്കുന്ന ആളുകളോട് ഏറെ ബഹുമാനം തോന്നിയാൽ അവർ അത് പ്രകടിപ്പിക്കുക പരസ്പരം കൈ കൊടുക്കുന്നതിനു മുൻപായി അയാളുടെ ഉള്ളം കയ്യിൽ തുപ്പി ആയിരിക്കും. കേൾക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്നുണ്ടെങ്കിലും മസായി ഗോത്ര വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം വളരെയേറെ മാന്യതയുള്ള ഒരു പ്രവൃത്തിയാണ് പരസ്പരം തുപ്പുന്നത്.
തീർന്നില്ല, ജനിച്ചു വീണ ഉടൻതന്നെ നവജാതശിശുക്കളുടെ മേൽ തുപ്പുന്ന ഒരു ചടങ്ങും ഈ ഗോത്ര വിഭാഗക്കാർക്കിടയിൽ ഉണ്ട്. കുട്ടിയുടെ സർവദോഷങ്ങളും മാറി മുൻപോട്ടുള്ള ജീവിതം ഐശ്വര്യ സമ്പൂർണ്ണമാകാൻ വേണ്ടിയാണ് അവർ ഇത്തരത്തിൽ ചെയ്യുന്നത്. കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമല്ല ഈ ചടങ്ങിൽ പങ്കാളികളാവുക. കുഞ്ഞിനെ കാണാനായി എത്തുന്ന എല്ലാവരും കുഞ്ഞിൻറെ ശരീരത്തിൽ തുപ്പുകയും കുഞ്ഞിനെ കുറിച്ച് മോശം വാക്കുകൾ പറയുകയും ചെയ്യും. ഈ ചടങ്ങോടെ കുഞ്ഞിനെ ബാധിക്കാൻ ഇടയുള്ള സകല ചീത്ത കാര്യങ്ങളും ഇല്ലാതാകുമെന്നും സന്തുഷ്ടമായ ഒരു ജീവിതത്തിലേക്ക് കുഞ്ഞു പ്രവേശിക്കും എന്നുമാണ് ഈ ആചാരത്തിലൂടെ ഇവർ വിശ്വസിക്കുന്നത്. അതുപോലെതന്നെ വിവാഹവേളയിൽ വധുവിന്റെ മേൽ തുപ്പുന്നതും ഇവർക്കിടയിലെ ഒരു ചടങ്ങാണ്. വധുവിന് സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാകാനും സന്താനസൗഭാഗ്യം ഉണ്ടാക്കാൻ വേണ്ടിയും ആണ് ഇങ്ങനെ ചെയ്യുന്നത്.