കുറ്റം ചുമത്താനും വിധിപറയാനും യന്ത്രം വരുന്നു, തെറ്റുപറ്റിയാല്‍ ആരാവും ഉത്തരവാദി?
''ഈ യന്ത്രത്തിന് തെറ്റു പറ്റിയാല്‍ പ്രോസിക്യൂട്ടറോ, യന്ത്രമോ അല്‍ഗോരിതം ഡിസൈനറോ ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക?''-അദ്ദേഹം ചോദിക്കുന്നു.
കേസുകളില്‍ യന്ത്രങ്ങള്‍ വിധിപറയാന്‍ തുടങ്ങിയാല്‍ നീതിന്യായവ്യവസ്ഥ എത്രമാത്രം കുറ്റമറ്റതാവും? ഈ ചോദ്യമാണ് ഇപ്പോള്‍ ചൈനീസ് നിയമവൃത്തങ്ങളില്‍ ഉയരുന്നത്. ചൈനയില്‍ പുതുതായി കണ്ടെത്തിയ കൃത്രിമബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രോസിക്യൂട്ടര്‍ യന്ത്രമാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അടുത്ത ഘട്ടത്തില്‍ കേസുകളില്‍ വിധി പറയാന്‍ കഴിവുള്ള യന്ത്രമാണ് നിലവില്‍ വരിക എന്നാണ് ചൈനയിലെ ശാസ്ത്രവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ചൈനീസ് സര്‍ക്കാറിന്റെ മുന്‍കൈയിലുള്ള ഈ ഗവേഷണങ്ങള്‍ക്ക് കൈയടിക്കുമ്പോഴും കൃത്രിമബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രത്തെ നീതിന്യായ വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നത് ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 97 ശതമാനം കൃത്യത ഉണ്ടെന്ന് പറയുന്ന ഈ യന്ത്രത്തിന് തെറ്റുകള്‍ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു പ്രോസിക്യൂട്ടര്‍ പറഞ്ഞു. ''ഈ യന്ത്രത്തിന് തെറ്റു പറ്റിയാല്‍ പ്രോസിക്യൂട്ടറോ, യന്ത്രമോ അല്‍ഗോരിതം ഡിസൈനറോ ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക?''-അദ്ദേഹം ചോദിക്കുന്നു.
ഇതു തന്നെയാണ് ഇതിലുള്ള കാതലായ ചോദ്യം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ കാതല്‍. ആ സാഹചര്യത്തിലാണ്, തെറ്റുപറ്റാന്‍ സാദ്ധ്യതകളുള്ള യന്ത്രത്തെ ഏതു കുറ്റം ചുമത്തണമെന്ന് തീരുമാനിക്കാന്‍ അനുവദിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടപ്പെടുന്നത്. തെറ്റുപറ്റാന്‍ ഒരു ശതമാനമെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍, നീതിന്യായ വ്യവസ്ഥയുടെ ആധാരശിലകളെ തന്നെ ഉലയ്ക്കുന്നതാവും ഈ യന്ത്രമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
ഇനി കുറ്റം ഈ യന്ത്രം തീരുമാനിക്കും
കുറ്റാരോപിതരുടെ മേല്‍ ഏതു കുറ്റം ചാര്‍ത്തണം എന്ന കാര്യം തീരുമാനിക്കാന്‍ കഴിയുന്ന കൃത്രിമബുദ്ധിയുള്ള യന്ത്രമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രോസിക്യൂട്ടര്‍ യന്ത്രമാണ് ഇതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേട്ടുകഴിഞ്ഞാല്‍, 97 ശതമാനം കൃത്യതയോടെ ഏത് കുറ്റങ്ങള്‍ ചുമത്തണമെന്ന് തീരുമാനിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ശാസ്ജ്ര്ഞര്‍ പറയുന്നുണ്ട്. ചൈനയിലെ ഏറ്റവും തിരക്കുള്ള പ്രോസിക്യൂഷന്‍ ഓഫീസായ ഷാങ്ഹായി പുഡോംഗ് പീപ്പിള്‍സ് പ്രോക്യുറേറ്ററേറ്റില്‍ ഈ യന്ത്രം സ്ഥാപിക്കുകയും വിജയകരമായി പരീക്ഷണം നടത്തുകയും ചെയ്തതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നിലവില്‍ ഇവിടെ ഏറ്റവും സാധാരണമായി കാണപ്പെടുന്ന എട്ട് കുറ്റകൃത്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ഈ കൃത്രിമബുദ്ധി യന്ത്രത്തിനു കഴിയും. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, മോഷണം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയാണ് ഈ കുറ്റങ്ങള്‍.
യന്ത്രം കുറ്റം ചുമത്തിയാല്‍ ഊരിപ്പോവാന്‍ പാടാണ്!
2015 മുതല്‍ 2020 വരെ കാലത്തുള്ള 17,000 കേസുകള്‍ ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. ഒരു ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തിന് കേസ് വിവരണങ്ങള്‍ വിശകലനം ചെയ്തശേഷം, നൂറുകണക്കിന് മുന്‍കേസുകള്‍ താരതമ്യം ചെയ്ത്, കുറ്റാരോപിതനുമേല്‍ ഏതു കുറ്റം ചുമത്തണമെന്ന് തീരുമാനിക്കാനാവും. ഈ യന്ത്രം കുറ്റം ചുമത്തിക്കഴിഞ്ഞാല്‍, ആ കേസില്‍ നിന്നൂരിപ്പോവുക പാടായിരിക്കുമെന്നാണ് ശാസ്ജ്ര്ഞര്‍ പറയുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ബിഗ് ഡാറ്റ ആന്റ് നോളജ് മാനേജ്‌മെന്റ് ലാബിന്റെ ഡയരക്ടര്‍ ഷി യോംഗ് ആണ് ഈ പ്രൊജക്ടിന്റെ ലീഡ് സയന്റിസ്റ്റ്. പ്രോസിക്യൂട്ടര്‍മാരുടെ ജോലി അനായാസമാക്കാനും അവരെ മറ്റു കാര്യങ്ങളിലേക്ക് മാറ്റാനും പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ ഒരു പരിധി വരെ കുറ്റം ചുമത്തുന്ന കാര്യങ്ങളില്‍നിന്നും മാറ്റി നിര്‍ത്താനും പുതിയ കണ്ടെത്തല്‍ സഹായകമാവുമെന്ന് ഷിയും സഹ ശാസ്ത്രജ്ഞരും ചൈനീസ് ജേണലായ മാനേജ്‌മെന്റ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നു.
നീതിന്യായ രംഗത്തെ കൃത്രിമബുദ്ധിയുടെ ഇടപെടല്‍
നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ ചൈന ഇതിനകം തന്നെ കൃത്രിമബുദ്ധിയും ബിഗ് ഡാറ്റാ അനാലിസിസും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. 2017-ല്‍ ചൈനയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കോടതി നിലവില്‍ വന്നിരുന്നു. ഇ -കൊമേഴ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ഈ കോടതിയില്‍ കക്ഷികള്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് വഴി വെര്‍ച്വല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജഡ്ജിമാര്‍ക്കു മുന്നില്‍ ഹാജരാവാം. വിചാരണാ നടപടികളുടെ വേഗം കൂട്ടുക, കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഈ കോടതി സ്ഥാപിച്ചതിന്റ ലക്ഷ്യമെങ്കിലും, സാധാരണ ജഡ്ജിമാര്‍ പഠിക്കുകയും മേല്‍നോട്ടം നടത്തുകയും ചെയ്ത ശേഷമേ ഈ കോടതിയുടെ വിധികളും മറ്റും ഇപ്പോള്‍ നടപ്പാക്കുന്നുള്ളൂ. ചൈനീസ് പ്രോസിക്യൂട്ടര്‍മാര്‍ 2016-മുതല്‍ തെളിവുകള്‍ വിശകലനം െചയ്യാനും കുറ്റാരോപിതന്‍ സമൂഹത്തിന് എത്രമാത്രം അപകടം വിതയ്ക്കുമെന്ന് തീരുമാനിക്കാനും സഹായിക്കുന്ന കൃതിമബുദ്ധി സംവിധാനം ഉപയോഗിച്ചുതുടങ്ങിയിരുന്നു.
നിലവിലുള്ള യന്ത്രങ്ങളൊന്നും കുറ്റം ചുമത്തുക, ശിക്ഷ വിധിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പര്യാപ്തമല്ല. ആ കുറവ് നികത്തിയാണ് തീരുമാനം എടുക്കാന്‍ കഴിവുള്ള പുതിയ യന്ത്രം പുറത്തുവരുന്നതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. പുതിയ അപ്‌ഡേറ്റുകള്‍ വഴി ഈ യന്ത്രത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനും സാധാരണ കുറ്റകൃത്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിക്ക് മേല്‍ കുറ്റങ്ങള്‍ ചുമത്താനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.