'സ്റ്റേ അറ്റ് ഹോം ഓർ ഡാൻസ് വിത്ത് അസ്', വീട്ടിലിരിക്കൂ എന്ന് ഈ ശവമഞ്ചം ചുമപ്പുകാരും
2003 -ൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ബഞ്ചമിൻ ആദ്യമായി ഇങ്ങനെ ശവമഞ്ചം ചുമക്കുന്ന ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഇത്തരമൊരു സംഘത്തിന്റെ നേതാവായി.
ബെഞ്ചമിന്‍ ഐഡൂവിനെയും സംഘത്തേയും അറിയാത്തവരിന്ന് സോഷ്യല്‍ മീഡിയയില്‍ ചുരുക്കമാണ്. ശവപ്പെട്ടി ചുമക്കുന്ന ഘാനയിലെ ഈ സംഘം മരണത്തിന് തന്നെ പുതിയൊരു മാനം നല്‍കിയവരാണ്. സാധാരണ ശവപ്പെട്ടി ചുമക്കുന്നവരാരും അധികം നൃത്തമൊന്നും ചെയ്ത് കാണാറില്ല. വളരെ അപൂര്‍വം ചില പ്രദേശങ്ങളില്‍ സംസ്കാരത്തിന്‍റെ ഭാഗമായി കാണാറുണ്ടെങ്കിലും. എന്നാല്‍, ഒരാളുടെ അന്ത്യയാത്ര കുറച്ചുകൂടി കളറാകേണ്ടതുണ്ട് എന്ന തോന്നലിലാണ് പ്രൊഫഷണലായി ശവമഞ്ചം ചുമക്കുന്ന ബഞ്ചമിനും സംഘവും ശവമഞ്ചം ചുമക്കുന്നതോടൊപ്പം ഇങ്ങനെ കൊറിയോഗ്രാഫി കൂടി കൂട്ടിച്ചേര്‍ത്തത്.
2017 -ൽ ബിബിസി ഇവരെ കുറിച്ച് ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് ആദ്യം ഇവർ പ്രശസ്തരാവുന്നത്. പിന്നീട്, സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ട്രോളുകളിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ ഇവർ കൂടുതൽ പരിചിതരാവുകയായിരുന്നു. ഇപ്പോഴിതാ ഈ കൊറോണാക്കാലത്ത് ബഞ്ചമിനും സംഘവും ആളുകൾ സാമൂഹിക അകലം സൂക്ഷിക്കാനും വീട്ടിലിരിക്കാനും മുന്നറിയിപ്പ് നൽകുകയാണ്. വീട്ടിലിരുന്നില്ലെങ്കിൽ ശവപ്പെട്ടിയിലാകുമെന്നാണ് അവർ മുന്നറിയിപ്പ് തരുന്നത്.
ബഞ്ചമിന്റെയും സംഘത്തിന്റെയും ശവമഞ്ച നൃത്തം കൊറോണാകാലത്തും പലയിടത്തും പലരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിലെ പൊലീസുകാർ ഒരാളെ ഇങ്ങനെ ചുമന്ന് നൃത്തം ചെയ്ത് പോകുന്ന ദൃശ്യവും പെറുവിലെ പൊലീസുകാരുടെ ദൃശ്യവുമെല്ലാം ഇതിൽ പെടുന്നു.
2003 -ൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ബഞ്ചമിൻ ആദ്യമായി ഇങ്ങനെ ശവമഞ്ചം ചുമക്കുന്ന ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഇത്തരമൊരു സംഘത്തിന്റെ നേതാവായി. പിന്നീട് ശവമഞ്ചം ചുമക്കുന്നതോടൊപ്പം ഇത്തരത്തിൽ നൃത്തം ചെയ്യാനുള്ള കൊറിയോഗ്രഫിയും ബഞ്ചമിൻ ചെയ്തു. ജനിച്ചാൽ മരണം സുനിശ്ചിതമാണെന്നും അതുവരെ ആഘോഷമായി ജീവിച്ചവർ മരിക്കുമ്പോഴും ചടങ്ങുകൾക്ക് അൽപം ആഘോഷമായാലെന്താണ് കുഴപ്പമെന്നാണ് ബഞ്ചമിന്റെ ചോദ്യം. സാധാരണ ആളുകൾ മരിച്ചാൽ അസ്വസ്ഥതയും വേദനകളുമാണ് ചുറ്റും നിഴലിക്കുകയെന്നും അതാണോ വേണ്ടത് എന്നും ബഞ്ചമിൻ ചോദിക്കുന്നു. അതിനാലാണ് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബഞ്ചമിൻ പറയുന്നത്.
ഒരിക്കൽ ഒരു പാർലിമെന്റംഗം മരണമടഞ്ഞപ്പോൾ ഇങ്ങനെ ചടങ്ങുകൾക്കായി ബഞ്ചമിനെയും സംഘത്തെയും ഏർപ്പാടാക്കി. നല്ല വസ്ത്രങ്ങൾക്കും മറ്റുമായി ആ കുടുംബം നല്ല പണവും നൽകി. മികച്ച രീതിയിലാണ് അന്ന് ശവസംസ്കാര ചടങ്ങുകൾ നടന്നത്. ബഞ്ചമിനും കൂട്ടുകാർക്കും നല്ലൊരു തുകയും ലഭിച്ചു. അന്നാണ് അത്രയും വലിയൊരു തുക താനാദ്യമായി കാണുന്നതെന്നും ബഞ്ചമിൻ പറയുന്നു. അതിനുശേഷമാണ് ഒരു ലക്ഷ്യബോധം വന്നതും കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്നും തോന്നുന്നത്. അങ്ങനെയാണ് നൃത്തമടക്കം വരുന്നത്. 100 സ്റ്റാഫുകളുണ്ട് ഇന്ന് ബഞ്ചമിന്. 95 പുരുഷന്മാരും അഞ്ച് സ്ത്രീകളും. അതിൽ രണ്ട് സ്ത്രീകൾ ബഞ്ചമിനെപ്പോലെ ലീഡ് ശവമഞ്ചം ചുമപ്പുകാരാണ്. അടുത്തിടെ സംഘം ഒരു മാനേജരെക്കൂടി നിയമിച്ചു.
ഈ കൊവിഡ് 19 എന്ന മഹാമാരി അവസാനിച്ചു കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള ആളുകളെ മികച്ച ശവസംസ്കാര ചടങ്ങുകളെ കുറിച്ച് ബോധവാന്മാരാക്കുമെന്നും ബഞ്ചമിൻ പറയുന്നു. നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങൾക്ക് വേണ്ടി ജീവിച്ചിരിക്കുമ്പോൾ എന്താണ് ചെയ്തത് എന്ന് നിങ്ങൾക്കറിയാം. അവരുടെ ജീവിതം അവർ ജീവിച്ചു കഴിഞ്ഞു. നിങ്ങൾക്ക് നൽകാനുള്ളതെല്ലാം നൽകിക്കഴിഞ്ഞു. പിന്നെയുമെന്തിനാണവരെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്നതെന്ന സംശയവും ബഞ്ചമിനുണ്ട്.
ഏതായാലും നിലവിൽ കൊറോണയെത്തുടർന്ന് 25 -ലധികം ആളുകൾക്ക് ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനാവില്ല. അതിനാൽ ചെറിയ തോതിലുള്ള ചടങ്ങാണ് നടക്കുന്നത്. ഈ മഹാമാരിക്ക് ശേഷം സജീവമാവാനാണ് ബഞ്ചമിന്റെയും സംഘത്തിന്റെയും തീരുമാനം. ഒപ്പം ലോകത്തെ സകല ജനങ്ങളോടും വീട്ടിലിരിക്കാനും രാജ്യത്ത് നിലവിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് ഈ മഹാമാരിയെ തോൽപ്പിക്കാൻ ശ്രമിക്കണമെന്നും ബഞ്ചമിനും സംഘവും അഭ്യർത്ഥിക്കുന്നു.