ചില മനുഷ്യര്‍ നമ്മുടെ വിശപ്പ് വായിക്കുന്നു, തളരുന്ന നേരങ്ങളില്‍ നമ്മെ അന്നമൂട്ടുന്നു
നാം നല്ല വസ്ത്രം ധരിച്ചിട്ടുണ്ടാകാം, കാഴ്ചയ്ക്ക് ദരിദ്രനല്ലായിരിക്കാം, ചിരിക്കുന്ന മുഖമായിരിക്കാം, പക്ഷേ ചില മനുഷ്യര്‍ കണ്ണുകളിലേക്ക് നോക്കി നമ്മുടെ മനസ്സ് വായിക്കുന്നു. കൈ നീട്ടണമെന്നില്ല, വിളിച്ചുകൂവണമെന്നില്ല, വിശക്കുന്നവനെ തിരിച്ചറിഞ്ഞ് അവര്‍ അന്നമൂട്ടുന്നു.
'പാസ്‌പോര്‍ട്ട് എടുക്ക് ' എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് തടിച്ച് ഭീമാകാരനായൊരു അറബി എന്റെ മുന്നില്‍ ചാടിവീണു. ഇതായിരിക്കും എന്റെ അറബി എന്ന് കരുതി ഞാന്‍ വേഗം പാസ്‌പോര്‍ട്ട് കൊടുത്തു. നല്ല മനുഷ്യനായിരിക്കേണമേ എന്ന് മനസ്സില്‍ ധ്യാനിച്ചു .വിസ അടിച്ച പേജില്‍ എന്തൊക്കെയോ വായിച്ച് അയാള്‍ ധൃതിയില്‍ എന്റെ കൈപിടിച്ച് നടന്നു.
കാലം 1920 -കളുടെ ഒടുക്കം. കോഴിക്കോട്ടെ അല്‍ അമീന്‍ ലോഡ്ജ്.
വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനായി നാടും വീടും വിട്ട് കോഴിക്കോട്ട് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലെത്തുന്നു.
ചെന്ന പാടേ സാഹിബിന്റെ ചോദ്യം: 'നീ വല്ലതും കഴിച്ചോ?'
ബഷീറിന്റെ കണ്ണുകള്‍ നിറയുന്നു. കാരുണ്യത്തിന്റെ സ്ഫടികശലഭങ്ങള്‍ കണ്ണുനീരില്‍ ഉടഞ്ഞലിഞ്ഞ് മഴവില്‍ ചിറകുകളായി സാഹിബിനെ പൊതിയുന്നത് ബഷീര്‍ കാണുന്നു.
തന്റെ മുന്നിലെത്തുന്നവരോടൊക്കെ സാഹിബ് ചോദിച്ച ഇതേ ചോദ്യം ബഷീര്‍ പില്‍ക്കാലത്ത് അതേ കരുണയോടെ ആവര്‍ത്തിക്കുന്നുണ്ട്.
'വല്ലതും കഴിച്ചോ?'
കാലം 1989. തിരുവനന്തപുരത്തെ തമ്പാനൂര്‍.
നാടും വീടും വിട്ട് ഞാന്‍ തിരുവനന്തപുരത്ത് ഒരു അഭയാര്‍ത്ഥിയായി അലയുന്ന കാലം.
കൈയിലുള്ള കാശൊക്കെ തീര്‍ന്ന് ഉണ്ണാനും കിടക്കാനും വഴിയില്ലാതെ അലച്ചില്‍ തുടരുന്നതിനിടെ മഴ കനത്തു നില്‍ക്കുന്ന ഒരു രാവിലെ തമ്പാനൂരിലെ അന്‍സാരി ഹോട്ടലിന്റെ ചുവരില്‍ നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ മുഷിഞ്ഞ ഒരാള്‍ നിന്നുചിത്രം വരക്കുന്നതും നോക്കി നില്‍ക്കുകയായിരുന്നു.
ഒറ്റനോട്ടത്തില്‍ കവി അയ്യപ്പന്റെ അതേ ഛായ. മൂക്കറ്റം കുടിച്ച് ലക്കുകെട്ട അയാള്‍ക്ക് ബ്രഷ് ശരിക്ക് പിടിക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു. ആടിയാടി കാലിടറി വീഴാന്‍ പോകുമ്പോഴൊക്കെ മുട്ടന്‍ തെറി തുപ്പിക്കൊണ്ട് അയാള്‍ ആ ചിത്രം പൂര്‍ത്തിയാക്കാന്‍ വൃഥാശ്രമം നടത്തുന്നതിനിടെ ഞാന്‍ പതുക്കെ അടുത്തു ചെന്നു.
