അടുക്കളയിൽ ആരും ശ്രദ്ധിക്കാതെ കിടന്നൊരു പാത്രം, ലേലത്തിൽ കിട്ടിയത് 13 കോടിക്ക് മുകളിൽ...
ക്വിയാൻലോംഗ് കാലഘട്ടത്തെ (1736-1795) അടയാളപ്പെടുത്തുന്ന ആറ് ചിഹ്നങ്ങൾ പാത്രത്തിലുണ്ടായിരുന്നു. ഇതിന്റെ നീലനിറത്തെ 'സാക്രിഫൈസ് ബ്ലൂ' എന്നും വിളിക്കാറുണ്ട്.
1980 -കളിൽ വളരെ ചെറിയ തുകയ്ക്ക് വാങ്ങിയ ഒരു ചൈനീസ് പാത്രം (Chinese vase) ഇപ്പോൾ ലേലത്തിൽ വിറ്റത് ഏകദേശം 13 കോടിക്ക് മുകളിൽ രൂപയ്ക്ക്. ഒരു അടുക്കളയിൽ സൂക്ഷിച്ച, പതിനെട്ടാം നൂറ്റാണ്ടിൽ നിന്നുമുള്ള ഈ പാത്രം £1,449,000 -നാണ് ഇപ്പോൾ വിറ്റിരിക്കുന്നത്.
രണ്ടടി ഉയരം വരുന്ന തിളങ്ങുന്ന നീല നിറത്തിലുള്ള ഈ പാത്രം ക്വിയാൻലോംഗ് (Qianlong) ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് കരുതുന്നു. ഒരു കോടിയോ ഒന്നരക്കോടിയോ വില കിട്ടിയേക്കാം എന്ന് കരുതിയ പാത്രമാണ് 13 കോടിക്ക് വിറ്റിരിക്കുന്നത്. ഒരു സർജന്റെ ഉടമസ്ഥതയിലായിരുന്നു ഈ പാത്രം ഉണ്ടായിരുന്നത്. അതയാൾ തന്റെ മകന് കൊടുത്തു. എന്നാൽ, മകന് ഇതിന്റെ പ്രാധാന്യത്തെ കുറിച്ചോ, പഴക്കത്തെ കുറിച്ചോ, വിലയെ കുറിച്ചോ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.
ബെർക്ക്‌ഷയർ ആസ്ഥാനമായുള്ള ഡ്രെവീറ്റ്‌സ് ലേലക്കാർ പറയുന്നത്, ഒരു പുരാവസ്തു വിദഗ്ദ്ധൻ പരിശോധിക്കുന്നത് വരെ ഇതിന്റെ മൂല്യമോ വിലയോ ചരിത്രപ്രാധാന്യമോ ആർക്കും മനസിലായിരുന്നില്ല എന്നാണ്. ടെലഫോണിലൂടെയാണ് വിൽപന നടന്നത്. ഒരു ഇന്റർനാഷണൽ ബയറാണ് ഇത് വാങ്ങിയിരിക്കുന്നത്.
ലേലസ്ഥാപനത്തിൽ നിന്നുള്ള മാർക്ക് ന്യൂസ്റ്റെഡ് പറഞ്ഞു: "ലേലത്തിന് കിട്ടിയിരിക്കുന്ന ഈ അസാധാരണമായ ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ചൈന, ഹോങ്കോംഗ്, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നും ലേലത്തിൽ വ്യാപകമായ താൽപ്പര്യം പ്രകടിപ്പിച്ചതിനും ഞങ്ങൾ സാക്ഷികളായി. അതുകൊണ്ട് തന്നെ ലേലം മത്സരാധിഷ്ഠിതമായി തീർന്നു."
ക്വിയാൻലോംഗ് കാലഘട്ടത്തെ (1736-1795) അടയാളപ്പെടുത്തുന്ന ആറ് ചിഹ്നങ്ങൾ പാത്രത്തിലുണ്ടായിരുന്നു. ഇതിന്റെ നീലനിറത്തെ 'സാക്രിഫൈസ് ബ്ലൂ' എന്നും വിളിക്കാറുണ്ട്. ഇംപീരിയൽ അൾത്താർ ഓഫ് ഹെവനി(Imperial Altar of Heaven) -ൽ ഇത് ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നു.
നീലയും വെള്ളിനിറവും കലർന്ന ഇത്തരം പാത്രങ്ങൾ അപൂർവമാണ് എന്ന് ലേലക്കാർ പറയുന്നു. ഇതിൽ വരച്ചു ചേർത്തിരിക്കുന്ന കൊറ്റിയും വവ്വാലും ദീർഘായുസിന്റേയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് എന്ന് കരുതുന്നു.