വിവാഹവീട്ടിലൊരു ഓപ്പൺ ബാർ, 1200 രൂപയ്ക്ക് അൺലിമിറ്റഡ് മദ്യം വിളമ്പുമെന്ന് വധു
എന്നാൽ, എല്ലാവരുമൊന്നും ഈ ഐഡിയയോട് യോജിച്ചു കാണില്ല എന്ന് ഉറപ്പാണല്ലോ അല്ലേ? എന്നാൽ, റെഡ്ഡിറ്റിൽ ഇതിനോട് അനുകൂലിച്ചവരും ഉണ്ട്. 'ഇതൊരു നല്ല ഐഡിയ ആണ് എന്നും ഇതോടൊപ്പം നിൽക്കുന്നു' എന്നും ഒരാൾ കുറിച്ചു.
വിവാഹം വളരെ ചെലവുള്ള ആഘോഷമാണ് പലപ്പോഴും. എങ്ങനെ ചെലവ് ചുരുക്കാമെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു വധു തികച്ചും വേറിട്ടൊരു വഴിയാണ് അതിനായി കണ്ടെത്തിയത്. വിവാഹവീട്ടിലൊരു ഓപ്പൺ ബാർ തുടങ്ങിയാലെങ്ങനെ ഉണ്ടാവും? കുറച്ചു കടന്ന കൈ എന്ന് തോന്നുമെങ്കിലും ഒരു വധു അങ്ങനെ ഒരു ഐഡിയയാണ് മനസിൽ കണ്ടത്.
വധു പറഞ്ഞത് വിവാഹത്തിന് വരുന്ന അതിഥികൾക്ക് എത്ര വേണമെങ്കിലും മദ്യം കഴിക്കാം എന്നാണ്. ഇതിനുള്ള സൗകര്യമൊരുക്കും. പക്ഷേ, ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്. എല്ലാവരും 800 രൂപ നിർബന്ധമായും നൽകണം. അതവരുടെ ഹണിമൂൺ ഫണ്ടിലേക്കാണ്. കൂടാതെ 400 രൂപ ബാർ ടെൻഡർക്ക് ടിപ്പായും കൊടുക്കണം.
അവൾ റെഡ്ഡിറ്റിൽ എഴുതി, "വിവാഹ റിസപ്ഷനിൽ ഞങ്ങളുടെ സുഹൃത്തായ ഒരു ബാർടെൻഡർ വഴി ഓപ്പൺ ബാർ പ്രവർത്തിക്കും. അവിടെ മദ്യം അൺലിമിറ്റഡായിരിക്കും. എന്നാൽ, നിർബന്ധമായും 800 രൂപ തരണം. അത് ഞങ്ങളുടെ ഹണിമൂണിനോ പുതിയ ഹൗസ്ഫണ്ടിനോ വേണ്ടി ഉള്ളതായിരിക്കും. പിന്നെ, ബാർ ടെൻഡറിന് 400 രൂപയും നൽകണം."
അങ്ങനെ മൊത്തം 1200 രൂപ നൽകിയ ശേഷം നിങ്ങൾക്ക് മദ്യപിക്കാൻ തുടങ്ങാം. എത്രയും മദ്യപിക്കാം. പിന്നെ പണം നൽകേണ്ട ആവശ്യമില്ല. ടിപ്പും നൽകേണ്ടതില്ല എന്നും ഇവർ പോസ്റ്റിൽ വ്യക്തമാക്കി. അവൾ കൂട്ടിച്ചേർത്തു, "ഇത് സ്വാർത്ഥതയാണോ? ഞാനെന്റെ വീട്ടുകാരോട് പറഞ്ഞു വിവാഹത്തിന് ഞങ്ങളിങ്ങനെ ഒരു ഓപ്പൺ ബാർ തുറക്കുകയാണ് എന്ന്. അതാകുമ്പോൾ നമുക്ക് ഹണിമൂണിന് പോകാനുള്ള പണത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല. ഞങ്ങൾ തന്നെ അതിനുള്ള പണം കണ്ടെത്തും. ഇനി ഈ ഐഡിയ ഇഷ്ടപ്പെടാത്തവരാണ് എങ്കിൽ അന്ന് മദ്യപിക്കില്ല" എന്നും യുവതി പോസ്റ്റിൽ എഴുതി.
എന്നാൽ, എല്ലാവരുമൊന്നും ഈ ഐഡിയയോട് യോജിച്ചു കാണില്ല എന്ന് ഉറപ്പാണല്ലോ അല്ലേ? എന്നാൽ, റെഡ്ഡിറ്റിൽ ഇതിനോട് അനുകൂലിച്ചവരും ഉണ്ട്. 'ഇതൊരു നല്ല ഐഡിയ ആണ് എന്നും ഇതോടൊപ്പം നിൽക്കുന്നു' എന്നും ഒരാൾ കുറിച്ചു. '1200 രൂപ ഹണിമൂണിന്. അൺലിമിറ്റഡായി മദ്യം. ഇത് ആരുടെ വിവാഹമാണ് എന്നെ കൂടി ക്ഷണിച്ചെങ്കിലെന്ന് കൊതിച്ച് പോകുന്നു' എന്നാണ് മറ്റൊരാൾ എഴുതിയത്.
ഏതായാലും രസകരമായ ചർച്ചകളാണ് റെഡ്ഡിറ്റിലെ പോസ്റ്റിന് കീഴെ ഉണ്ടായിരിക്കുന്നത്.