തായ്‍വാനില്‍ കുട്ടികളേക്കാള്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍? സണ്‍ഗ്ലാസ്, റെയിന്‍കോട്ട്, സോക്സ് വിപണിയും സജീവം
ഇങ്ങനെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നുണ്ട്.
തായ്‍പേയില്‍ എവിടെ നോക്കിയാലും ആളുകള്‍ക്കൊപ്പം അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെയും കാണാം. പുറത്തിറങ്ങുമ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ സ്ട്രോളറുകളിലും പ്രാമുകളിലുമൊക്കെയായി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട നായകളെയും മറ്റും കൂടെക്കൂട്ടുന്നു. തായ്‍വാന്‍റെ തലസ്ഥാനത്ത് ഇതൊരു പരിചിതകാഴ്ചയായി മാറിയിരിക്കുകയാണ്.
തായ്‍വാനിലാണ് ഏഷ്യയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. വൈകിയുള്ള വിവാഹം ഇതിനൊരു കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു. വിവാഹം കഴിയാതെ കുട്ടികളുണ്ടാകുന്നതിനെ ഇവിടെ അംഗീകരിക്കാറില്ല. അതുപോലെ തന്നെ മറ്റേണിറ്റി ലീവുകള്‍ കുറവ്, കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തികാവസ്ഥയില്ലാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതോടൊപ്പം വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കുത്തനെ കൂടുകയാണ് എന്നാണ് പറയുന്നത്. സപ്‍തംബറിലെ ഒരു വിശകലനമനുസരിച്ച് അവിടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം എന്നാണ് പറയുന്നത്. മാത്രവുമല്ല, ഇതോടെ വളര്‍ത്തുമൃഗങ്ങളുടെ വിലയും വില്‍പനയും ഉയരുന്നുമുണ്ടെന്നും വിദഗ്ദര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമല്ല, അവയ്ക്കു വേണ്ടിയുള്ള പ്രാമുകള്‍, സട്രോളറുകള്‍, എന്തിന് സണ്‍ഗ്ലാസ്, റെയിന്‍കോട്ട്, സോക്സ് എന്നിവയ്ക്കുവരെ വന്‍ ഡിമാന്‍റാണിവിടെയെന്ന് ദ ഗാര്‍ഡിയന്‍ എഴുതുന്നു. ഇങ്ങനെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നുണ്ട്. എന്‍വയോണ്‍മെന്‍റല്‍ ആന്‍ഡ് ആനിമല്‍ സൊസൈറ്റി ഓഫ് തായ്‍വാന്‍ (ഈസ്റ്റ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ വു ഹംഗ് പറയുന്നത്, 'ഇങ്ങനെ പോയാല്‍ മൃഗങ്ങളുടെ സ്വാഭാവികമായ ജീവിതരീതിയെ കുറിച്ച് മനുഷ്യര്‍ മറക്കുകയും അവരുടെ ഇഷ്‍ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും യോജിച്ച രീതിയില്‍ അവയെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യില്ലേ എന്നാണ്. അത് മൃഗങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെ'ന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
'മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രായമായതോ, എന്തെങ്കിലും പരിക്കുപറ്റിയതോ ഒക്കെയായ മൃഗങ്ങളെ കൊണ്ടുപോവാന്‍ സ്ട്രോളര്‍ നല്ലതാണ്. അതുപോലെ തന്നെ തിരക്കേറിയ നഗരപ്രദേശങ്ങളിലൂടെയും മറ്റും പോകുമ്പോഴും ഇവയെ കൊണ്ടുപോകാന്‍ സ്ട്രോളര്‍ നല്ലതാണ്. എന്നാല്‍, ഈ മൃഗങ്ങള്‍ക്ക് വളരെയധികം വ്യായാമം ആവശ്യമാണ് എന്നത് മറന്നുപോകരുത്' എന്നും ഹംഗ് ഓര്‍മ്മിപ്പിക്കുന്നു.
ഏതായാലും, തായ്‍വിനില്‍ ആളുകള്‍ കുട്ടികളേക്കാള്‍ പ്രാധാന്യത്തോടെ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുകയും കൂടെക്കൊണ്ടു നടക്കുകയും ഒക്കെ ചെയ്യുന്നു. കുട്ടികളെ വളര്‍ത്തുന്ന അത്രയും സാമ്പത്തിക ചിലവില്ല എന്നതും, കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹമില്ല എന്നതുമെല്ലാം ആളുകള്‍ ഇതിന് കാരണമായി പറയുന്നു.
(ചിത്രങ്ങള്‍ പ്രതീകാത്മകം)