കൊറോണാക്കാലത്ത് എന്‍റെ 'ദെയ്‍വ'ങ്ങള്‍ പറയുന്നത്, ഒരു സ്വപ്‍നവും കുറേ ഓര്‍മ്മകളും...
'ഈ കൊറോണക്കാലത്ത് അപകടത്തെ കുറിച്ച് ഏതെല്ലാം വഴിക്ക് നമ്മള്‍ മുന്നറിയിപ്പുനല്‍കി. എന്നിട്ടും ജനം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇപ്പോള്‍ ഞങ്ങളെ കാണണമെന്ന് പറഞ്ഞും വാശിപിടിക്കുന്നു. എന്തിനാണിതെല്ലാം. അവര്‍ക്ക് ദൈവത്തെ മനസ്സിലാകുന്നേയില്ലല്ലോ'
വീണ്ടും ഞാന്‍ അവിടെ എത്തി. മുച്ചിലോട്ടമ്മയുടെ മുന്നില്‍. ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍. ഒരിക്കല്‍ കൂടി അന്തിത്തിരി തെളിക്കാനായിരുന്നു നിയോഗം. അന്തിത്തിരിയനായ മീത്തലെ അച്ചാച്ചന്‍ കിടപ്പിലായേ പിന്നെ വര്‍ഷങ്ങളായി ഞാന്‍ തന്നെയാണ് അന്തിത്തിരിയുടെ മുട്ടുശാന്തി. പയ്യന്നൂരിൽ നിന്ന് ഏതോ മാറ്റിനി (അവിടെ മാറ്റിനി 1.30 മുതൽ 4.30 വരെയാണ്) സിനിമയും കണ്ട് തിരിച്ചെത്തിയതാണ്. സന്ധ്യയ്ക്ക് മുമ്പ് തിരക്കിട്ട് ഭണ്ഡാരപ്പുരയില്‍ എത്തി പടിഞ്ഞാറ്റിനിയിലെ പത്തായം തുറന്ന് ചങ്ങലാട്ട പുറത്തെടുത്തു. ചങ്ങലാട്ടയിലെ വെളിച്ചണ്ണക്കുഴിയില്‍ കന്നാസില്‍ നിന്ന് വെളിച്ചെണ്ണ പകര്‍ന്നു. വിളക്കുത്തിരിക്കായി ഒരു കഷ്ണം തുണിയുമെടുത്തു. വാതില് ചാരി ചങ്ങലാട്ടയുമെടുത്ത് പുറത്തിറങ്ങി.
പടികള്‍ കയറി മുച്ചിലോട്ടിന്‍റെ മതിലിനകത്തേക്ക് പ്രവേശിച്ചു. പടിപ്പുരയിലിരുന്നു. സ്ഥിരം പാട്ടുകളിലൊന്നായ ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു പാടിക്കൊണ്ട് വിളക്കുത്തിരി തെറുക്കാനാരംഭിച്ചു. ആ ലക്കം യുക്തിരേഖയിലെ രാജഗോപാല്‍ വാകത്താനത്തിന്‍റെ ലേഖനം ആവര്‍ത്തിച്ച് മനസ്സില്‍ വിശകലനം ചെയ്യുകയായിരുന്നു. കാക്കകള്‍ കൂട്ടിലേക്ക് മടങ്ങുന്നു. മുകളിലെ നാഗത്തില്‍ നിന്ന് സന്ധ്യാനാമം ജപിക്കുന്ന ചെറുകിളികള്‍. തണുത്ത കാറ്റുവീശി.
കള്ളിപ്പൂങ്കുയിലേ, ശ്രാവണം വന്നൂ, ദുഖമേ നിനക്ക് പുലര്‍കാല വന്ദനം തുടങ്ങി സ്ഥിരം പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. അപ്പോഴേക്കും തിരി തെറുത്തു കഴിഞ്ഞു. നേരെ പ്രധാനപള്ളിയറയ്ക്കടുത്തേക്ക് നീങ്ങി. പടികള്‍ കയറി മരച്ചുമരില്‍ കുത്തിയിട്ട വിളക്കുകളില്‍ തിരിയിട്ട് വെളിച്ചെണ്ണ പകര്‍ന്നു.
അപ്പോഴാണ് അപ്രതീക്ഷിതമായി ദൈവം സംസാരിച്ചുതുടങ്ങിയത്. മുച്ചിലോട്ട് ഭഗവതിയും കണ്ണങ്കാട്ട് ഭഗവതിയും ദൈവവും പുള്ളൂറാളിയും...
അപ്പുറത്തെ പള്ളിയറയില്‍ നിന്ന് പരദേവതയും എത്തിയിട്ടുണ്ട്.
'എന്താ നിനക്ക് നമ്മളെയൊക്കെ ഓര്‍മയുണ്ടോ'
ഞാനന്തിച്ച് നിന്നു.
'ഇവിടെ നിന്നാണ് നീ ദൈവത്തിനൊപ്പം ചേര്‍ന്നത്. ഇവിടെ നിന്ന് തന്നെ നീ നാസ്‍തികനുമായി. പിന്നെ എങ്ങോട്ടോ പോയി. ഞങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു.'
