പോയിപ്പറയാന്‍ ആരും ഇല്ലാത്ത ഒഴിഞ്ഞ വീടുപോലെ എന്റെ പാടങ്ങള്‍, ചുറ്റുമുള്ള ജീവിതങ്ങള്‍

പാടത്തിനപ്പുറത്തെ ഞങ്ങള്‍ കളിക്കുകയും വൈക്കോലുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്ന പാറക്കെട്ട് ഇപ്പോള്‍ തുരന്നുതുരന്ന് വലിയ കുളമായി. വര്‍ഷാവര്‍ഷം ചെളി പൊത്തി സംരക്ഷിച്ചിരുന്ന വരമ്പുകളുടെ വീതി കുറഞ്ഞു.

memory of a rural paddy field in Kerala by Vidya Poovanchery

എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും നെല്ലുണ്ടാക്കുന്നത് മുടക്കാറില്ലായിരുന്നു. നിലമുഴലും ഞാറു പാവലും വരമ്പ് മാടലും ഞാറു പറിക്കലും നടലും ഒക്കെയായിട്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷമായിരിക്കും. പാടം ഊര്‍ന്ന് മറിക്കുന്ന അന്ന് വീട്ടിലെ കന്നുകളെക്കൂടാതെ വേറെയും രണ്ടോ മൂന്നോ ജോഡി കന്നുകളുണ്ടായിരിക്കും. 

 

memory of a rural paddy field in Kerala by Vidya Poovanchery

 

കൃഷിയെ മാത്രം ആശ്രയിച്ചുള്ള ജീവിതമായിരുന്നു എന്റെ വീട്ടിലേത്. നെല്ല്, വാഴ, കപ്പ, തെങ്ങ്, കുരുമുളക്, കവുങ്ങ് അങ്ങനെയങ്ങനെ. 

അച്ഛന്‍ കന്നുപൂട്ടുകാരനായിരുന്നു. സ്വന്തമായി ഒരു ജോഡി കന്നുകള്‍. അവ ഓര്‍മ്മവെച്ച നാള്‍മുതല്‍ വീട്ടിലെ അംഗങ്ങളാണ്. തൊട്ടും തലോടിയും കുളിപ്പിച്ചും തീറ്റ കൊടുത്തും അവയ്ക്കുള്ള മൂക്കുകയര്‍, കഴുത്തില്‍ ചുറ്റുന്ന വടം എന്നിവ കളറുള്ള പ്ലാസ്റ്റിക് നൂലുകള്‍ കൊണ്ട് മെടഞ്ഞുണ്ടാക്കിയും കന്നുകളെ സ്‌നേഹിക്കുന്ന അച്ഛന്റെ ലോകം വളരെ മനോഹരമായിരുന്നു. 

എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും നെല്ലുണ്ടാക്കുന്നത് മുടക്കാറില്ലായിരുന്നു. നിലമുഴലും ഞാറു പാവലും വരമ്പ് മാടലും ഞാറു പറിക്കലും നടലും ഒക്കെയായിട്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷമായിരിക്കും. പാടം ഊര്‍ന്ന് മറിക്കുന്ന അന്ന് വീട്ടിലെ കന്നുകളെക്കൂടാതെ വേറെയും രണ്ടോ മൂന്നോ ജോഡി കന്നുകളുണ്ടായിരിക്കും. 

സ്‌കൂളില്‍ പോവില്ല എന്ന് ഞങ്ങള്‍ കുട്ടികള്‍ അമ്മയോട് നേരത്തെ പറഞ്ഞിട്ടുണ്ടാവും. അച്ഛന്റെ കൂടെ പാടത്തിറങ്ങാനും ചെളിയിലൂടെ നടക്കാനും കന്നുകളെ നോക്കാനും കട്ടന്‍ചായ കൊണ്ടോയിക്കൊടുക്കാനുമെല്ലാം വലിയ ഉത്സാഹമായിരിക്കും. നല്ല കുട്ടി ആവുന്നത് വേറൊന്നിനുമല്ല. കന്നുകളെ മരപ്പലക വെച്ച് പായിക്കുമ്പോള്‍ ഒന്നതില്‍ കയറാന്‍. അവസാനമാവുമ്പോഴാണ് പലക വെച്ചുള്ള പൂട്ടല്‍. അതുവരെ കരി വെച്ചായിരിക്കും. എല്ലാ ജോഡികളും വരിവരിയായി ഓടുമ്പോള്‍ വീട്ടിലെ കന്നുകളുടെ പലകമേല്‍ ഒരു റൗണ്ട് എന്നെയും കയറ്റും. അതുപോലെ അനിയനെയും. 

അന്നാണ് വീട്ടില്‍ വലിയ മീന്‍കഷണങ്ങളിട്ട് മീന്‍കറി വെയ്ക്കുക. അന്നത്തെ കറിയ്ക്ക് വേറൊരു രുചിയാണ്. പണിക്കാരും ഉഴാന്‍ വന്ന അച്ഛന്റെ കൂട്ടുകാരും ഞങ്ങള്‍ കുട്ടികളുമൊക്കെയായിട്ട് വീട് നിറയെ ആളുകള്‍. ഒച്ചകള്‍. വര്‍ത്തമാനങ്ങള്‍. നാട്ടുമ്പുറ തമാശകള്‍. അച്ഛന്‍ നല്ലോണം തമാശ പറയും. എന്തു കാര്യം പറയുമ്പോഴും അച്ഛന്‍ ഉദാഹരണസഹിതം പറയുന്നതുകേള്‍ക്കാന്‍ വലിയ രസമാണ്. അന്നതിന്റെ ഊക്ക് കൂടും.

