അങ്ങനെ ഞാന്‍ സാന്റയായി; ആരോരുമില്ലാത്ത ഒരു ക്രിസ്തുമസ് നാള്‍ ആഘോഷമായി മാറിയ കഥ

അവള്‍ക്കു ക്രിസ്തുമസിനുള്ള പൈസ കൊടുക്കാനായി അകത്തേക്ക് പോയപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ഇവളുടെ കൂടെ വീട്ടില്‍ പോയാലോ. അവരുടെ കൂടെ ഒരു വ്യത്യസ്തമായൊന്നു ക്രിസ്തുമസ് ആഘോഷിച്ചാലോ എന്ന്.

Memory of an unusual Christmas day by Asha Rose Shyju

കുട്ടികളെല്ലാം പലയിടങ്ങളില്‍ താമസമാക്കിയപ്പോള്‍, വിദേശത്തു ക്രിസ്തുമസ് വൈബ് ഇവിടത്തെക്കാള്‍ ഗംഭീരമാണെന്ന് തോന്നിയപ്പോള്‍, ഭര്‍ത്താവിന് സ്‌കൂളിലെ കൂട്ടുകാരുമൊത്തു ടൂര്‍ പോകാനാണ് തോന്നിയത്. എന്തായാലും അക്കൊല്ലം ഞാന്‍ ക്രിസ്തുമസ്സിന് ഒറ്റക്കായി. അടുക്കളയില്‍ പലവിധ കറികളും, പലഹാരങ്ങളിലും വ്യാപൃത ആവേണ്ട ഞാന്‍ ചടഞ്ഞു കൂടി സെറ്റിയുടെ ഒരു മൂലയില്‍ ആ വലിയ വീടിന്റെ ശൂന്യത നോക്കി വെറുതെയിരുന്നു. ക്രിസ്തുമസ്സിനായി ഒരുക്കിയ വൈനും, കേക്കും എല്ലാം എന്നെ നോക്കി ഇളിക്കുന്നത് പോലെ എനിക്ക് തോന്നി. പണിയെല്ലാം കഴിഞ്ഞു സൂസന്ന പോകാനുള്ള പുറപ്പാടിലാണ്. അവളെന്റെ സഹായിയാണ് പതിനെട്ടു കൊല്ലമായി എന്റെ സന്തോഷവും, സങ്കടങ്ങളും നോക്കി കാണുന്ന മൂകസാക്ഷി.

'എല്ലാം ഫ്രിഡ്ജിലേക്ക് എടുത്തു വച്ചിട്ടുണ്ട്. ചേച്ചി കഴിച്ചേക്കണേ' എന്ന് പറഞ്ഞ് അവള്‍ ഇറങ്ങാന്‍ തുടങ്ങി. ഏകാന്തത പണ്ടേ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും ആഘോഷവേളകളില്‍ ഏകാന്തത ഒരു മടുപ്പാണ്. പള്ളിയും പാതിരാ കുര്‍ബാനയുമൊക്കെ പണ്ടേ നിര്‍ത്തിയതാണ്. സൂസന്ന ഇനി വീട്ടില്‍ എത്തിയിട്ട് വേണം എല്ലാം വച്ചുണ്ടാക്കാന്‍. ഭര്‍ത്താവ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്ക് പോകാതെയായി. സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളും, ഭര്‍ത്താവും, കുടുംബവും അവളുടെ മാത്രം ഉത്തരവാദിത്തമായി.പാവം!

അവള്‍ക്കു ക്രിസ്തുമസിനുള്ള പൈസ കൊടുക്കാനായി അകത്തേക്ക് പോയപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ഇവളുടെ കൂടെ വീട്ടില്‍ പോയാലോ. അവരുടെ കൂടെ ഒരു വ്യത്യസ്തമായൊന്നു ക്രിസ്തുമസ് ആഘോഷിച്ചാലോ എന്ന്.

പൈസ കൊടുക്കുന്നതിനു പകരം 'ഞാനും വരുന്നു നിന്റെ കൂടെ' എന്ന് പറഞ്ഞപ്പോള്‍ സുസന്ന ഒന്ന് ഞെട്ടിയോ? കേക്കുകള്‍ എല്ലാം എടുത്തു. വൈനും എടുത്തു സുസന്നയുടെ കയ്യില്‍ കൊടുത്തു. കാറിന്റെ താക്കോലുമായി 'വാ പോകാം' എന്ന് പറഞ്ഞപ്പോള്‍ സുസന്ന പറഞ്ഞു. 'അയ്യോ ചേച്ചി അവിടെ ഒന്നും വച്ചിട്ടില്ല. ഞാന്‍ പോയിട്ട് വേണം എന്തേലുമൊക്കെ ഉണ്ടാക്കാന്‍. ആദ്യം എല്ലാം പോയി വാങ്ങി പിന്നെ അതുണ്ടാക്കി വരുമ്പോഴേക്കും സമയം ഒത്തിരി ആകും.'


