എല്ലാ ദിവസവും ഉച്ചയ്ക്ക് വെടിയുതിർക്കുന്ന നൂൺഡേ ഗൺ! പിന്നിൽ വിചിത്രമായ കഥകൾ!
അതുപോലെ തന്നെ, അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു കഥ, എല്ലാവരുടേയും ക്ലോക്കുകളിൽ ഒരേ സമയമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാർഗമായും അത് ഉപയോഗിച്ചിരുന്നു എന്നതാണ്.
വെടിവയ്പ്പ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിവരിക യുദ്ധം, കലാപം, രക്തച്ചൊരിച്ചിൽ ഇതൊക്കെയാണ്. ഇതിനൊന്നിനുമല്ലാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഹോങ്കോങ്ങിൽ ഒരിടത്ത് വെടിവയ്പ്പ് നടക്കുന്നു. യുദ്ധമോ പ്രതിഷേധമോ സംഘർഷമോ ഒന്നും അവിടെയില്ല. മറിച്ച് ചരിത്രത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്. കോസ്‌വേ ബേയിലെ വാട്ടർഫ്രണ്ട് ജില്ലയിലെ ഒരു ചെറിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഒരു പുരാതന തോക്കായ ജാർഡിൻ നൂൺഡേ ഗണ്ണിൽ നിന്നാണ് ഇവിടെ വെടിയുതിർക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ഈ ആചാരത്തിന് പിന്നിൽ നിരവധി കഥകളുണ്ട്.
നൂൺഡേ ഗൺ/ഗെറ്റി ഇമേജസ്
1830 -കളുടെ തുടക്കത്തിൽ സ്ഥാപിതമായ ബ്രിട്ടീഷ് കമ്പനിയായ ജാർഡിൻ മാത്യേസണിന്റെ ഉടമസ്ഥതയിലാണ് ഈ ഗണ്ണുള്ളത്. ഹോങ്കോങ്ങിലെ ആദ്യത്തെ വ്യാപാര സ്ഥാപനങ്ങളിലൊന്നാണ് ഇത്. വെടി വന്ന് പതിക്കുന്നത് കോസ്‌വേ ബേ ടൈഫൂൺ ഷെൽട്ടറിന്റെ വെള്ളത്തിലാണ്. 1841 -ലാണ് ജാർഡിൻ മാത്യേസൺ ആ ഭൂമി വാങ്ങുന്നത്. പുതിയ കൊളോണിയൽ സർക്കാർ ഹോങ്കോങ്ങിൽ ആദ്യമായി പൊതുലേലത്തിൽ വിറ്റ ഭൂമിയായിരുന്നു ഇത്. സാമ്രാജ്യത്വ ചൈനയിൽ വേരുറപ്പിച്ച ജാർഡിൻ മാത്യേസൺ ചായയും പരുത്തിയും കയറ്റി അയയ്ക്കുന്നതിനൊപ്പം, അനധികൃത ഓപിയം വ്യാപാരത്തിൽ നിന്നും ധാരാളം പണം സമ്പാദിച്ചിരുന്നു. പുതുതായി ഏറ്റെടുത്ത പ്ലോട്ടിൽ അവർ കമ്പനിയുടെ പ്രധാന ഓഫീസുകളും ഗോഡൗണുകളും സ്ഥാപിച്ചു.
നൂൺഡേ ഗൺ/ഗെറ്റി ഇമേജസ്
21 പൗണ്ട് ഭാരമുള്ള ഗണ്ണായിരുന്നു ജാർഡിൻ മാത്യേസൺ ആദ്യം അതിന്റെ വാണിജ്യപരമായ ജലാശയത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്നത്. കമ്പനിയുടെ തലവൻ തുറമുഖത്തേക്കോ, തുറമുഖത്തിന് പുറത്തേക്കോ യാത്ര ചെയ്യുമ്പോഴെല്ലാം കമ്പനിയുടെ സ്വകാര്യ മിലിഷ്യ സല്യൂട്ട് നൽകി വെടിയുതിർക്കും. 1860 -ൽ, പട്ടണത്തിലെത്തിയ റോയൽ നേവിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവിടുത്തെ ഈ രീതി കണ്ട് ക്ഷുഭിതനായി. സാധാരണഗതിയിൽ സർക്കാർ വിശിഷ്ടാതിഥികൾക്കോ സൈനിക ഓഫീസർമാർക്കോ മാത്രമേ ഇത്തരം അംഗീകാരം ലാഭിക്കാറുള്ളൂ. ഇതിന് ശിക്ഷയായി, ജാർഡിൻ മാത്യേസൻ ഇനി മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് വെടിയുതിർത്താൽ മതിയെന്ന് അവർ ഉത്തരവിട്ടു.
നൂൺഡേ ഗൺ/ഗെറ്റി ഇമേജസ്
അതുപോലെ തന്നെ, അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു കഥ, എല്ലാവരുടേയും ക്ലോക്കുകളിൽ ഒരേ സമയമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാർഗമായും അത് ഉപയോഗിച്ചിരുന്നു എന്നതാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പല തുറമുഖങ്ങളിലും ഇത് ഒരു പതിവായിരുന്നു. ഇത് രേഖാംശങ്ങൾ കണക്കാക്കാൻ യാത്രകളിൽ ഉപയോഗിച്ചു. അത് ദൈനംദിന തുറമുഖ ജീവിതത്തിൽ വളരെ സാധാരണമായിത്തീർത്തു. അത് കാലക്രമേണ ഒരു പ്രാദേശിക പാരമ്പര്യത്തിലേക്ക് രൂപാന്തരപ്പെടുകയും ചെയ്‌തു.
1941 -ൽ അധിനിവേശ ജാപ്പനീസ് ഇംപീരിയൽ ആർമി ഈ ഗൺ ഇളക്കി മാറ്റി. 1945 -ൽ ഹോങ്കോംഗ് മോചിപ്പിക്കപ്പെട്ട ശേഷം റോയൽ നേവി ഒരു പുതിയ ഗൺ സംഭാവന നൽകി. ആ ഗൺ 1947 -ലാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ന് അവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. അവിടത്തെ നിവാസികൾക്കും അതിൽ വെടിയുതിർക്കാനുള്ള ഒരു അവസരം കമ്പനി നൽകുന്നു.