എന്റെ വഴികള്‍ അവര്‍ ഓര്‍ത്തുവയ്ക്കുന്നല്ലോയെന്ന സന്തോഷമായി എനിക്ക്.
'ഇക്കാലത്തിനിടയ്‌ക്കെന്തൊക്കെയുണ്ടായി. നിന്റെ ജീവിതവും എങ്ങനെയെല്ലാം മാറിമറിഞ്ഞു. ഒടുക്കം കൊറോണ വന്നു. ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് വരാതായി. അവസാനം, കഴിഞ്ഞ ദിവസം ചിലര്‍ വന്ന് അണുനശീകരണം നടത്തി. ഞങ്ങളുടെ വിഗ്രഹത്തെ കുളിപ്പിച്ചു. പണ്ട് നിങ്ങളൊക്കെ പൂരങ്കുളിക്ക് ചകിരിയും ഉമിയും കൊണ്ട് തേച്ച് വെളുപ്പിക്കുന്നതാണ് ഓര്‍മ വന്നത്. ഇപ്പോ ഇതാ പ്രാര്‍ത്ഥിക്കാന്‍ ആളുകളും വന്നുതുടങ്ങിയിരിക്കുന്നു. ഒന്നും ഒരുവഴിക്കാകാതെ എന്തിനാ ഇപ്പോള്‍ ഈ പുറപ്പാട്...'
'ഭരണകൂടമല്ലേ തീരുമാനിക്കുന്നത്. മാത്രമല്ല, വരുന്നവരൊക്കെ മാസ്‌കിടുമല്ലോ.'
'ഈ കൊറോണക്കാലത്ത് അപകടത്തെ കുറിച്ച് ഏതെല്ലാം വഴിക്ക് നമ്മള്‍ മുന്നറിയിപ്പുനല്‍കി. എന്നിട്ടും ജനം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇപ്പോള്‍ ഞങ്ങളെ കാണണമെന്ന് പറഞ്ഞും വാശിപിടിക്കുന്നു. എന്തിനാണിതെല്ലാം. അവര്‍ക്ക് ദൈവത്തെ മനസ്സിലാകുന്നേയില്ലല്ലോ'
'ജനമല്ല, പാര്‍ട്ടിക്കാരാണ്. ചിലര്‍ തുറക്കണമെന്ന് പറഞ്ഞും ചിലര്‍ തുറക്കണ്ടെന്ന് പറഞ്ഞു. വോട്ടല്ലേ വേണ്ടത്. തര്‍ക്കിച്ച് തര്‍ക്കിച്ച് വിശ്വാസികള്‍ അവര്‍ക്കൊപ്പം ചേരണം.'
അപ്പോഴേക്കും മാസ്‌കിട്ടുകൊണ്ട് സാമൂഹിക അകലം പാലിച്ച് രണ്ടുമൂന്ന് പേര്‍ പ്രാര്‍ത്ഥിക്കാനെത്തി. ഞാന്‍ അടുത്ത പള്ളിയറയിലേക്ക് ചങ്ങലാട്ടയുമായി പോയി. പരദേവത (വിഷ്ണുമൂര്‍ത്തി) യുടെ പള്ളിയറയ്ക്ക് മുന്നില്‍ എണ്ണത്തില്‍ കുറഞ്ഞ വിളക്കുകളില്‍ തിരിവച്ചുതുടങ്ങി. വിഷ്‍ണുമൂര്‍ത്തി മുച്ചിലോട്ട് ഭഗവതിയുടെ അടുത്തായിരുന്നതിനാല്‍ അവിടെ നിശ്ശബ്ദമായിരുന്നു. പ്രാര്‍ത്ഥിക്കാനെത്തിയവര്‍ പള്ളിയറകള്‍ക്ക് ചുറ്റും തൊഴുതുമടങ്ങി. ഞാന്‍ ചങ്ങലാട്ടയുമായി കിഴക്കേ പടിപ്പുരയിലെ വിളക്കിലും തിരിവച്ചു. അവസാനം തേങ്ങാക്കല്ലിനടുത്തെത്തുമ്പോഴേക്കുണ്ട് പള്ളിയറയില്‍ നിന്ന് ഭയങ്കര തര്‍ക്കം. ഞാന്‍ ഓടി അവിടെയെത്തി.
ദൈവങ്ങളഞ്ചും കനത്ത വാക് വാദത്തിലാണ്.
'പരീക്ഷയ്ക്ക് ജയിക്കാന്‍ പ്രാര്‍ത്ഥിച്ചത് കടവത്ത് വീട്ടിലെ കുട്ടിയാണ്.'
'അല്ല മഠത്തിലെ കുട്ടനാണ്. കടവത്ത് വീട്ടിലെ കുട്ടി കല്യാണം നടക്കണേന്നാണ് പ്രാര്‍ത്ഥിച്ചത്. '
'അയ്യോ അങ്ങനെയല്ല. വാഴവളപ്പിലെ അമ്മമ്മയാണ് അവരുടെ മകളുടെ കല്യാണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് എന്ന് കരുതി ആ അനുഗ്രഹം ഞാന്‍ കൊടുത്തുകഴിഞ്ഞു. മഠത്തിലെ കുട്ടന് എസ്എസ്എല്‍സി ജയിക്കാനും കടവത്തെ വീട്ടിലെ കുട്ടിയുടെ കല്യാണം നടക്കാനും അനുഗ്രഹിച്ചു.'
'എന്നാലീ പറഞ്ഞവരൊന്നുമല്ല ആ പ്രാര്‍ത്ഥനകള്‍ നടത്തിയത്.'
'വായ് മൂടിക്കെട്ടിയതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റിയില്ല. പ്രാര്‍ത്ഥനകള്‍ മാത്രം കേട്ടു. എല്ലാം മാറിപ്പോയി. ഇനിയിപ്പോ എന്തുചെയ്യും.' ദൈവത്തിനും നിസ്സഹായതയോ? ഒന്നും മനസ്സിലാകാതെ ഞാന്‍ അല്‍ഭുതത്തോടെ നിന്നു. ഇതിനൊരു പരിഹാരമില്ലേ ദൈവങ്ങളേ എന്ന ചോദ്യമുയര്‍ത്തി.
'ഇതുകൊണ്ടാണ് ഞങ്ങള്‍ നേരത്തെ പറഞ്ഞത് കൊറോണ തീര്‍ന്നിട്ട് മതി ആരാധനാലയങ്ങള്‍ തുറക്കുന്നത് എന്ന്. ഞങ്ങള്‍ ദൈവങ്ങളല്ലേ. മനുഷ്യനിങ്ങനെ മാസ്‌കിട്ട് വന്നാല്‍ ഞങ്ങളാര്‍ക്കെന്ന് വച്ചാ അനുഗ്രഹം കൊടുക്കുക. ആളെ തിരിച്ചറിയണ്ടേ. പരീക്ഷ ജയിക്കാന്‍ പ്രാര്‍ത്ഥിച്ച കുട്ടിക്ക് കല്യാണം നടത്താനും കല്യാണം നടക്കണമെന്ന് പറഞ്ഞ കുട്ടി പരീക്ഷ പാസ്സാകാനുമാണ് അനുഗ്രഹിച്ചത്. മാസ്‌കുണ്ടാക്കുന്ന കുഴപ്പങ്ങളല്ലേ, ഇതെല്ലാം. ഇനിയീ ജീവിതപ്പരീക്ഷ ജയിച്ചിട്ട് അമ്പലത്തിലേക്ക് വന്നാ മതി നിങ്ങളൊക്കെ. '
അപ്പോഴേക്കും എനിക്ക് വിളക്കുവയ്ക്കാനുള്ള നേരമായി. ഞാന്‍ വിളക്കെടുത്ത് ആദ്യതിരികൊളുത്തിയതും എന്റെ കൈപൊള്ളി. തീ പൊള്ളിയ കൈയുമായി ഞാന്‍ ഞെട്ടി. ഞെട്ടല്‍ ഉറക്കത്തില്‍ നിന്നായിരുന്നു. ഗാഢമായ ഉറക്കത്തില്‍ ഞാന്‍ കണ്ട സ്വപ്‌നമായിരുന്നു അതെല്ലാം. ഭൂതകാലത്തേലേക്കുള്ള ഒരു സുവര്‍ണയാത്ര. അപ്പോഴേക്കും ഭാര്യയും ഉറക്കമറിഞ്ഞു.
സ്വപ്‌നം കണ്ട കാര്യം ഞാന്‍ സൗമ്യയോട് പറഞ്ഞു.
'അതെന്ത് സ്വപ്‍നം. പഴയ കാര്യമൊക്കെ ഓര്‍ത്തുകിടന്നോണ്ടാ. പ്ള്ളറൊണരണ്ട. മ്ണ്ടാണ്ട് കെടന്നോ.' നോക്കുമ്പോള്‍ തേജൂട്ടിയും തേനൂട്ടിയും ഗാഢനിദ്രയില്‍. വീണ്ടും എപ്പഴോ വരാനിരിക്കുന്ന ആ ഉറക്കത്തെ കാത്ത് ഞാന്‍ കണ്ണടച്ചു കിടന്നു.
(ഫോട്ടോ. ഒന്ന്: മുച്ചിലോട്ട് ക്ഷേത്രത്തിന്റെ ഇന്നത്തെ ഫോട്ടോ, പൊലീസുകാരന്‍ കെവി സുരേശന്‍ അയച്ചുതന്നത്. രണ്ടും മൂന്നും പഴയ ഫോട്ടോ. മുച്ചിലോട്ട് നടയില്‍ അച്ഛന്റെ ആവശ്യപ്രകാരം കല്യാണം കഴിഞ്ഞ ദിവസം പോയപ്പോള്‍ എടുത്തത്. യാദൃച്ഛികമായി അന്ന് അവിടെ ഒരു ചൊവ്വാവിളക്കുണ്ടായിരുന്നു. ദൈവങ്ങള്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു. ആ മതിലിന് പിന്നിലാണ് ഞാന്‍ വളര്‍ന്ന വീട്.)