ഞാനെഴുതുന്ന കവിതകളുടെ പരിസരം എന്റെ വീടുതന്നെയാണ്. വയലാണ്. വരമ്പുകളാണ്. ഇരുട്ടുള്ള ഇടവഴികളാണ്. അച്ഛമ്മയാണ്. പാമ്പുകളും പുറ്റുകളും പനയും പെരുച്ചാഴിയും ചുടലയുമൊക്കെയാണ്. ഇന്ന് പാടത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടു. സ്വത്ത് ഭാഗം വെച്ചപ്പോള്‍ അവയെ പലതായി മുറിച്ചു. അതില്‍ കവുങ്ങും തെങ്ങും നിറഞ്ഞു. തൊട്ടപ്പുറത്തു വിശാലമായി ഹെക്ടറുകളോളം കിടന്നിരുന്ന മനയ്ക്കലെ പാടങ്ങളും കവുങ്ങുകള്‍ക്ക് വഴിമാറിക്കൊടുത്തു. 

ചുറ്റും തണലായതു കാരണം അച്ഛനിപ്പോള്‍ നെല്ലുണ്ടാക്കാന്‍ കഴിയാറില്ല. കഴിഞ്ഞ വര്‍ഷം അച്ഛനും കവുങ്ങു വെച്ചു. പാടത്തിനപ്പുറത്തെ ഞങ്ങള്‍ കളിക്കുകയും വൈക്കോലുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്ന പാറക്കെട്ട് ഇപ്പോള്‍ തുരന്നുതുരന്ന് വലിയ കുളമായി. വരമ്പിലൂടെ ഞണ്ടിനെ പിടിച്ചു നടന്നിരുന്ന മുണ്ടി ഒരു സുപ്രഭാതത്തില്‍ ആ കുളത്തില്‍ മുങ്ങിമരിച്ചു. വര്‍ഷാവര്‍ഷം ചെളി പൊത്തി സംരക്ഷിച്ചിരുന്ന വരമ്പുകളുടെ വീതി കുറഞ്ഞു. ആറ്റിന്‍കലായകളും ചാലുകളും കണ്ടാല്‍ തിരിച്ചറിയാത്തവിധം  മാറി. പടിയ്ക്കല്‍ നിന്നിരുന്ന പവിഴമല്ലി ആരോ മുറിച്ചു. കുളിച്ചിരുന്ന കുളം ഉപയോഗിക്കാനാവാത്തവിധം തൂര്‍ന്നു.

എന്റേതായിരുന്ന എല്ലാത്തിനെയും വീണ്ടും വീണ്ടും ശ്വസിക്കാന്‍ പാടത്തേക്കിറങ്ങുന്ന  ഞാന്‍ ഓരോ വട്ടവും കൂടുതല്‍ കൂടുതല്‍  അനാഥയായി. ഉഴാനായി തിരഞ്ഞെടുത്ത പാടത്തെ ഉഴവുചാലുകള്‍ എന്നെ കബളിപ്പിച്ചുകൊണ്ട് നീണ്ടുനീണ്ടു പോയി. എത്ര ഉഴുതിട്ടും അറ്റം കാണാതെ ഞാന്‍ കുഴങ്ങി. ഇരുന്നു. വെള്ളം കുടിച്ചു. പിന്നെയും ഉഴുതു.

ഏതൊക്കെയോ നാട്ടില്‍ നിന്ന് നെല്‍വിത്തുകളന്വേഷിച്ചു പടി കയറി വന്നവര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. മച്ച് ഒഴിഞ്ഞുകിടന്നു. തട്ടിന്‍ മുകളില്‍ നെല്ലുണക്കുന്നിടത്തെ എലിശല്യം കുറഞ്ഞു. അച്ഛമ്മ മരിച്ചു. കന്നുകളൊഴിഞ്ഞ തൊഴുത്ത് കാണാന്‍ വയ്യാതായി.

പഴയ വീട്ടില്‍ നിന്ന് അച്ഛനുമമ്മയും സഹോദരങ്ങളും പുതിയ വീടുവെച്ചു താമസം മാറി. മച്ചിലപ്പോഴും വിളക്ക് കത്തി നിന്നു. എന്തുതന്നെയായാലും ആ പതിവ് അമ്മ മുടക്കിയില്ല. ഭഗവതിയെ തള്ളിപ്പറഞ്ഞില്ല. കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ടി അമ്മയാ മച്ച് സംരക്ഷിച്ചുപോന്നു.  ഞാനും ഒടുക്കത്തെ ആശ്രയമെന്ന നിലയില്‍ ആ ഉമ്മറപ്പടിയില്‍ തങ്ങിനിന്നു. 

തൊടിയില്‍ റബ്ബര്‍മരങ്ങള്‍ നിറഞ്ഞു. എന്റെ ലോകത്ത് ഞാന്‍ മാത്രമായി.

അകാരണമായ ദുഃഖം ഒരിക്കലും ഒഴിഞ്ഞുപോകാത്ത തരത്തില്‍ എന്നെ വന്നു പൊതിഞ്ഞു. കവിതകള്‍ സങ്കടങ്ങളുടേതു മാത്രമായി. പോയിപ്പറയാന്‍ ആരും ഇല്ലാത്ത ഒഴിഞ്ഞ വീടുപോലെയായി പാടങ്ങള്‍. ഇപ്പോള്‍ എന്റെ കൈയില്‍ ബാക്കിയുള്ളത് അവിടെനിന്നും വീണുകിട്ടിയ കുറേ അവ്യക്തബിംബങ്ങളാണ്. ഒരിക്കല്‍, അവയും  കൈവെടിയുന്നിടത്തു വെച്ച് എന്റെ കവിത അവസാനിക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios