Shivkumar Sharma : ശിവ് കുമാര്‍ ശര്‍മ, ശതതന്ത്രികളില്‍ പെയ്ത മഞ്ഞും മഴയും!
അര്‍ദ്ധപത്മാസനത്തിലിരുന്ന് ഇരുകൈകളും കൊണ്ട് അദ്ദേഹം തീര്‍ത്ത സംഗീതമാധുരി ഒന്നുമാത്രമാണ് സന്തൂറിനെ സിതാറിനെ പോലെയുള്ള മറ്റ് ജനപ്രിയ വാദ്യോപകരണങ്ങളുടെ പട്ടികയിലെത്തിച്ചത്. ഒരു പക്ഷേ
ശിവ് ഹരി എന്ന പേരില്‍ രണ്ട് ഇതിഹാസ കലാകാരന്‍മാര്‍ ഒരുക്കിയത് നിരവധി ഹിറ്റ് ഗാനങ്ങള്‍. സില്‍സില, ചാന്ദ്‌നി, ഡര്‍, ലംഹേ തുടങ്ങിയ സിനിമകളില്‍ ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടകളും ജനപ്രിയസംഗീതത്തിന്റെ ചേരുവകളും രണ്ടും ചേര്‍ന്ന പാട്ടുകളൊരുക്കി രണ്ടുപേരും. മേരി ചൂടിയായും ജാദൂ തേരി നസറും ഒക്കെ കാലാതീതമായി ജനപ്രിയമായി തുടരുന്നു.
ജമ്മു കശ്മീരിന്റെ സൗന്ദര്യം സ്വാംശീകരിച്ച തന്ത്രിവാദ്യത്തിന്റെ ഈണപ്പെരുമ ലോകമെമ്പാടും എത്തിച്ചയാളാണ് ശിവ് കുമാര്‍ ശര്‍മ. നൂറു തന്ത്രികളുള്ളത് കൊണ്ട് സംസ്‌കൃതത്തില്‍ ശതതന്ത്രിവീണ എന്ന പേരുള്ള സന്തൂറില്‍ ശാസ്ത്രീയസംഗീതത്തിന്റെ മഞ്ഞുമഴ പെയ്യിച്ചയാള്‍. ഇന്ത്യയില്‍ സന്തൂര്‍ എന്ന വാദ്യത്തിന്റെ പര്യായം.
അര്‍ദ്ധപത്മാസനത്തിലിരുന്ന് ഇരുകൈകളും കൊണ്ട് അദ്ദേഹം തീര്‍ത്ത സംഗീതമാധുരി ഒന്നുമാത്രമാണ് സന്തൂറിനെ സിതാറിനെ പോലെയുള്ള മറ്റ് ജനപ്രിയ വാദ്യോപകരണങ്ങളുടെ പട്ടികയിലെത്തിച്ചത്. ഒരു പക്ഷേ ജന്മനാട്ടിന്റെ സംഗീതത്തിന് ഇമ്മട്ടിലൊരു വരപ്രസാദം മറ്റൊരു കലാകാരനും നല്‍കിയിട്ടുണ്ടാകില്ല
1938 ജനുവരി 13 -ന് ജമ്മുവില്‍ ജനനം. സംഗീതകാരനായിരുന്ന അച്ഛന്‍ ഉമാദത്ത് ശര്‍മ്മയില്‍ നിന്ന് ചെറുപ്രായത്തിലെ സംഗീതവും തബലയും പഠിച്ചു തുടങ്ങിയിരുന്നു ശിവ്കുമാര്‍. പിന്നെ സന്തൂറിന്റെ തന്ത്രികളിലേക്ക് ആ കലാഹൃദയം പതിമൂന്നാംവയസ്സില്‍ ഇഴ ചേര്‍ക്കപ്പെട്ടതും അച്ഛന്റെ അനുഗ്രാശിസ്സുകളോടെ.
പതിനേഴാംവയസ്സില്‍ ആദ്യപൊതുവേദി. പിന്നീടിങ്ങോട് താഴ്‌വരയുടെ സൗന്ദര്യവും ശാന്തതയും ആ തന്ത്രികളിലൂടെ ശ്രോതാക്കളുടെ മനസ്സിലെത്തി. മഞ്ഞുനിരകള്‍ അതിരിട്ട നാട്ടിലൂടെ, ദാല്‍ തടാകത്തിലൂടെ, പൂക്കള്‍ നിറഞ്ഞ ഷിക്കാരയില്‍ ഓരോ ശ്രോതാവും യാത്ര ചെയ്തു.
ഉസ്താദ് ബിസ്മില്ലാഖാന്‍, ഉസ്താദ് അല്ലാ രഖാ, സക്കീര്‍ ഹുസൈന്‍ തുടങ്ങി മറ്റുവാദ്യങ്ങളില്‍ കിരീടം ചൂടിയ നിരവധി കലാകാരന്‍മാര്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടു. ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴലും ബ്രിജ് ഭൂഷണ്‍ കബ്രയുടെ ഗിറ്റാറും ഒപ്പം ശര്‍മയുടെ സന്തൂറും ചേര്‍ന്ന് ഒരുക്കിയ കാള്‍ ഓഫ് ദ വാലി (1967) ഇന്ത്യന്‍ സംഗീതം കണ്ട ഏറ്റവും വലിയ ഹിറ്റ് ആല്‍ബവും ലോകത്തിന് നല്‍കിയ സംഭാവനയുമായിരുന്നു. പുറത്തിറങ്ങി 55 വര്‍ഷത്തിനിപ്പുറവും സംഗീതപ്രമികള്‍ക്ക് പ്രിയങ്കരം.
ചൗരസ്യയുമായുള്ള കൂട്ട് സിനിമയിലും തുടര്‍ന്നു. ശിവ് ഹരി എന്ന പേരില്‍ രണ്ട് ഇതിഹാസ കലാകാരന്‍മാര്‍ ഒരുക്കിയത് നിരവധി ഹിറ്റ് ഗാനങ്ങള്‍. സില്‍സില, ചാന്ദ്‌നി, ഡര്‍, ലംഹേ തുടങ്ങിയ സിനിമകളില്‍ ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടകളും ജനപ്രിയസംഗീതത്തിന്റെ ചേരുവകളും രണ്ടും ചേര്‍ന്ന പാട്ടുകളൊരുക്കി രണ്ടുപേരും. മേരി ചൂടിയായും ജാദൂ തേരി നസറും ഒക്കെ കാലാതീതമായി ജനപ്രിയമായി തുടരുന്നു. ഹരിക്കൊപ്പം ചേരും മുമ്പ് തന്നെ സിനിമയില്‍ ഹരി കയ്യൊപ്പ് ചാര്‍ത്തിയിരിുന്നു. ശാന്താറാമിന്റെ പ്രശസ്തമായ ജനക് ജനക് പായല്‍ ബാജേ എന്ന സിനിമയിലെ പശ്ചാത്തലസംഗീതത്തില്‍ അദ്ദേഹത്തിന്റെയും സംഭാവനയുണ്ട്.
മകന്‍ രാഹുല്‍ സന്തൂറില്‍ തന്റെ പാത പിന്തുടര്‍ന്നതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. നിര്‍ബന്ധിച്ചിട്ടല്ലെന്നും കഴിവുള്ളതു കൊണ്ടാണെന്നും മകനൊപ്പം വേദിപങ്കിടുന്നതിന്റെ നിര്‍വൃതിയിലും അദ്ദേഹം പറയുമായിരുന്നു.
സൂഫി പ്രാര്‍ത്ഥനകളുടെ ലോകത്ത് നിന്ന് പാരമ്പര്യവാദികളുടെ സംശയങ്ങളും ചോദ്യങ്ങളും നേരിട്ട് സന്തൂര്‍ എന്ന നാടോടി സംഗീതോപകരണത്തെ ശാസ്ത്രീയ സംഗീതത്തിന്റെ ആരോഹണഅവരോഹണങ്ങളിലേക്ക് എത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.
അതേപറ്റി ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അതൊരു വലിയ യാത്രയായിരുന്നു. എല്ലാ വശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍. എല്ലാ രാഗങ്ങളും വായിക്കാന്‍ പറ്റില്ലെന്ന പരിമിതി സന്തൂറിന്. ഋഗ്വേദത്തില്‍ ശതതന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു എന്റേത്''
പത്മവിഭൂഷണടക്കമുള്ള പുരസ്‌കാരങ്ങളാല്‍ ആദരിക്കപ്പെട്ടതായിരുന്നു ആ ശ്രമം. മനോരമക്ക് നല്ല ഭര്‍ത്താവും മക്കള്‍ക്ക് നല്ല അച്ഛനും ശിഷ്യര്‍ക്ക് നല്ല ഗുരുവുമായിരുന്ന ശിവ് കുമാര്‍ ശര്‍മ തന്റെ സന്തൂര്‍ മാറ്റിവെച്ച് എന്നത്തേക്കുമായി അരങ്ങ് വിട്ടിരിക്കുന്നു. ഉടമസ്ഥനില്ലാത്ത ആ സന്തൂര്‍ ഇന്ത്യന്‍ സംഗീതത്തിലെ എക്കാലത്തേക്കുമുള്ള അടയാളപ്പെടുത്തലാണ്.
പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മയ്ക്ക് പ്രണാമം