'നീ കാറിലോട്ട് കേറ്, നമുക്ക് വഴി ഉണ്ടാക്കാം.'

കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അവളല്‍പം മടിച്ചു. സീറ്റിന്റെ മുന്നിലേക്ക് കേറി ഇരുന്നു ഇരുന്നില്ല എന്ന മട്ടില്‍ ഇരുന്ന അവളെ ഇറക്കിയിരുത്തി ഞാന്‍ സീറ്റ് ബെല്‍റ്റൊക്കെ ഇടീച്ചു. കുറച്ചു ഡ്രൈവ് പോയപ്പോഴേക്ക് അവള്‍ കുറച്ചു കംഫര്‍ട്ടബിള്‍ ആയതു പോലെ തോന്നി.

കാര്‍ ഒരു വലിയ തുണിക്കടയിലേക്ക് കേറിയപ്പോള്‍ അവള്‍ പറഞ്ഞു 'അയ്യോ എന്റെ വസ്ത്രമൊക്കെ അഴുക്കാണ്. എനിക്കിവിടെ ഇറങ്ങാന്‍ പറ്റില്ല.'

'ഇപ്പോള്‍ ആളൊക്കെ കുറവാണ്. അടക്കാറായില്ലേ നീ ഇറങ്ങൂ. 'എന്ന് പറഞ്ഞു അവളെ നിര്‍ബന്ധിച്ചു ഇറക്കി. അവള്‍ക്കും കുട്ടികള്‍ക്കും ഭര്‍ത്താവിനും ഡ്രസ്സൊക്കെ എടുക്കാന്‍ പറഞ്ഞപ്പോള്‍ അവളാകെ വികാരഭരിതയായി.

'ചേച്ചി തന്ന പഴയ ഉടുപ്പുകള്‍ എല്ലാം ഉണ്ട്. ഇനീപ്പോ വേണ്ട' എന്ന അവളുടെ വാക്കുകള്‍ വകവെക്കാതെ അവളെക്കൊണ്ട് സൈസൊക്കെ ചോദിച്ച് എല്ലാവര്‍ക്കും രണ്ടു ജോഡി ഡ്രസ്സുകള്‍ വീതം എടുത്തു. പിന്നെ ബെഡ് ഷീറ്റ്, തോര്‍ത്ത് എന്നിവയും വാങ്ങി. സംതൃപ്തിയുടെ ഒരു ചിരി അവളില്‍ നിറഞ്ഞു നിന്നു. കാഷ് കൗണ്ടറില്‍ പൈസ കൊടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു 'ആദ്യമായാണ് വില നോക്കാതെ ഡ്രസ് എടുക്കുന്നത്. ഞങ്ങളൊക്കെ ആദ്യം വിലയാണ് നോക്കുക'- അത് പറയുമ്പോള്‍ അവളുടെ മുഖത്തൊരു അഭിമാനം വിരിഞ്ഞു.

അവളുടെ വീടിന്റെ മുന്നില്‍ കാറു നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ ഓടി വന്നു. എന്നെ കണ്ടപ്പോള്‍ ഇച്ചിരെ പുറകോട്ടു മാറി നാണിച്ചു നിന്നു. ഞാന്‍ കൊടുത്ത പഴയ നക്ഷത്രം അവരുടെ വീട്ടില്‍ കൂടുതല്‍ തിളക്കത്തോടെ കത്തി നില്‍ക്കുന്നു. ഒരു കുഞ്ഞു പുല്‍ക്കൂടും നല്ല ഭംഗിയായി അവര്‍ ഒരുക്കിയിരുന്നു.

കേക്കും, അവരുടെ പുതിയ ഉടുപ്പുകളുമൊക്കെ അവര്‍ക്കു കൈമാറിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം വാക്കുകളില്‍ വര്‍ണ്ണിക്കാനാവില്ല. കുട്ടികളുടെ പഴയ ഉടുപ്പുകള്‍ ഞാന്‍ കൊടുത്തത് കഴുകി തേച്ചു പള്ളിയില്‍ പോകാനായി അവിടെ വിരിച്ചിട്ടുണ്ട്. പുതിയ ഉടുപ്പുകള്‍ കണ്ടപ്പോള്‍ 'അമ്മേ ഞങ്ങള്‍ ഇതിട്ടോട്ടെ' എന്ന് രണ്ടാളും ചോദിക്കുന്നുണ്ട്. ഇട്ടോളാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവരൊന്നു നാണിച്ചു അകത്തേക്കോടി.

അവരെയും കൂട്ടി ടൗണിലൂടെ ഒരു ഡ്രൈവ് പോയി. ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞ ടൗണ്‍ നോക്കി കാണാന്‍ കുട്ടികള്‍ രണ്ടു പേരും മത്സരിച്ചു. സുസന്നയുടെ ഭര്‍ത്താവും വളരെ നാളുകള്‍ക്കു ശേഷം പുറത്തിറങ്ങുകയായിരുന്നു. കുട്ടികള്‍ സന്തോഷിക്കുന്നത് കണ്ടു അദ്ദേഹത്തിനും, സൂസന്നക്കും കണ്ണുകള്‍ നിറഞ്ഞു.