'ഞാന്‍ വരച്ചു തരട്ടെ'
നിസ്സഹായനായി നിലത്തിരുന്ന് ബീഡി വലിച്ചിരുന്ന അയാള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി.
'നീയേത് മൈരേ?'
ഞാന്‍ ദീനമായി ഒന്ന് ചിരിച്ചു.
'ഞാന്‍ വരച്ചു തരാം.'
അയാള്‍ ബ്രഷ് എന്റെ നേരെ നീട്ടി.
വിശപ്പ് കൊണ്ട് വിറയ്ക്കുന്ന കൈകൊണ്ട് നിറം ചലിക്കുമ്പോള്‍ അയാളുടെ ചോദ്യം: 'നീ ന്തേലും കഴിച്ചോടെ തായോളീ'
ഞാന്‍ ഇല്ലെന്ന് തലയാട്ടി.
'ന്നാ, വാ'
അന്‍സാരി ഹോട്ടലില്‍ നിന്ന് അയാള്‍ വാങ്ങിത്തന്ന പൊറോട്ടയും മുട്ടക്കറിയും കഴിക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു.
ബാലന്‍പിള്ളയെന്നായിരുന്നു അയാളുടെ പേര്. പിന്നെ കുറച്ചു കാലം ഞാന്‍ ബാലണ്ണന്റെ കൂടെയായിരുന്നു.
കാലം 1993. സൗദി അറേബ്യയിലെ ദമ്മാം.
ചുട്ടുപൊള്ളുന്ന മെയ്മാസ രാത്രിയിലാണ് സൗദിയിലേക്കുള്ള ആദ്യ യാത്ര സംഭവിക്കുന്നത്. ബോംബെ വഴി പഴയ ദഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ട്രാവല്‍സില്‍ നിന്നുകിട്ടിയ കഫീലിന്റെ പേരും നമ്പറും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. ആളെ എങ്ങനെ കണ്ടെത്തും എന്നതിനേക്കാള്‍ വിഷമിപ്പിച്ചത് ആളിക്കത്തുന്ന വിശപ്പായിരുന്നു. ര
രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുറച്ചെന്തോ കഴിച്ചെന്നു വരുത്തി എണീറ്റതാണ്. ഫ്‌ളൈറ്റില്‍ നിന്ന് കിട്ടിയ ജ്യൂസും സാന്‍ഡ്വിച്ചും വിശപ്പിന് പരിഹാരമായില്ല. രാജാധിപത്യത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്ക് വിനീത വിധേയനായി വണങ്ങി സ്വതന്ത്ര ജനാധിപത്യത്തില്‍ നിന്നെത്തിയ അഭയാര്‍ത്ഥിയായി വിമാനത്താവളത്തില്‍ നിന്ന് അച്ചടക്കത്തോടെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ചുടുകാറ്റിന്റെ കനല്‍ വിരലുകള്‍ എന്നെ ആലിംഗനം ചെയ്തു.
'പാസ്‌പോര്‍ട്ട് എടുക്ക് ' എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് തടിച്ച് ഭീമാകാരനായൊരു അറബി എന്റെ മുന്നില്‍ ചാടിവീണു. ഇതായിരിക്കും എന്റെ അറബി എന്ന് കരുതി ഞാന്‍ വേഗം പാസ്‌പോര്‍ട്ട് കൊടുത്തു. നല്ല മനുഷ്യനായിരിക്കേണമേ എന്ന് മനസ്സില്‍ ധ്യാനിച്ചു .വിസ അടിച്ച പേജില്‍ എന്തൊക്കെയോ വായിച്ച് അയാള്‍ ധൃതിയില്‍ എന്റെ കൈപിടിച്ച് നടന്നു. ഒരു വലിയ മഞ്ഞക്കാറിലേക്ക് എന്നെ വലിച്ചിട്ട് അതിവേഗതയില്‍ മുന്നോട്ടു കുതിച്ചു. അത്രയും വേഗതയുള്ള വാഹനത്തില്‍ ആദ്യമായി കയറിയതിന്റെ ബേജാറില്‍ എസി യുടെ തണുപ്പിലും ഞാന്‍ വിറച്ചു.
സ്റ്റീരിയോയില്‍ ഏതോ അറബിപ്പാട്ടിന്റെ അലര്‍ച്ച ആസ്വദിച്ചുകൊണ്ട് അയാള്‍ തുടരെത്തുടരേ മാള്‍ബറോ റെഡ് പുകച്ച് ഊതിക്കൊണ്ടിരുന്നു. പുറത്ത് ഇര വിഴുങ്ങി മയങ്ങിക്കിടക്കുന്ന ഭീകര ജീവിയെപ്പോലെ നിശ്ശബ്ദമായി ഉറങ്ങുന്ന മരുഭൂമിയെ നോക്കി ഞാനിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറിന്റെ മരണപ്പാച്ചില്‍ കഴിഞ്ഞ് വണ്ടി എവിടെയോ ചവിട്ടി നിര്‍ത്തിയപ്പോള്‍ ആകെ കുലുങ്ങി ഉലഞ്ഞ് ഞാനുണര്‍ന്നു.
ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അതയാളുടെ വീടായിരുന്നു. ഉയര്‍ന്ന മതില്‍ക്കെട്ടും പടിപ്പുരയുമുള്ള വീടിന്റെ കൂറ്റന്‍ വാതില്‍ അയാള്‍ താക്കോലിട്ട് തുറന്ന് 'യാ അല്ലാഹ് യാ അല്ലാഹ്' എന്ന് മൂന്നാല് തവണ ഉച്ചത്തില്‍ വിളിച്ചപറഞ്ഞുകൊണ്ട് എന്നോട് ഹാളിലെ സോഫയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി അകത്തേക്ക് പോയി.
എനിക്കാണെങ്കില്‍ വിശന്നിട്ട് കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങിയിരുന്നു. കയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചു വന്ന് എന്നോട് ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് എന്തൊക്കെയോ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ശേഷം എന്റെ നേരെ തിരിഞ്ഞ് കൈ ചുണ്ടിനു നേരെ വെച്ച് 'നിനക്ക് കഴിക്കാന്‍ വേണ്ടേ' എന്നോ മറ്റോ ചോദിച്ചു.
എന്റെ നിസ്സഹായമായ ചിരിക്ക് കാത്തു നില്‍ക്കാതെ അയാള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് അകത്തേക്ക് കുതിച്ചു. കൈയില്‍ വലിയ തളികയില്‍ ചോറും ചുട്ട ഇറച്ചിയുമായി ഉടനെ തന്നെ തിരിച്ചു വന്നു. അക്കില്‍ അക്കില്‍ എന്ന് പറഞ്ഞുകൊണ്ട് എന്നോട് നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
ഇരുന്നപ്പോഴേക്കും ഒരു ജഗ്ഗ് നിറയെ ഓറഞ്ചു ജ്യൂസും വിവിധ ഇനം പഴങ്ങളുമായി അയാള്‍ തിരിച്ചെത്തി എന്നോടൊപ്പം നിലത്തിരുന്നു.
അക്കില്‍ അക്കില്‍ എന്ന് മന്ത്രിച്ചുകൊണ്ട് ബിസ്മി ചൊല്ലി അയാള്‍ കഴിക്കാനാരംഭിച്ചു. ഞാനപ്പോള്‍ എന്റെ വീടിനെ ഓര്‍ത്തു.. എന്റെ ഉമ്മയെ ഓര്‍ത്തു. ആ ഓര്‍മ്മകളുടെ വിരഹക്കാറ്റ് കൊണ്ട് കണ്ണീരുപ്പു വീണ വറ്റുമണികള്‍ വാരിത്തിന്ന് ഞാന്‍ എന്റെ വിശപ്പടക്കി.
രാത്രി വൈകി എന്നെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ അയാള്‍ സലാം ചൊല്ലി എന്റെ കരം ഗ്രഹിച്ചു.
ഒരു മാലാഖ അതിന്റെ വെള്ളിച്ചിറക്കുകള്‍ ഒതുക്കി വെക്കുംപോലെ തന്റെ വെളുത്ത ശിരോവസ്ത്രം ഇരു ചുമലിലേക്കും വലിച്ചിട്ട് അയാള്‍ യാത്രയായി.
കാലം 2022. ബഹ്റൈനിലെ മനാമ.
ഹിദ്ധില്‍ നിന്നും മനാമയിലേക്ക് ബസ്സ് കേറുമ്പോള്‍ തിരിച്ചു പോകാനുള്ള കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. ജോലി സംബന്ധമായ ഒരു ഇന്റര്‍വ്യൂ ഉണ്ട് അതിന് രാവിലെ രണ്ട് ഗ്ലാസ് വെള്ളവും കുടിച്ച് ഇറങ്ങിയതാണ്. റൂം വാടക, ഭക്ഷണം, ഫോണ്‍ അങ്ങനെ ഭാരിച്ച ചിലവുള്ളതിനാല്‍ ജോലി ആകുന്ന വരേ രണ്ടുനേരം അരിഷ്ടിച്ചു ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ്. അതിന്റെ ക്ഷീണം നന്നായുണ്ട്. ഉച്ചയൂണ് പാര്‍സല്‍ കൊണ്ടുവരുമ്പോള്‍ അതില്‍ നിന്ന് ഒരു കറി മാറ്റി വെച്ച് രാത്രി കുബ്ബൂസ് കഴിച്ച് ഓരോ ദിവസവും അതീവ സൂക്ഷ്മതയോടെ പിന്നിടുകയാണ്.
ഹ്രസ്വ യാത്രകളുടെ നാടാണ് ബഹ്റൈന്‍, പെട്ടെന്ന് അവസാനിക്കുന്ന വഴികളും അതിരുകളും. ബസ്സിലിരുന്ന് കൂറ്റന്‍ കെട്ടിടങ്ങളെയും കടലിനെയും കപ്പലുകളെയും നോക്കിയിരിക്കേ പൊടുന്നനെ എനിക്ക് മനുഷ്യനെപ്പോലെ വിശക്കാന്‍ തുടങ്ങി. മൊബൈലില്‍ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ കേട്ടുനോക്കി, യുട്യൂബിലെ സിനിമാ കോമഡികള്‍ കണ്ടുനോക്കി. സ്വന്തം കവിതകള്‍ കുറച്ചെടുത്തു വായിച്ച് നോക്കി. വിശപ്പടങ്ങുന്നില്ല.
പത്തുമണി ആയിട്ടേ ഉള്ളൂ. ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചു റൂമിലെത്തി ഒരു മണിക്കേ ഊണ് വരൂ. അതുവരെ എങ്ങിനെ ഈ മുടിഞ്ഞ വിശപ്പിനെ അതിജീവിക്കുമെന്ന ഭയാനകചിന്തയില്‍ മുങ്ങിക്കിടക്കവേ ബസ് മനാമ സ്റ്റേഷനില്‍ എത്തി. പോകേണ്ട ഓഫീസിലേക്ക് കുറച്ചു നടക്കാനുണ്ട്. നല്ല വെയിലും. ഒരു ചായ കുടിക്കണമെങ്കില്‍ നൂറ് ഫില്‍സ് വേണം, കൈയില്‍ ആകെ ബസ്സിനുള്ള മുന്നൂറ് ഫില്‍സേ ഉള്ളൂ. അതില്‍ നിന്നെടുക്കാന്‍ പറ്റില്ല. വെയിലത്ത് നടക്കുമ്പോള്‍ തല കറങ്ങുമ്പോലെ തോന്നുന്നു. വഴിയരികിലെ കഫ്ത്തീരിയയില്‍ കേറി ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചു പിന്നെയും നടന്നു.
ഒരു വലിയ അപ്പാര്‍ട്ടുമെന്റിന്റെ ആറാമത്തെ നിലയിലായിരുന്നു എനിക്ക് പോകേണ്ടിയിരുന്ന സ്ഥാപനം. ഓഫീസില്‍ എത്തി ബെല്ലടിച്ചപ്പോള്‍ വന്നു തുറന്നത് താടിയും മുടിയും നരച്ച സ്വര്‍ണ്ണ ഫ്രെയിം കണ്ണട വെച്ച ഒരാള്‍. പേരും വന്നകാര്യവും പറഞ്ഞപ്പോള്‍ ഗൗരവത്തില്‍ അകത്തേക്ക് ക്ഷണിച്ചു. ഓഫീസ് മുറിയില്‍ കംപ്യൂട്ടറിലേക്ക് തല താഴ്ത്തിയിരിക്കുന്ന രണ്ടുമൂന്നുപേര്‍. അതിലൊരു ഫിലിപ്പൈന്‍ പെണ്‍കൊടി ഏതെടാ ഇവന്‍ എന്ന മട്ടില്‍ എന്നെ ഒളിക്കണ്ണിട്ടൊന്നു നോക്കി. കൂറ്റന്‍ ടേബിളിന് പിന്നിലെ തിരിയുന്ന കസേരയില്‍ തടിക്കാരന്‍ ഇരുന്നു, എന്നോട് ഇരിക്കാന്‍ ആംഗ്യം കാട്ടി. ജോലിയല്ല, എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രശ്‌നം. വിശക്കുന്നവന്റെ കണ്ണില്‍ ലോകം വെറും ഒരു പിടി ചോറിന്റെ ആകൃതിയിലേക്ക് ചുരുങ്ങുമെന്ന് ഒരു വരി ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
ഇന്റര്‍വ്യൂ കഴിഞ്ഞ് വെയിലത്ത് ബസ് സ്റ്റേഷന്‍ വരേ നടക്കുന്ന കാര്യമോര്‍ത്തപ്പോള്‍ ദേഹമാകെ കുളിരുകോരി.
അപ്പോഴതാ അത്ഭുതമെന്നപോല്‍ അയാള്‍ ചോദിക്കുന്നു. 'നിങ്ങള്‍ ഭക്ഷണം കഴിച്ചതാണോ?' ആ ചോദ്യത്തിന്റെ ആകസ്മിക വിസ്മയത്തില്‍ ഞാന്‍ പിന്നെയും വിയര്‍ത്തു.
ഒരു ഉളുപ്പുമില്ലാതെ ഞാന്‍ ഇല്ലെന്ന് തലയാട്ടി.
ഉടനെ ഫോണെടുത്ത് അദ്ദേഹം ഏതോ ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വിഭവസമൃദ്ധമായ ഭക്ഷണം മേശപ്പുറത്തെത്തി. വരൂ. കഴിച്ചിട്ട് നമുക്ക് മറ്റു കാര്യങ്ങള്‍ സംസാരിക്കാം. അദ്ദേഹം എന്നെ ഡൈനിംഗ് ഹാളിലേക്ക് ക്ഷണിച്ചു. നിലത്ത് കാലുകള്‍ തൊടാതെ ഒരു തൂവലിന്റെ ഭാരമില്ലായ്മയോടെ ഞാന്‍ അങ്ങോട്ട് നടന്നു. കൈകഴുകി കഴിച്ചുതുടങ്ങുമ്പോള്‍ വീണ്ടും കണ്ണുകളില്‍ സങ്കടനദി തളം കെട്ടി കാഴ്ച്ച മങ്ങുന്നു. ജീവിതം അതിന്റെ അപൂര്‍വ്വ യാദൃശ്ചികതകള്‍ കൊണ്ട് പിന്നെയും പിന്നെയും നമ്മെ അതിശയിപ്പിക്കുന്നു.
നാം നല്ല വസ്ത്രം ധരിച്ചിട്ടുണ്ടാകാം, കാഴ്ചയ്ക്ക് ദരിദ്രനല്ലായിരിക്കാം, ചിരിക്കുന്ന മുഖമായിരിക്കാം, പക്ഷേ ചില മനുഷ്യര്‍ കണ്ണുകളിലേക്ക് നോക്കി നമ്മുടെ മനസ്സ് വായിക്കുന്നു. കൈ നീട്ടണമെന്നില്ല, വിളിച്ചുകൂവണമെന്നില്ല, വിശക്കുന്നവനെ തിരിച്ചറിഞ്ഞ് അവര്‍ അന്നമൂട്ടുന്നു. മാറിവരുന്ന കാലത്തിന്റെ കറുത്ത വഴിത്തിരിവുകളില്‍ വെച്ച് പിന്നെയും പിന്നെയും ഞാനവരെ നക്ഷത്രശോഭയോടെ കണ്ടുമുട്ടുന്നു.