'കഴിഞ്ഞ കൊല്ലം അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് വിരുന്നു പോയപ്പോഴാണ് ഇവര്‍ അവസാനമായി കാറില്‍ കയറിയത്'-സുസന്ന കണ്ണുകള്‍ തുടച്ചു കൊണ്ടു പറഞ്ഞു. 


ഒരു വലിയ ഹോട്ടലില്‍ ബുഫെ ഡിന്നര്‍ കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവര്‍ക്കെല്ലാം ഒരു സങ്കോചമായിരുന്നു.എന്നാല്‍ പിന്നീട് പിള്ളേര്‍ ഉഷാറായി. ബുഫെ ഇങ്ങിനെ ആസ്വദിച്ചു വിളമ്പി എടുത്തു കഴിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. സാധാരണ നമ്മള്‍ ബുഫെ പോയാല്‍ നഷ്ടമാണ് എന്നാണ് ഭര്‍ത്താവ് പറയാറ്. ഒന്നോ രണ്ടോ പതിവ് വിഭവങ്ങളില്‍ നമ്മള്‍ ഒതുക്കാറുണ്ട്.ഇവരുടെ ആവേശവും, സംതൃപ്തിയും നമുക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലായിരുന്നു.

അവരുടെ കൂടെത്തന്നെ പാതിരാകുര്‍ബാന കണ്ടു. ഉണ്ണീശോക്ക് കൂടുതല്‍ മിഴിവുള്ളതായി തോന്നി. ആദ്യമായി കണ്ണടച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ കണ്ണിലൂടെ എന്തുകൊണ്ടോ കണ്ണീര്‍ പ്രവാഹമായിരുന്നു. ഇത്തരമൊരു സംതൃപ്ത ക്രിസ്തുമസ് ആഘോഷിക്കാന്‍ എന്നെ തനിയെ വിട്ട പ്രിയപ്പെട്ടവരോട് എനിക്ക് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി.

തിരിച്ചു സുസന്നയുടെ വീട്ടില്‍ തന്നെ ഞങ്ങള്‍ എല്ലാ വിഭവങ്ങളും ഉണ്ടാക്കി. മട്ടന്‍ എന്നതൊക്കെ അവര്‍ക്കു ഒരു കിട്ടാക്കനി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ മട്ടനും, ബീഫും, ചിക്കനും, മീനും എല്ലാം വാങ്ങിച്ചു ഞങ്ങള്‍ ക്രിസ്തുമസ് മറക്കാനാവാത്ത അനുഭവമാക്കി. പലപ്പോഴും സന്തോഷം കൊണ്ടു സുസന്നയുടെ കണ്ണുകള്‍ നിറഞ്ഞു.

'ഞങ്ങളെ ആരും ഇങ്ങിനെ സ്‌നേഹിച്ചിട്ടില്ല ചേച്ചി, ഇതുപോലൊരു ക്രിസ്തുമസ് ഞങ്ങള്‍ ഒരിക്കലും ആഘോഷിച്ചിട്ടുമില്ല.'-

'ഞാനും'-ഞാന്‍ പറഞ്ഞു.

അതെ, അത് സത്യമായിരുന്നു. വെളുക്കുവോളം അടുക്കളയില്‍ എന്ത് തന്നെ പാചകം ചെയ്തുണ്ടാക്കിയാലും സംതൃപ്തി എന്നൊരു സംഭവം ഞാന്‍ എന്റെ വീട്ടില്‍ ആരിലും കണ്ടിരുന്നില്ല. ഫോണില്‍ നോക്കി ഭക്ഷണം കഴിക്കുന്ന മക്കളോട് 'എങ്ങിനെയുണ്ടെടാ' എന്ന് ചോദിച്ചാല്‍ 'കൊള്ളാം' എന്നൊരു ഉഴപ്പന്‍ മറുപടിയാണ് കിട്ടുക. ഭര്‍ത്താവിനാണേല്‍ 'മീന്‍ പറ്റിച്ചു വെക്കാമായിരുന്നു, ബീഫ് കുറച്ചുകൂടെ വേവിക്കാമായിരുന്നു, പോര്‍ക്ക് വരണ്ടില്ല'-ഇങ്ങിനെ നീണ്ട പരാതികളാകും.

അത്രക്കും സംതൃപ്തി തോന്നിയ ഒരു ക്രിസ്തുമസ് അതിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. അവരുടെ സാന്റയായി ഞാന്‍ നിറഞ്ഞാടിയപ്പോള്‍ ഒരു പൊന്‍ പുതുവര്‍ഷം പിറക്കുകയായിരുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios